ചെന്നൈ: ഭീഷണിപ്പെടുത്തിയെന്ന നടി അമല പോളിന്റെ പരാതിയില്‍ മുന്‍ കാമുകനും ഗായകനുമായ ഭവ്നിന്ദര് സിങ് അറസ്റ്റില്‍. വില്ലുപുരം ജില്ലാ ക്രൈം ബ്രാഞ്ച് പോലീസിന് നടി നല്കിയ പരാതിയിലാണ് ഭവ്നിന്ദറിനെ പോലീസ് അറസ്റ്റ് ചെയ്തത്.
അമലയും ഭവ്നിന്ദറും സിനിമാ ബിസിനസിനായി ഒരു സ്ഥാപനം നടത്തിയിരുന്നു. എന്നാല്‍ തന്റെ പണവും സ്വത്തും ദുരുപയോഗം ചെയ്തത് ഭവ്നിന്ദര് തന്നെ മാനസികവും സാമ്പത്തികവുമായി സമ്മര്‍ദ്ദത്തിലാക്കിയെന്ന് അമല പോള്‍ പറയുന്നു. ഫോട്ടോഷൂട്ടിനെടുത്ത ചിത്രങ്ങള്‍ വിവാഹം കഴിഞ്ഞെന്ന രീതിയില്‍ പ്രചരിപ്പിച്ച്, തന്റെ അനുമതി ഇല്ലാതെ തെറ്റിദ്ധാരണ സൃഷ്ടിക്കാന്‍ ശ്രമം നടത്തിയതായും പരാതിയില്‍ പറയുന്നു.
2020 നവംബറില്‍ ഭവ്നിന്ദറിനെതിരെ നടി ചെന്നൈ ഹൈക്കോടതിയില്‍ മാനനഷ്ട കേസ് ഫയല്‍ ചെയ്തിരുന്നു. 2018 ല്‍ സ്വകാര്യമായി നടത്തിയ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങള്‍ വിവാഹം കഴിഞ്ഞെന്ന രീതിയില്‍ തെറ്റായി പ്രചരിപ്പിച്ചെന്നും മാനസിമായി പീഡിപ്പിച്ചെന്നുമായിരുന്നു പരാതി.
2020 മാര്‍ച്ചിലാണ് പരമ്പരാഗത രാജസ്ഥാനി വധൂവരന്മാരുടെ വേഷത്തില്‍ ഇരുവരും നില്ക്കുന്ന ചിത്രം ഭവ്നിന്ദര് സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്നത്. അമല വിവാഹിതയായെന്ന വാര്‍ത്ത പരന്നതോടെ. അവ ഫോട്ടോഷൂട്ടിന് എടുത്ത ചിത്രങ്ങളാണെന്ന് നടി വ്യക്തമാക്കി. തൊട്ടുപിന്നാലെ ഭവ്നിന്ദര് അവ നീക്കം ചെയ്തിരുന്നു. 2014 ല്‍ സംവിധായകന് എ.എല്‍. വിജയ്യെ വിവാഹം കഴിച്ച അമല 2017ല്‍ വിവാഹമോചനം നേടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: