ഓച്ചിറ: ഗണപതി വിഗ്രഹങ്ങളുടെ അപൂര്‍വ ശേഖരവുമായി തെക്ക്‌കൊച്ചുമുറി ഐക്യരവള്ളി ശ്രീ വൈശാഖത്ത് ഓച്ചിറ ശ്രീവര്‍ദ്ധന്‍. നേപ്പാളിലെ സാളഗ്രാമം മുതല്‍ കളിമണ്ണില്‍ നിര്‍മിച്ച ഗണപതി വിഗ്രഹങ്ങള്‍ വരെ ഇദ്ദേഹത്തിന്റെ വീട്ടിലുണ്ട്. തിരുപ്പതിയില്‍ നിന്നും മുളയിലുള്ളതും അസമില്‍ നിന്നും തേങ്ങയിലുള്ളതും തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ നിന്നും വാങ്ങിയതുമായ നിരവധി ഗണപതി വിഗ്രങ്ങള്‍ വീട്ടിലുണ്ട്.
വിപണിയില്‍ സുലഭമായി ലഭിക്കുന്നതും വളരെ വിലപിടിപ്പുള്ളതും അപൂര്‍വമായതും തങ്കം, മരതകം, സ്പടികം, ചന്ദനം, ഈട്ടി, മുള, നാളികേരം, പിത്തള, ഓട്, കളിമണ്ണ്, നവധാന്യങ്ങള്‍, പ്ലാസ്റ്റര്‍ ഓഫ് പാരീസ്, ചിപ്പികള്‍ അങ്ങനെ അനന്തമായി നീളുന്ന ഗണപതി വിഗ്രഹങ്ങളാണ് വീട്ടിലുള്ളത്.
വീട്ടില്‍ ലക്ഷ്മിവിളക്കിനു പകരം പലതരത്തിലുള്ള ഗണപതി വിളക്കുകളാണ് തൂക്കിയിരിക്കുന്നത്. എല്ലാ മാസവും വീട്ടില്‍ ഗണപതിഹോമവും എല്ലാ ഏകാദശിക്കും സുദര്‍ശനചക്രം വരച്ച് സുദര്‍ശന പൂജയും ദിവസവും സാളഗ്രാമപൂജയും സ്വന്തമായി നടത്തുന്നു.
വീട്ടില്‍ പ്രതിഷ്ഠിച്ചിട്ടുള്ള ഗണപതി വിഗ്രഹത്തിന്റെ മുമ്പില്‍ വിനായക ചതുര്‍ത്ഥി ദിവസം രാവിലെ ശ്രീവര്‍ദ്ധന്‍ അഷ്ട്ടദ്രവ്യ മഹാഗണപതി ഹോമം നടത്തും. സ്വാമി രഘുറാമില്‍ നിന്നും പഠിച്ച പൂജാ വിധികള്‍ അനുസരിച്ചാണ് പൂജകളെല്ലാം തന്നെ നടത്തുന്നത്. തികഞ്ഞ ഗണപതി ഭക്തരായ ഭാര്യ സൂര്യയും മകന്‍ വൈശാഖും സഹായത്തിനായി ഒപ്പമുണ്ട്.
ഓച്ചിറ സുനിൽ
പ്രതികരിക്കാൻ ഇവിടെ എഴുതുക: