തിരുവനന്തപുരം: ലോകായുക്തയുടെ അധികാരങ്ങള്‍ കവരാനുള്ള നിയമ ഭേദഗതി ബില്‍ നിയമസഭ പാസാക്കി. ബില്ലിന്റെ വോട്ടെടുപ്പിന് മുന്‍പ് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു. നിയമസഭയുടെ ചരിത്രത്തിലെ കറുത്ത ദിനമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് പ്രതികരിച്ചു. ഇതിന് കൂട്ടുനില്‍ക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. 1999 ലെ ലോകായുക്ത നിയമത്തിലെ 14ാം വകുപ്പു പ്രകാരം ലോകായുക്തയുടെ പ്രഖ്യാപനം അധികാരികള്‍ അതേപടി അംഗീകരിച്ച് കുറ്റക്കാരെന്നു കണ്ടെത്തുന്നവരെ അധികാര സ്ഥാനത്തുനിന്നു നീക്കണമെന്നാണ്. ബന്ധപ്പെട്ട അധികാരി 3 മാസത്തിനകം പ്രഖ്യാപനം തള്ളിയില്ലെങ്കില്‍ അത് അംഗീകരിച്ചതായി കണക്കാക്കും. എന്നാല്‍ ഈ നിയമം പ്രാബല്യത്തിലാകുന്നതോടെ ലോകായുക്തയുടെ ഈ അധികാരം ഇല്ലാതാകും. സര്‍ക്കാരിനു കുറ്റാരോപിതരുടെ ഹിയറിങ് നടത്തി 3 മാസത്തിനകം ലോകായുക്ത തീരുമാനം തള്ളുകയോ കൊള്ളുകയോ ചെയ്യാം. പ്രതിപക്ഷത്തിന്റെ എതിര്‍പ്പിനിടെ ബില്‍ പാസായെങ്കിലും ഗവര്‍ണര്‍ ഒപ്പിടുമോ എന്നുള്ളതാണ് ആകാംക്ഷ വര്‍ധിപ്പിക്കുന്ന വിഷയം.
അതേസമയം, സഭ അധികാരപ്പെടുത്താതെ പുതിയ ഭേദഗതി ചേര്‍ത്തത് ചട്ട വിരുദ്ധമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല സഭയില്‍ കുറ്റപ്പെടുത്തി. എന്നാല്‍ ബില്ലില്‍ സബ്ജക്ട് കമ്മിറ്റിക്ക് മാറ്റം വരുത്താം എന്ന് നിയമ മന്ത്രി പറഞ്ഞു. സഭക്കുള്ള അധികാരം സബ്ജക്ട് കമ്മിറ്റിക്കും ഉണ്ടെന്ന് പി രാജീവ് വ്യക്തമാക്കി. പ്രതിപക്ഷത്തിന്റെ ക്രമ പ്രശ്നം തള്ളി സ്പീക്കര്‍ റൂളിംഗ് നല്കി. ബില്ലില്‍ ഓപ്പണ്‍ ചെയ്യാത്ത മൂലനിയമത്തിലെ വകുപ്പുകള്‍ക്ക് സബ്ജക്ട് കമ്മിറ്റി തലത്തില്‍ ഭേദഗതി നിര്‍ദ്ദേശം വരുന്നതിലും സഭ അത് പരിഗണിക്കുന്നതിലും ഏതെങ്കിലും തരത്തിലുള്ള അപാകം ഉള്ളതായി കാണുന്നില്ല. മുമ്പ് പല സന്ദര്‍ഭങ്ങളിലും ഈ രീതി സഭയില്‍ അവലംബിച്ചിട്ടുള്ളതായി കാണുന്നതിനാല്‍ ഉന്നയിച്ച ക്രമപ്രശ്നം നിലനില്‍ക്കുന്നതല്ലെന്നായിരുന്നു സ്പീക്കറുടെ റൂളിംഗ്. ലോകായുക്തയുടെ പല്ലും നഖവും പറിച്ചു കളഞ്ഞുവെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: