ന്യൂദല്‍ഹി: രാഹുലും താനുമായുള്ള അകല്‍ച്ച തുടങ്ങിയത് 2019ലെ തെരഞ്ഞെടുപ്പിനു മുന്‍പ് മോദിയെ ചൗക്കീദാര്‍ ചോര്‍ ഹേ എന്നു വിശേഷിപ്പിച്ച മുദ്രാവാക്യം മുതലാണെന്നാണ് കോണ്‍ഗ്രസില്‍ നിന്നു രാജിവെച്ച മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദ്.
പ്രധാനമന്ത്രിയെ നേരിട്ട് ലക്ഷ്യമിട്ടുള്ള മുദ്രവാക്യത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ആരും പിന്തുണച്ചിരുന്നില്ല. ‘ഒരു പാര്‍ട്ടി യോഗത്തില്‍ വച്ച് രാഹുല്‍ മുദ്രാവാക്യത്തെക്കുറിച്ച് ചോദിച്ചു. ആരൊക്കെ പിന്തുണയ്ക്കുന്നുവെന്നും ആരാഞ്ഞു. ഞാനും ഡോ. മന്മോഹന് സിങ്ങും, എ.കെ. ആന്റണിയും പി. ചിദംബരവും ആ യോഗത്തിലുണ്ടായിരുന്നു. പല മുതിര്‍ന്ന നേതാക്കളും അതിനെ അനുകൂലിച്ചിരുന്നില്ല. ഞങ്ങള്‍ക്ക് ഇന്ദിരാഗാന്ധിയില്‍ നിന്നാണ് രാഷ്ട്രീയ വിദ്യാഭ്യാസം ലഭിച്ചത്. ഞാന്‍ ജൂനിയര്‍ മന്ത്രിയായിരുന്ന കാലത്ത് എന്നെയും എം.എല്‍. ഫൊത്തേദാറിനെയും വിളിച്ച്, അടല്‍ ബിഹാരി വാജ്പേയിയെ നിരന്തരം കാണണമെന്ന് നിര്‍ദേശിച്ചിരുന്നു. മുതിര്‍ന്നവരെയും പ്രതിപക്ഷ നേതാക്കളെയും ബഹുമാനിക്കാനാണ് ഞങ്ങളെ പഠിപ്പിച്ചത്, അവരെ ആക്രമിക്കാനല്ല. മോദിയെ ഇടതുവശത്തുകൂടിയും വലതു വശത്തു കൂടിയും ആക്രമിക്കുകയായിരുന്നു രാഹുലിന്റെ നയം. ഞങ്ങള്‍ക്കങ്ങനെ വ്യക്തിപരമായ ആക്രമണം നടത്തുക സാധ്യമായിരുന്നില്ല. മുതിര്‍ന്നവര്‍ ഉപയോഗിക്കേണ്ട ഭാഷയാണോ ഇത്. പക്ഷെ വ്യക്തിപരമായി രാഹുലിനോട് എനിക്ക് ഒരു ശത്രുതയുമില്ല. മാന്യമാണ്. എന്നോടും ബഹുമാനമായിരുന്നു. പക്ഷെ രാഷ്ട്രീയക്കാരന് എന്ന നിലയ്ക്ക് അഭിരുചിയില്ല, കഠിനാധ്വാനം ചെയ്യാനും താല്‍പ്പര്യമില്ല, ഒരു ചാനലിനു നല്കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
മോദി മനുഷ്യത്വം ഉള്ളയാള്‍
പ്രധാനമന്ത്രി നരേന്ദ്ര മോദി പരുക്കനാണെന്നാണ് താന്‍ ധരിച്ചിരുന്നതെന്നും എന്നാല്‍ മനുഷ്യത്വം ഉള്ളയാളാണ് അദ്ദേഹമെന്നാണ് താന്‍ തിരിച്ചറിയുകയായിരുന്നുവെന്നും ഗുലാം നബി.
‘ഞാന്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായിരിക്കെ ഒരു ബസിനുള്ളില്‍ ഗ്രനേഡ് പൊട്ടി, നിരവധി പേര് മരിച്ചു, പലതും ഛിന്നഭിന്നമായിരുന്നു. അന്ന് മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നു. അദ്ദേഹം എന്നെ ഫോണില്‍ വിളിച്ചു. ഞാന്‍ കരയുകയായിരുന്നു, എനിക്ക് സംസാരിക്കാന്‍ പോലും ആകുമായിരുന്നില്ല. ഞാന്‍ കരയുന്നത് അദ്ദേഹം കേട്ടുവെന്നാണ് ഞാന്‍ കരുതുന്നത്. മോദി വീണ്ടും വീണ്ടും എന്നെ വിളിച്ച് കാര്യങ്ങള്‍ അന്വേഷിച്ചുകൊണ്ടേയിരുന്നു. അദ്ദേഹം പറഞ്ഞു.
രാജ്യസഭയില്‍ എന്നെ യാത്രയയപ്പ് സമയത്ത് മോദി വൈകാരികമായി എന്നതിന്റെ പേരിലാണ് അവര്‍ എന്നെ ആക്രമിക്കുന്നത്. ബംഗ്ലാവ് അനുവദിച്ചതിന്റെ പേരിലാണ് എന്നെ ആക്രമിച്ചത്. ആ കുടുംബമെന്ന നിലയ്ക്കാണ് അവര്‍ക്ക് ബംഗ്ലാവ് ലഭിച്ചത്. ഞാന്‍ ഞാനായതു കൊണ്ടാണ് എനിക്ക് ലഭിച്ചത്. എനിക്കെതിരെ 26 വധശ്രമങ്ങളുണ്ടായിട്ടുണ്ട്. അവര്‍ അത് അഭിമുഖീകരിച്ചിട്ടുണ്ടോ?
പാര്‍ട്ടിയിലെ ഭിന്നത പൂര്‍ണ്ണമാണ്. രാഹുലിന്റെ ഉപജാപക വൃന്ദത്തിന് പാര്‍ട്ടിയില്‍ പ്രത്യേക സ്ഥാനങ്ങളുണ്ട്. മനീഷ് തിവാരിയും ജയ്വീര് ഷെര്‍ജിലും ആനന്ദ് ശര്‍മ്മയും എല്ലാം രാഹുലിന്റെ ചുറ്റുമുള്ള കാവല്‍ ഭടന്മാരെപ്പറ്റിയും മടിയിലിരിക്കുന്ന ഉപദേശകരെപ്പറ്റിയും പറഞ്ഞിട്ടുണ്ട്. അദ്ദേഹം പറഞ്ഞു.
കത്തെഴുതിയതോടെ തുടങ്ങിയ ശത്രുത
നേതൃമാറ്റം തേടി ജി 23ന്റെ പേരില്‍ സോണിയക്ക് കത്തെഴുതിയതു മുതല്‍ തുടങ്ങിയതാണ് തന്നോടുള്ള ശത്രുതയെന്ന് ഗുലാം നബി ആസാദ്. ‘ മോദിയെ കുറ്റം പറയുന്നത് ഒരു കാരണം കണ്ടെത്താന്‍ മാത്രമാണ്. ഞാന്‍ കത്തെഴുതിയപ്പോള്‍ തുടങ്ങിയതാണ് ശത്രുത. അവരെ (സോണിയ കുടുംബത്തെ) ആരും ചോദ്യം ചെയ്യരുത്, ആരും അവര്‍ക്ക് എഴുതരുത്, കോണ്‍ഗ്രസിന്റെ പല സമ്മേളനങ്ങള്‍ നടന്നു. അവയില്‍ പാര്‍ട്ടിയെ സജ്ജമാക്കാനുള്ള ഒരു നിര്‍ദേശം പോലും പരിഗണിച്ചില്ല.
‘പാര്‍ട്ടി പ്രവര്‍ത്തക സമിതി അര്‍ഥശൂന്യമായി. ഇന്ദിരയുടെയും രാജീവിന്റെയും കാലത്തുണ്ടായിരുന്ന കൂടിയാലോചനകളെല്ലാം തകര്‍ത്തു. മുന്‍പ് പ്രവര്‍ത്തക സമിതി അംഗങ്ങളേ ഉണ്ടായിരുന്നു. പത്തു വര്‍ഷമായി 25 അംഗങ്ങളും പ്രത്യേക ക്ഷണിതാക്കളും എല്ലാമായി. മുന്‍പ് സോണിയ 98മുതല്‍ 2004 വരെ മുതിര്‍ന്ന നേതാക്കളുമായി കൂടിയാലോചനകള്‍ നടത്തിയിരുന്നു.രാഹുല്‍ വന്ന ശേഷം 2004 മുതല്‍ സോണിയ കൂടിയാലോചിക്കുന്നത് രാഹുലുമായിട്ടാണ്. അദ്ദേഹത്തിന് രാഷ്ട്രീയകാര്യങ്ങളില്‍ ഒരു അഭിരുചിയുമില്ല, എല്ലാവരും രാഹുലുമായി കൂടിയാലോചിക്കണമെന്നാണ് സോണിയയുടെ ആവശ്യം. 2014ലെ തെരഞ്ഞെടുപ്പിനു മുന്‍പ് പാര്‍ട്ടിക്കു വേണ്ടി ഒരു പദ്ധതി തയ്യാറാക്കി. രാഹുല്‍ അക്കാര്യം കേട്ടുപോലുമില്ല.
ജയ്റാം രമേശില്‍ പല പാര്‍ട്ടികളുടെ ഡിഎന്‍എ
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ ജയ്റാം രമേശില്‍ പല പാര്‍ട്ടികളുടെ ഡിഎന്‍എ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് വിട്ട ഗുലാം നബിയുടെ ഡിഎന്‍എ മോഡിഫൈഡ് ആണെന്ന് കഴിഞ്ഞ ദിവസം ജയ്റാം പരിഹസിച്ചിരുന്നു. അതിനോട് പ്രതികരിക്കുകയായിരുന്നു ഗുലാംനബി. അദ്ദേഹത്തിന്റെ ഡിഎന്‍എ പരിശോധിച്ചാലേ ഏതു പാര്‍ട്ടിയില്‍ എവിടെയാണ് അദ്ദേഹമെന്നറിയാന്‍ കഴിയൂ. സഭയില്‍ (രാജ്യസഭ) ഇരിക്കുന്ന സമയത്ത് ബിജെപിക്ക് കുറിപ്പുകള്‍ നല്‍കിയിരുന്ന കക്ഷിയാണ് അദ്ദേഹം. കോണ്‍ഗ്രസിനു വേണ്ടി മാത്രം പ്രവര്‍ത്തിച്ചിരുന്ന ഞാന്‍ പത്തു വര്‍ഷം കാത്തിരുന്ന ശേഷമാണ് പാര്‍ട്ടി വിട്ടത്, വീടു വിടാന്‍ എന്നെ നിര്‍ബന്ധിതനാക്കുകയായിരുന്നു. അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: