അസുഖബാധിതനായ കോടിയേരി ബാലകൃഷ്ണന് സ്ഥാനമൊഴിഞ്ഞതിനെത്തുടര്‍ന്ന് എം.വി. ഗോവിന്ദന് സിപിഎം സംസ്ഥാന സെക്രട്ടറിയായിരിക്കുന്നു. എ.കെ. ബാലന്റെയും ഇ.പി. ജയരാജന്റെയും എ. വിജയരാഘവന്റെയുമൊക്കെ പേരുകള്‍ പറഞ്ഞുകേട്ടിരുന്നുവെങ്കിലും മന്ത്രിയായ എം.വി. ഗോവിന്ദനു നറുക്കു വീഴുകയായിരുന്നു. ഇതോടെ പാര്‍ട്ടിക്കുമേലുള്ള കണ്ണൂര്‍ ലോബിയുടെ പിടി അയവില്ലാതെ തുടരും. തീരുമാനം ഗോവിന്ദന് അനുകൂലമാവാനുള്ള പ്രധാന കാരണം കണ്ണൂര്കാരന് എന്നതുതന്നെയാണ്. പുറമേക്ക് ആര് എന്തൊക്കെ പറഞ്ഞാലും ഈയൊരു ഘടകമാണ് നിര്‍ണായകമായതെന്ന് സിപിഎമ്മിനെക്കുറിച്ച് അറിയാവുന്നവര്‍ക്കൊക്കെ മനസ്സിലാവും. കണ്ണൂര്‍കാരനായ കോടിയേരി സ്ഥാനമൊഴിയുമ്പോള്‍ മറ്റൊരു ജില്ലക്കാരന് വരുന്നത് ഇപ്പോഴത്തെ നിലയ്ക്ക് സങ്കല്‍പ്പിക്കാന്‍പോലുമാവാത്ത കാര്യമാണ്. നേരത്തെ അമേരിക്കയില്‍ ചികിത്സയ്ക്കു പോയപ്പോള്‍ കോടിയേരിയുടെ പകരക്കാരനായി എ. വിജയരാഘവന് വന്നതുപോലെയല്ല, സ്ഥിരം പാര്‍ട്ടി സെക്രട്ടറിയാണ് ഗോവിന്ദന് എന്ന പ്രത്യേകതയുണ്ട്. മന്ത്രിസഭയില്‍ രണ്ടാമനായി അറിയപ്പെടുന്ന ഗോവിന്ദന് തദ്ദേശസ്വയംഭരണം, എക്സൈസ് എന്നിവയുള്‍പ്പെടെ സുപ്രധാന വകുപ്പുകള്‍ കൈകാര്യം ചെയ്യുന്നയാളാണ്. ഭരണഘടനയെ അപകീര്‍ത്തിപ്പെടുത്തിയതിനെത്തുടര്‍ന്ന് സാംസ്കാരികവകുപ്പുമന്ത്രി സജി ചെറിയാന് പുറത്തുപോകേണ്ടി വന്നപ്പോള്‍ വകുപ്പുകള്‍ വീതിച്ചുനല്‍കിയതുപോലെ പറ്റുമെന്നു തോന്നുന്നില്ല. വകുപ്പുകളില്‍ കാര്യമായ മാറ്റമോ പുതിയ ചിലര്‍ മന്ത്രിസ്ഥാനത്തേക്ക് വരികയോ ചെയ്യാം. മാധ്യമങ്ങള്‍ ഇക്കാര്യത്തില്‍ ഒരു പട്ടികതന്നെ നിരത്തുന്നുണ്ടെങ്കിലും മുഖ്യമന്ത്രി പിണറായി വിജയന്റെ ഇഷ്ടംപോലെ മാത്രമേ കാര്യങ്ങള്‍ നടക്കൂ. പാര്‍ട്ടി അപ്രസക്തമാണ്.
ഗോവിന്ദന് സിപിഎം സംസ്ഥാന സെക്രട്ടറിയാവുന്നത് ആ പാര്‍ട്ടിയുടെ ആഭ്യന്തരകാര്യം മാത്രമാണ്. അതിനപ്പുറം സ്വാഭാവികമായി നടക്കുന്നത് ഏറിയാല്‍ ഒരു മന്ത്രിസഭാ പുനഃസംഘടന മാത്രമായിരിക്കും. പക്ഷേ മാധ്യമങ്ങള്‍ വായിച്ചാല്‍ തോന്നുക ഗോവിന്ദനിലൂടെ എന്തോ മഹാത്ഭുതം സംഭവിച്ചിരിക്കുന്നു, സംഭവിക്കാന്‍ പോകുന്നു എന്നൊക്കെയാണ്. ഗോവിന്ദനില്‍ മാധ്യമങ്ങള്‍ കാണുന്ന ഗുണഗണങ്ങളാണത്രേ ഇതിനു കാരണം. അഴിമതിക്കാരനല്ല, പ്രത്യയശാസ്ത്ര ബോധമുള്ള കര്‍ക്കശക്കാരനാണ് എന്നിങ്ങനെയുള്ള വിശേഷണങ്ങള്‍ ഗോവിന്ദന് ചാര്‍ത്തിക്കൊടുക്കുന്നുമുണ്ട്. കണ്ണൂരിലും മറ്റും പാര്‍ട്ടി പതിറ്റാണ്ടുകളായി നടത്തുന്ന അക്രമരാഷ്ട്രീയത്തെക്കുറിച്ചോ സംഘടിതവും ആസൂത്രിതവുമായ അഴിമതികളെക്കുറിച്ചോ ഒരു വാക്കുപോലും എതിരായി ഈ നേതാവ് പറയുന്നതു കേട്ടിട്ടില്ല. ആവശ്യം വന്നാല്‍ അതൊക്കെ ന്യായീകരിക്കുന്നതും ധാരാളം കേട്ടിട്ടുമുണ്ട്. തന്റെ ഭാര്യ അധ്യക്ഷയായ ആന്തൂര്‍ മുനിസിപ്പാലിറ്റിയില്‍ നിര്‍മിക്കുന്ന കണ്വെന്ഷന് സെന്ററിന് നിയമാനുസൃതമായ അനുമതി കൊടുക്കാത്തതിനാല്‍ ചെറുപ്പക്കാരനായ ഒരു പ്രവാസി ആത്മഹത്യ ചെയ്തപ്പോള്‍ എന്തായിരുന്നു എം.വി. ഗോവിന്ദന്റെ നിലപാട്? ഒരു യുവസംരംഭകനെ ആത്മഹത്യയിലേക്ക് തള്ളിയിട്ടതിന്റെ ഉത്തരവാദിത്വത്തില്‍നിന്ന് ഈ നേതാവിന് ഒഴിഞ്ഞുമാറാനാവില്ല. പി. ജയരാജന് പോലും സംഭവത്തെ വിമര്‍ശിച്ച് രംഗത്തുവരികയുണ്ടായി. ഇത്തരം ദാരുണമായ ആത്മഹത്യകളും കൊലപാതകങ്ങളും പതിവുകാര്യങ്ങളാണെന്നും, അതില്‍ പുതുമയൊന്നുമില്ലെന്നും വിശ്വസിക്കുന്നയാളാണ് സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറിസ്ഥാനത്ത് എത്തിയിരിക്കുന്നത്. പക്ഷേ മാധ്യമങ്ങളുടെ വാഴ്ത്തലുകള്‍ക്ക് യാതൊരു കുറവും കാണുന്നില്ല.
സംസ്ഥാന സമിതിയും സംസ്ഥാന സെക്രട്ടറിയേറ്റും, സീതാറാം യെച്ചൂരിയും പ്രകാശ് കാരാട്ടുമൊക്കെ പങ്കെടുത്ത അവയ്ലബിള് പൊളിറ്റ് ബ്യൂറോയും ചര്‍ച്ച ചെയ്താണത്രേ ഗോവിന്ദനെ സംസ്ഥാന സെക്രട്ടറിയാക്കാന്‍ തീരുമാനിച്ചത്. പൊളിറ്റ് ബ്യൂറോയുടെ നിര്‍ദ്ദേശം സംസ്ഥാന കമ്മിറ്റിയില്‍ വച്ചത് മുഖ്യമന്ത്രി പിണറായി വിജയനും. ഇതില്‍നിന്നുതന്നെ ആരുടെ താല്പര്യമാണ് ഈ സ്ഥാനലബ്ധിക്കു പിന്നിലെന്ന് വ്യക്തമാണ്. പിണറായിയുടെ ഗുഡ്ബുക്കില്‍ സ്ഥാനമുള്ളതുകൊണ്ടു മാത്രമാണ് ഗോവിന്ദനെ ഈ സൗഭാഗ്യം തേടിയെത്തിയത്. അനിവാര്യമായ മന്ത്രിസഭാ പുനഃസംഘടനയില്‍ മുന്‍മന്ത്രി കെ.കെ. ശൈലജയ്ക്ക് സ്ഥാനം ലഭിക്കുമെന്ന് വാര്‍ത്തകളുണ്ടല്ലോ എന്ന് ചോദിച്ചപ്പോള്‍ അത് മാധ്യമസൃഷ്ടി മാത്രമാണെന്നു പറയാന്‍ രണ്ടാമതൊന്ന് ആലോചിക്കാതിരുന്ന ഗോവിന്ദനെ പ്രേരിപ്പിച്ച ചേതോവികാരം എന്തെന്നും അരിയാഹാരം കഴിക്കുന്നവര്‍ക്ക് അറിയാം. സര്‍ക്കാരില്‍ മാത്രമല്ല, പാര്‍ട്ടിയിലും പിണറായി ആഗ്രഹിക്കാത്ത ഒരു കാര്യവും നടക്കില്ല. സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറിയേറ്റും കേന്ദ്രകമ്മറ്റിയും പൊളിറ്റ് ബ്യൂറോയുമൊക്കെ ഒരാളിലേക്ക് ചുരുങ്ങിയിരിക്കുന്നു. മുഖ്യമന്ത്രിക്കെതിരായ സിപിഐയുടെ വിമര്‍ശനങ്ങള്‍ ഇതിനു തെളിവാണ്. സര്‍ക്കാരില്‍ പിണറായി വിജയന്റെ സ്വേഛാധിപത്യം നടമാടുകയാണെന്ന് മുന്നണിയിലെ രണ്ടാമത്തെ പ്രമുഖ കക്ഷിയായ സിപിഐ ആവര്‍ത്തിച്ച് വിമര്‍ശിച്ചുകൊണ്ടിരിക്കുകയാണല്ലോ. യഥാര്‍ത്ഥത്തില്‍ ഗോവിന്ദന്റെ സെക്രട്ടറിസ്ഥാനം പിണറായിയുടെ കരങ്ങള്‍ക്കാണ് കരുത്തു പകരുക. പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ ഒരു മാറ്റവും അത് കൊണ്ടുവരാന്‍ പോകുന്നില്ല. മറിച്ചു ചിന്തിക്കുന്നവര്‍ക്ക് ഈ പാര്‍ട്ടിയെക്കുറിച്ച് ഒരു ചുക്കും അറിയില്ല. പിന്നെ അത്ഭുതങ്ങള്‍ എപ്പോള്‍ വേണമെങ്കിലും സംഭവിക്കാമെന്നാണല്ലോ. മനുഷ്യര്‍ക്കായാലും പാര്‍ട്ടികള്‍ക്കാണെങ്കിലും. കാത്തിരുന്നു കാണാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: