തിരുവനന്തപുരം: കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം അയ്യങ്കാളി ഹാളില്‍ അനന്തപുരി ഖാദി മേളയ്ക്ക് തുടക്കമായി. സപ്തംബര്‍ നാലു വരെയാണ് മേള. സിനിമാ താരം സോനാ നായര്‍ മേള ഉദ്ഘാടനം ചെയ്തു. ഖാദി പഴയ ഖാദിയല്ലെന്ന സന്ദേശമുയര്‍ത്തിയാണ് മേള നടത്തുന്നത്.
നവീന ഫാഷന്‍ ഖാദി വസ്ത്രങ്ങളും ഗ്രാമവ്യവസായ ഉല്‍പ്പന്നങ്ങളും വിവിധ സ്റ്റാളുകളില്‍ നിന്ന് ഉപഭോക്താക്കള്‍ക്കു തെരഞ്ഞെടുക്കാം. കേരളത്തിന്റെ തനിമ നിലനിര്‍ത്തുന്ന ശ്രീകൃഷ്ണപുരം പട്ടുസാരികള്‍, അനന്തപുരി പട്ട് എന്നിവയ്ക്കു പുറമേ ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള സില്‍ക്ക് സാരികളും വിവിധ പ്രായത്തിലുള്ളവര്‍ക്കുള്ള വസ്ത്രങ്ങളും തേന്‍, അനുബന്ധ ഉത്പന്നങ്ങള്‍, മരച്ചക്കിലാട്ടിയ നല്ലെണ്ണ, കഴുതപ്പാലില്‍ തീര്‍ത്ത സോപ്പുകള്‍, സൗന്ദര്യവര്‍ദ്ധക ഉല്‍പ്പന്നങ്ങള്‍, കരകൗശല ഉല്‍പ്പന്നങ്ങള്‍ എന്നിവ മേളയിലുണ്ട്.
ഓണ സമ്മാനമായി നറുക്കെടുപ്പിലൂടെ 10 പവന് സ്വര്‍ണവും ആഴ്ചതോറും 5000 രൂപയുടെ ഗിഫ്റ്റ് വൗച്ചറുകളും ഉപഭോക്താക്കള്‍ക്ക് ലഭിക്കും. ഖാദി വസ്ത്രങ്ങള്‍ക്ക് 30 ശതമാനം സര്‍ക്കാര്‍ റിബേറ്റും സര്‍ക്കാര്‍ അര്‍ദ്ധ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഒരു ലക്ഷം രൂപവരെ ക്രെഡിറ്റ് സൗകര്യവും നല്‍കും. കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് ഭരണ വിഭാഗം ഡയറക്ടര്‍ കെ.കെ. ചാന്ദിനി, മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ സി. സുധാകരന് ഖാദി ഡയറക്ടര്‍ ഷാജി ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: