ന്യൂദല്‍ഹി: രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട പിടി ഉഷയെ ആദരിക്കുന്നതിനു നാളെ കോഴിക്കോട് നടക്കുന്ന സര്‍വകക്ഷി സമ്മേളനത്തില്‍ കേന്ദ്ര ഇലക്ട്രോണിക്സ്, ഐടി, നൈപുണ്യ വികസനം, സംരംഭകത്വ വകുപ്പ് സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ മുഖ്യാതിഥിയാവും.
യുവജനങ്ങള്‍ക്കിടയില്‍ സംരംഭകത്വവും സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയും ശക്തിപ്പെടുത്തുന്നതിനുള്ള കേന്ദ്ര സര്‍ക്കാര്‍ ശ്രമങ്ങളുടെ ഭാഗമായി വിദ്യാര്‍ത്ഥികള്‍, ഗവേഷകര്‍, സ്റ്റാര്‍ട്ടപ്പുകള്‍, സംരംഭകര്‍ എന്നിവരുമായും മന്ത്രി കോഴിക്കോട്ട് സംവദിക്കും. രാവിലെ 11 മണിക്ക് കോഴിക്കോട് നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്നോളജി സന്ദര്‍ശിക്കുന്ന അദ്ദേഹം വിദ്യാര്‍ത്ഥികളുമായും ഗവേഷകരുമായും സ്റ്റാര്‍ട്ടപ്പ് സംരംഭകരുമായും സംവദിക്കും.
ഉച്ചയ്ക്ക് 12.30ന് മന്ത്രി, ഇലക്ട്രോണിക്സ് ആന്‍ഡ് ഐടി മന്ത്രാലയത്തിനു കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി (എന്‍ഐഇഎല്‍ഐടി) കേന്ദ്രം സന്ദര്‍ശിക്കുകയും പ്രവര്‍ത്തന പുരോഗതി അവലോകനം ചെയ്യുകയും ചെയ്യും. കേന്ദ്രത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥികളുമായും ഗവേഷകരുമായും അദ്ദേഹം സംവദിക്കും. അടുത്തിടെ ത്രിപുരയിലും ഗുജറാത്തിലുമുള്ള എന്‍ഐഇഎല്‍ഐടി കേന്ദ്രങ്ങളില്‍ നടത്തിയ സന്ദര്‍ശനത്തിന് പിന്നാലെയാണ് അദ്ദേഹം കോഴിക്കോട്ട് എന്ഐഇഎല്ഐടിയില് എത്തുന്നത്.
മൂന്നു മണിക്ക് ചെറൂട്ടി റോഡില്‍ മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്സ് അംഗങ്ങളെ മന്ത്രി അഭിസംബോധന ചെയ്യും. വൈകിട്ട് 4.00ന് കല്ലായി റോഡിലെ സ്നേഹാഞ്ജലി ഓഡിറ്റോറിയത്തില്‍ ഒളിമ്പ്യന്‍ പി.ടി.ഉഷയുടെ രാജ്യസഭാ പ്രവേശനത്തോടനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുള്ള പൗരസ്വീകരണത്തില്‍ അദ്ദേഹം മുഖ്യാതിഥിയായി പങ്കെടുക്കും. തുടര്‍ന്ന് വൈകിട്ട് 5.30ന് കാലിക്കറ്റ് മാനേജ്മെന്റ് അസോസിയേഷന് അംഗങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കും. രാത്രിയോടെ മന്ത്രി ഡല്‍ഹിക്ക് മടങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: