ദുബായ്: അമേരിക്കയിലെ മയാമിയില്‍ ലോക ചാമ്പ്യന്‍ മാഗ്നസ് കാള്‍സനെ റാപ്പിഡ് ചെസ്സില്‍ അട്ടിമറിച്ച ശേഷം പ്രഗ്നാനന്ദ ദുബായില്‍ നടക്കുന്ന ക്ലാസിക് ഓപ്പണ്‍ ചെസ്സ് ടൂര‍്ണ്ണമെന്‍റില്‍ ജയത്തോടെ തുടക്കം കുറിച്ചു. കഴിഞ്ഞ ദിവസം അമേരിക്കയിലെ മയാമിയിലെ എഫ് ടിഎക്സ് ചെസ് ടൂര്‍ണ്ണമെന്‍റിന് ശേഷം ദുബായില്‍ എത്തുകയായിരുന്നു.
ഷേഖ് സയീദ് ബിന്‍ ഹംദാന്‍ അല്‍ മഖ്തൂം ഹാളില്‍ നടക്കുന്ന മത്സരത്തില്‍ പ്രഗ്നാനന്ദ ഇറാന്റെ റെസ മഹ്ദാവിയെ തോല്‍പിച്ചു. ഈ ടൂര്‍ണ്ണമെന്‍റില്‍ നാലാം റാങ്കുകാരനാണ് പ്രഗ്നനാനന്ദ. പ്രഗ്നാനന്ദയുടെ ഇപ്പോഴത്തെ ഫിഡെ റേറ്റിംഗ് 2661 ആണ്. റഷ്യക്കാരനായ ഗ്രാന്‍റ് മാസ്റ്റര്‍ അലെക്സാണ്ടര്‍ പ്രെഡ്കെ ആണ് ഈ ദുബായ് ഓപ്പണില്‍ ഒന്നാം റാങ്കുകാരന്‍. ഇദ്ദേഹത്തിന്റെ ഫിഡെ റേറ്റിംഗ് 2692 ആണ്.
ടൂര്‍ണ്ണമെന്‍റില്‍ രണ്ടാം റാങ്കുകാരനായ ഇന്ത്യന്‍ ഗ്രാന്‍റ് മാസ്റ്റര്‍ അര്‍ജുന്‍ എരിഗെയ്സിയുടെ ഫിഡെ റാങ്കിങ് 2689 ആണ്. ഇറാന്‍ ഗ്രാന്‍റ് മാസ്റ്റര്‍ അമിന്‍ താബതബെയ് മൂന്നാം റാങ്കുകാരനാണ് – ഫിഡെ റേറ്റിംഗ് 2664. ഇവരെല്ലാം ആദ്യ റൗണ്ടില്‍ വിജയിച്ചു. ആകെ 172 താരങ്ങള്‍ മത്സരിക്കുന്ന ഈ ടൂര്‍ണ്ണമെന്‍റില്‍ 78 ഇന്ത്യക്കാര്‍ മത്സരിക്കുന്നു. ഇന്ത്യക്കാരില്‍ റാങ്കിങ്ങില്‍ ഒന്നാമത് നില്‍ക്കുന്നത് അര്‍ജുന്‍ എരിഗെയ്സി ആണ്.
രണ്ട് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് വീണ്ടും ദുബായ് ഓപ്പണ്‍ ചെസ് ടൂര്‍ണ്ണമെന്റ് ആരംഭിയ്‌ക്കുന്നത്. ആകെ 50,000 ഡോളര്‍ സമ്മാനത്തുകയുള്ള ടൂര്‍ണ്ണമെന്‍റില്‍ ചാമ്പ്യന് 13000 ഡോളര്‍ ലഭിയ്‌ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: