കോഴിക്കോട്: രാജ്യത്ത് ഇസ്ലാം വിരോധം വളരുന്നെങ്കില്‍ അതിന് കാരണം ചില മതപണ്ഡിതരാണ്, ഇതര മതസ്ഥരല്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. മുഖ്യമന്ത്രി പിണറായി വിജയന് കടുത്ത സമ്മര്‍ദ്ദത്തിലാണെന്നും അദ്ദേഹം ആഗ്രഹിക്കുന്നതിന് വിരുദ്ധമായി പലതും ചെയ്യാന്‍ നിര്‍ബന്ധിതനാകുകയാണെന്നും ഗവര്‍ണര്‍ പറഞ്ഞു. ഇന്ത്യന്‍ എക്സ്പ്രസ് പത്രത്തിനു നല്കിയ സുദീര്‍ഘ അഭിമുഖത്തിലാണ് പരാമര്‍ശങ്ങള്‍.
രാജ്യത്ത് ഇസ്ലാം വിരുദ്ധചിന്ത വര്‍ധിക്കുന്നതായി തോന്നുന്നില്ല. ബുദ്ധിശാലിയും വിദ്യാഭ്യാസയോഗ്യതയുമായ ഒരു പെണ്‍കുട്ടിയെ നിങ്ങള്‍ പൊതുവേദിയില്‍ അപമാനിക്കുകയാണെങ്കില്‍ അത് ഏതുതരം പ്രതികരണം ഉയര്‍ത്തും? നിങ്ങള്‍ക്കെന്നും മനസ്സില്‍ ഭീതിയുണ്ടാകും. ഇവര്‍ക്ക് മേല്‍ക്കൈകൊടുത്താല്‍ എന്റെ കുടുംബത്തിലെ സ്ത്രീകള്‍ക്കും പൊതുവേദിയില്‍ അനുമതി നല്‍കില്ലെന്ന് ജനങ്ങള്‍ ചിന്തിക്കും. ഇത് സംഭവിച്ചേതീരൂ. ഇസ്ലാമിക വിരോധം ഉണ്ടാകാന്‍ കാരണം ഇസ്ലാമിതരരല്ല, ഈ മതപണ്ഡിതരാണ്, ഗവര്‍ണര്‍ വിശദീകരിച്ചു.
എനിക്ക് മുഖ്യമന്ത്രിയോട് വ്യക്തിപരമായി ഒരു പരാതിയുമില്ല. അദ്ദേഹത്തിന് സ്വന്തം പ്രശ്നങ്ങളുണ്ടായിരിക്കാം. എനിക്ക് അദ്ദേഹത്തോട് സഹതാപമുണ്ട്. ഞാന്‍ മനസിലാക്കുന്നത്, മുഖ്യമന്ത്രിയെന്ന നിലയില്‍ എനിക്ക് പലപ്പോഴും മനസ്സിലായിട്ടുള്ളത്, അദ്ദേഹം കടുത്ത സമ്മര്‍ദ്ദത്തിലാണെന്നാണ്. അദ്ദേഹത്തിന്റെ ആഗ്രഹങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കാന്‍ നിര്‍ബന്ധിതനാകുന്നുവെന്നാണ്.
ഗവര്‍ണര്‍ പദവി ആവശ്യമാണോ, സംസ്ഥാനത്തിന് കൂടുതല്‍ അധികാരം വേണോ എന്നതൊക്കെ ഭരണഘടനാ നിര്‍മാണ സഭയുടെ നടപടിക്രമങ്ങള്‍ വായിച്ചാല്‍ അറിയാം. ഗുജറാത്തിലെ ബില്‍കിസ് ബാനോ കേസിലെ പ്രതികളെ മോചിപ്പിച്ചതിനെക്കുറിച്ച് നല്കിയ മറുപടി ഇങ്ങനെ: ’14 വര്‍ഷം ജയിലില്‍ കഴിഞ്ഞ് അവരെ മോചിപ്പിച്ചതില്‍ ഏതെങ്കിലും ചട്ടലംഘനമുണ്ടായോ എന്ന് വിമര്‍ശകരാരും ഇതുവരെ പറഞ്ഞുകേട്ടില്ല. ഇവിടെ (കേരളത്തില്‍), ഒട്ടേറെപ്പേരുടെ കൊലപാതകത്തിന് കാരണക്കാരനായ ആളെ (മണിച്ചന്) ജയിലില്‍നിന്ന് മോചിപ്പിച്ചല്ലോ.’ ഭരണഘടനപ്രകാരമുള്ള നടപടികളായിരിക്കും ഏതു സാഹചര്യത്തിലും കൈക്കൊള്ളുക എന്ന് അദ്ദേഹം ആവര്‍ത്തിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: