തിരുവനന്തപുരം: ക്ഷേത്രങ്ങള്‍ പിടിച്ചെടുക്കാന്‍ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് സുപ്രീംകോടതി മുന്‍ ജഡ്ജി ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര. ശ്രീപദ്മനാഭസ്വാമി ക്ഷേത്ര സന്ദര്‍ശനത്തിനുശേഷമാണ് പ്രതികരണം. വരുമാനം കണ്ടുകൊണ്ടാണ് ക്ഷേത്രങ്ങള്‍ പിടിച്ചെടുക്കാനുള്ള നീക്കം. താനും ജസ്റ്റിസ് യു.യു. ലളിതും ചേര്‍ന്ന് ഇത് അവസാനിപ്പിച്ചെന്നും ഇന്ദു മല്‍ഹോത്ര പറഞ്ഞു.
ശ്രീപദ്മനാഭസ്വാമി ക്ഷേത്രം പരിപാലിക്കാനും കൈകാര്യം ചെയ്യാനും തിരുവിതാംകൂര്‍ രാജകുടുംബത്തിന് അവകാശമുണ്ടെന്ന് 2020 ജൂലൈയില്‍ സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഈ ബെഞ്ചില്‍ ജസ്റ്റിസ് യു.യു ലളിതും ഇന്ദു മല്‍ഹോത്രയുമാണ് ഉള്‍പ്പെട്ടിരുന്നത്. ക്ഷേത്രാവകാശങ്ങള്‍ 2011ല്‍ സംസ്ഥാന സര്‍ക്കാരിന് അനുവദിച്ച് ഹൈക്കോടതി പുറപ്പെടുവിച്ച വിധിക്കെതിരെ തിരുവിതാംകൂര്‍ രാജകുടുംബം സുപ്രീംകോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്നാണ് ഈ വിധിയുണ്ടായത്. ശബരിമല സ്ത്രീപ്രവേശന വിധിയില്‍ കേസ് പരിഗണിച്ച അഞ്ചംഗ ബെഞ്ചില്‍ ഉള്‍പ്പെട്ടിരുന്ന ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര ആചാരാനുഷ്ഠള്ക്ക് അനുകൂലമായാണ് അന്ന് വിധി എഴുതിയത്.
ക്ഷേത്രത്തില്‍ എത്തിയ ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയെ പൂര്‍ണകുംഭം നല്‍കിയാണ് ഭക്തര്‍ വരവേറ്റത്. കവടിയാര്‍ കൊട്ടാരത്തില്‍ നിന്ന് പൂരുരുട്ടാതി തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ, അവിട്ടം തിരുനാള്‍ ആദിത്യവര്‍മ, ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസര്‍ ബി. സുരേഷ്കുമാര്‍, യോഗക്ഷേമ സഭ ഉപാധ്യക്ഷന്‍ ഗോവിന്ദന് നമ്പൂതിരി, ഹിന്ദു ധര്‍മ്മ പരിഷത്ത് അദ്ധ്യക്ഷന്‍ എം. ഗോപാല്‍, ശ്രീപദ്മനാഭസ്വാമി ക്ഷേത്ര ഭക്തജനസേവാസമിതി സെക്രട്ടറി ബാലകൃഷ്ണന്‍നായര്‍, പീപ്പിള്‍ ഫോര്‍ ധര്‍മ ട്രസ്റ്റി കെ.പി. മധുസൂദനന്, കൗണ്‍സിലര്‍ എസ്. ജാനകി അമ്മാള്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. മുക്കാല്‍ മണിക്കൂറോളം ക്ഷേത്രദര്‍ശനം നടത്തിയ ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയ്ക്ക് ചെമ്പകത്തുംമൂട്ടില്‍ നടയില്‍ തന്ത്രി തരണനല്ലൂര്‍ സതീശന്‍നമ്പൂതിരിപ്പാട് പ്രസാദം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: