കൊച്ചി : പാലക്കാട് സ്വദേശികളായ യുവാക്കള്‍ തമ്മില്‍ ഭാര്യയുടെ അവിഹിത ബന്ധത്തെച്ചൊല്ലിയുണ്ടായ തര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചു.നെട്ടൂരില്‍ പച്ചക്കറി മാര്‍ക്കറ്റിനു സമീപമാണ് ശനിയാഴ്ച്ച അര്‍ധരാത്രിയില്‍ യുവാവിനെ സുഹൃത്തായ യുവതിയുടെ ഭര്‍ത്താവ് അടിച്ചു കൊന്നത്. പാലക്കാട് പിരായിരി സ്വദേശി വടശ്ശേരി തൊടി അജയ്കുമാറാണ് (25) മരിച്ചത്. ശനിയാഴ്ച്ച രാത്രി ഒരുമണിയോടെയാണ് സംഭവം. അജയ്കുമാറിന്റെ സുഹൃത്തും പാലക്കാട് സ്വദേശിയുമായ പുതുശേരി തെക്കേത്തറകളത്തി വീട് സുരേഷിനെ (32) പോലീസ് അറസ്റ്റ് ചെയ്തു. സുരേഷിന്റെ ഭാര്യ നെട്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ നഴ്സായി ജോലി നോക്കുകയാണ്. ഇവിടെ ഒരു ഹോസ്റ്റലിലാണ് യുവതിയുടെ താമസം. യുവതിയെ കാണാന്‍ പരിചയക്കാരനായ അജയ്കുമാര്‍ പാലക്കാട്ടു നിന്ന് എത്തി നെട്ടൂരിലെ ഹോട്ടലില്‍ മുറിയെടുത്തു. ഇരുവരും തമ്മില്‍ അവിഹിത ബന്ധമുണ്ടെന്ന സംശയത്തില്‍ യുവതിയുടെ ഭര്‍ത്താവ് സുരേഷും പിന്നാലെ കൊച്ചിയില്‍ എത്തിയിരുന്നു.
രാത്രിയില്‍ തന്നെ കാണണം എന്നാവശ്യപ്പെട്ട് സുരേഷ് ഭാര്യയെക്കൊണ്ട് അജയ് കുമാറിനെ വിളിപ്പിക്കുകയായിരുന്നു. ഭാര്യയെ കാറില്‍ ഇരുത്തിയ ശേഷം സുരേഷ് കുമാര്‍ നെട്ടൂരില്‍ അന്താരാഷ്ട്ര പച്ചക്കറി മാര്‍ക്കറ്റിന് സമീപമുള്ള കിങ്സ് പാര്‍ക്ക് റെസിഡന്‍സിയില്‍ അജയ്യുടെ മുറിയിലെത്തി. സംസാരിക്കുന്നതിനിടെ തര്‍ക്കം രൂക്ഷമായി തലയ്ക്കടിക്കുകയുമായിരുന്നു. ഹോട്ടല്‍ മുറിയില്‍ വച്ച് അടിയേറ്റ അജയ് കുമാര്‍ പുറത്തേക്ക് ഓടിയെങ്കിലും മാര്‍ക്കറ്റ് റോഡില്‍ തളര്‍ന്ന് വീണു. പിന്തുടര്ന്നെത്തിയ സുരേഷ് വീണ് കിടന്ന അജയനെ വീല്‍ സ്പാനര്‍ കൊണ്ട് തുടരെ തുടരെ തലയ്ക്കടിച്ച് മരണം ഉറപ്പിച്ചു. സമീപത്തെ ഒരു സ്ഥാപനത്തിലുള്ള സിസിടിവി ക്യാമറയില്‍ കൊലപാതക ദൃശ്യങ്ങള്‍ പതിഞ്ഞത് പോലീസ് കണ്ടെടുത്തു. വിവരമറിഞ്ഞെത്തിയ പനങ്ങാട് പോലീസാണ് യുവാവിനെ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് മാറ്റിയത്. തലയ്ക്കേറ്റ ആഴത്തിലുള്ള പരിക്കാണ് മരണത്തിനിടയാക്കിയത്.
സംഭവമറിഞ്ഞ് വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. തന്നെ കാണാനാണ് യുവാവ് വന്നതെന്ന് യുവതി സമ്മതിച്ചിട്ടുണ്ട്. സുഹൃത്തുക്കളാണെന്നും തനിക്കു നല്‍കാനുള്ള പണം നല്കാന് എത്തിയതാണ് എന്നുമാണ് യുവതി പറയുന്നത്. അജയ്കുമാര്‍ പാലക്കാട് ഒരു സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനിയില്‍ എക്സിക്യൂട്ടീവായി ജോലി ചെയ്യുകയായിരുന്നു. നേരത്തെ സുരേഷിന്റെ ഭാര്യയും അജയ്കുമാറും ഒരുമിച്ച് സ്വകാര്യ കമ്പനിയില്‍ ജോലി നോക്കിയിരുന്നു. ഏഴ് വര്‍ഷത്തിലധികമായി ഇവര്‍ തമ്മില്‍ പരിചയത്തിലായിരുന്നു. പോലീസ് സുരേഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി. മെഡിക്കല്‍ പരിശോധനകള്‍ക്കു ശേഷം പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കുമെന്നു പോലീസ് പറഞ്ഞു. മരിച്ച അജയ് കുമാറിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: