ഞാന്‍ 1939ല്‍ ആര്‍എസ്എസുമായി സമ്പര്‍ക്കത്തില്‍ വന്നു. ഗ്വാളിയോര്‍ അന്നൊരു നാട്ടുരാജ്യമായിരുന്നു. അവിടെ ആര്യസമാജത്തിന്റ യുവ വിഭാഗമായ ആര്യകുമാര്‍ സഭയിലൂടെയാണ് ആര്‍എസ്എസുമായി ബന്ധപ്പെട്ടത്. ഉറച്ച ഒരു ‘സനാതനി’ കുടുംബമായിരുന്നു എന്റേത്. പക്ഷെ ആഴ്ചയിലൊരിക്കല്‍ നടന്നിരുന്ന ആര്യകുമാര്‍ സഭയുടെ ‘സത്സംഗ’ത്തില്‍ ഞാന്‍ പങ്കെടുക്കുമായിരുന്നു. ഒരിക്കല്‍ ആര്യകുമാര്‍ സഭയുടെ മുതിര്ന്നെ നേതാവും കുശലസംഘാടകനും നല്ലൊരു ചിന്തകനുമായിരുന്ന ഭൂദേവ് ശാസ്ത്രി ‘വൈകുന്നേരങ്ങളില്‍ നിങ്ങള്‍ എന്തു ചെയ്യുന്നു?’ എന്ന് അന്വേഷിച്ചു. ‘പ്രത്യേകിച്ചൊന്നും ചെയ്യുന്നില്ല’ എന്ന് ഞങ്ങള്‍ മറുപടി പറഞ്ഞു. ആര്യകുമാര്‍ സഭ എല്ലാ ഞായറാഴ്ചയും രാവിലെ ആണ് ചേരാറുള്ളത്. ഞങ്ങളോട് സംഘ ശാഖയില്‍ പോകാന്‍ അദ്ദേഹം നിര്‍ദ്ദേശിച്ചു. അങ്ങിനെ ഞാന്‍ ഗ്വാളിയോറിലെ ശാഖയില്‍ പോകാനാരംഭിച്ചു. ആര്‍എസ്എസുമായുള്ള എന്റെ ആദ്യസമ്പര്ക്കമായിരുന്നു അത്. അന്ന് ഗ്വാളിയോറിന് ശാഖാപ്രവര്‍ത്തനം തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളു. അതില്‍ മഹാരാഷ്ട്രക്കാരായ ആണ്‍കുട്ടികള്‍ മാത്രമേ ഉണ്ടായിരുന്നള്ളു. സ്വാഭാവികമായും അവര്‍ മറാത്തിയിലാണ് സംസാരിച്ചിരുന്നത്. എനിക്ക് അവിടത്തെ കളികള്‍ വലിയ ഇഷ്ടമായി. ആഴ്ചയിലൊരിക്കല്‍ നടന്നിരുന്ന ‘ബൗദ്ധിക്ക്’ എന്നെ ആകര്‍ഷിച്ചു.
നാരായണ്‍ താതെ എന്ന പ്രചാരകന് നാഗപൂരില്‍ നിന്ന് ശാഖ നടത്തുന്നതിന്നായി ഗ്വാളിയോറില്‍ വന്നിരുന്നു. അദ്ദേഹം ഒരു അസാധാരണമനുഷ്യനായിരുന്നു. കുശലനായ സംഘാടകനും നല്ലൊരു ചിന്തകനും. ഇന്ന് ഞാന്‍ എന്താണോ അതിനെല്ലാം കാരണക്കാരന്‍ നാരയണ താതെയാണ്. അദ്ദേഹം കഴിഞ്ഞാല്‍ എന്നെ പ്രചോദിപ്പിച്ച വ്യക്തിത്വങ്ങളായിരുന്ന ദീനദയാല്‍ ഉപാദ്ധ്യായയും ഭാവുറാവു ദേവറസും. ഭാവുറാവുജിയുടെ പ്രവര്‍ത്തനമേഖലയില്‍ ഗ്വാളിയോര്‍ ഉള്‍പ്പെട്ടിരുന്നില്ല. എന്നാല്‍ ഒരിക്കല്‍ അദ്ദേഹം അന്നത്തെ അഖില ഭാരതീയ ബൗദ്ധിക്ക് പ്രമുഖ് ആയിരുന്ന ബാബാസാഹിബ് ആപ്ടെയുമായി ഗ്വാളിയോറില്‍ വന്നു. ആപ്ടേ വളരെ മൃദുഭാഷിയായിരുന്നു. വളരെ പെട്ടെന്ന് ഞങ്ങള്‍ അദ്ദേഹത്തില്‍ ആകൃഷ്ടരായി, പിന്നീട് അതേവര്‍ഷം(1940) ഞാന്‍ ഓഫീസേര്‍സ് ട്രെയ്നിംഗ് ക്യാമ്പിന്റെ (ഒടിസി) സമാപനസമ്മേളനത്തില്‍ പങ്കെടുക്കാന്‍ പോയപ്പോള്‍ അദ്ദേഹവുമായി ഗാഢമായ അടുപ്പമുണ്ടായി. ക്യാമ്പിന്റെ സമാപന സമ്മേളനത്തില്‍ പങ്കെടുക്കാനാണ്, പരിശീലനത്തിനായിരുന്നില്ല ഞാന്‍ പോയത്. അന്ന് കുറച്ചുസമയത്തേയ്ക്ക് ഡോ. ഹെഡ്ഗേവാറും അവിടെ വന്നിരുന്നു. അവിടെവച്ചാണ് ഞാന്‍ അദ്ദേഹത്തെ ആദ്യമായി കണ്ടത്. പിന്നീട് ഡോക്ടര്‍ജി സുഖമില്ലാതായപ്പോള്‍ ഞാന്‍ കാണാന്‍ പോയിരുന്നു. 1941ല്‍ ഹൈസ്ക്കൂള് വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ ആദ്യവര്‍ഷ ഒടിസി കഴിഞ്ഞു. 1942ല്‍ ഇന്ററിനു പഠിക്കുമ്പോള്‍ രണ്ടാം വര്‍ഷ ഒടിസിയും 1944ല്‍ ബിഎയ്ക്ക് പഠിച്ചുകൊണ്ടിരുന്നപ്പോള്‍ മൂന്നാം വര്‍ഷ ഒടിസിയും കഴിഞ്ഞു.
‘ഹിന്ദുതന-മന ഹിന്ദു ജീവന്’ എഴുതുമ്പോള്‍ ഞാന്‍ പത്താം ക്ലാസ്സില്‍ പഠിക്കുകയായിരുന്നു. ഗ്വാളിയോറില്‍നിന്നു ബിരുദം എടുത്ത ശേഷം തുടര്‍പഠനത്തിന് കാണ്‍പൂരിലെ ഡിഎവി കോളേജില്‍ എംഎയ്ക്ക് ചേര്‍ന്നു. എംഎ പാസ്സായ എനിക്ക് സംസ്ഥാനസര്‍ക്കാരിന്റെ സ്കോര്‍ളര്‍ഷിപ്പു ലഭിച്ചിരുന്നു. ഭാരതവിഭജനം മൂലം എനിക്ക് നിയമപഠനം പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞില്ല. 1947ല്‍ പഠനം അവസാനിപ്പിച്ച് ആര്‍എസ്എസ്സിന്റെ മുഴുവന്‍ സമയപ്രവര്‍ത്തകനാകാന്‍ ഞാന്‍ തീരുമാനിച്ചു. അതുവരെ പഠനത്തോടാപ്പം ആര്‍എസ്എസ് പ്രവര്‍ത്തനം നടത്തയിരുന്നു. പതിനാറാം വയസ്സില്‍ 1942ലെ ക്വിറ്റിന്ത്യാസമരത്തില്‍ പങ്കെടുത്ത് ജയില്‍വാസം അനുഭവിച്ചു. അന്ന് ഇന്റര്‍മീഡിയറ്റിനു പഠിക്കുകയായിരുന്നു. ആഗ്രയ്ക്കടുത്തുള്ള ഭട്ടലേശ്വര് എന്ന ഗ്രാമത്തില്‍ നിന്നാണ് എന്നെ അറസ്റ്റു ചെയ്തത്.
എന്റെ പിതാവിന് ആര്‍എസ്എസുമായി യാതൊരു ബന്ധവുമുണ്ടായിരുന്നില്ല. എന്നാല്‍ മൂത്തസഹോദരന് ആര്‍എസ്എസ് ശാഖയില്‍ പോകുമായിരുന്നു. ഒരിക്കല്‍ ശൈത്യകാല ക്യാമ്പില്‍ പോയ അദ്ദേഹം പറഞ്ഞു: ”എനിക്ക് മറ്റു സ്വയംസേവകരുടെ കൂടെ ഭക്ഷണം കഴിക്കാനാവില്ല. എന്റെ ആഹാരം ഞാന്‍ തന്നെ പാകം ചെയ്യും” എന്ന്. സമര്‍ത്ഥമായാണ് ആര്‍എസ്എസ് ഈ സാഹചര്യം കൈകാര്യം ചെയ്തത്. ശിബിരത്തിന്റെ സര്‍വാധികാരി ഒരു എതിര്‍പ്പും പറഞ്ഞില്ല. ജ്യേഷ്ഠന്റെ ആവശ്യം അംഗീകരിച്ച് പാചകം ചെയ്യാനാവശ്യമായ വസ്തുക്കള്‍ നല്കി. ആദ്യദിവസം അദ്ദേഹം സ്വയം പാചകം ചെയ്തു. പക്ഷേ, പിറ്റേന്ന് ഭക്ഷണം വാങ്ങാന്‍ മറ്റെല്ലാ സ്വയംസേവകരോടുമൊപ്പം വന്നു വരിയില്‍ നിന്നു. 44 മണിക്കൂര്‍ കൊണ്ട് അദ്ദേഹത്തില്‍ ഈ മാറ്റം ഉണ്ടായി. ഇതാണ് ആര്‍എസ്എസ് പ്രവര്‍ത്തനത്തിന്റെ സൗന്ദര്യം. വ്യക്തികളില്‍ മാത്രമല്ല സമൂഹമനസ്സിലും ആര്‍എസ്എസ് മാറ്റങ്ങള്‍ ഉണ്ടാക്കുന്നു. നമ്മുടെ ആത്മീയപാരമ്പര്യ പ്രകാരം മനുഷ്യന് ഉന്നതനില കൈവരിക്കാനാകും. ശരിയായ സാധനാ മാര്‍ഗ്ഗം പിന്തുടര്ന്നാല് ആത്മസാക്ഷാല്‍ക്കാരം പോലും സാദ്ധ്യമാണ്. നിര്‍വാണം വരെ അങ്ങിനെ സാധിക്കും. പക്ഷെ സമൂഹത്തിന്റെ കാര്യം എന്ത്? പൊതുവെ പറഞ്ഞാല്‍ ആരും തന്നെ സമൂഹത്തോടുള്ള കടമകളെക്കുറിച്ച് ചിന്തിക്കുന്നില്ല. ആര്‍എസ്എസ് ആദ്യമായി അതേക്കുറിച്ച് ചിന്തിച്ചു. വ്യക്തികളില്‍ മാറ്റം വരുത്തുകവഴി സമൂഹത്തില്‍ മാറ്റം വരുത്താമെന്ന് അത് പറഞ്ഞു. അന്ന് ക്യാമ്പിലെ സര്‍വ്വാധികാരി, ഭക്ഷണം പാകം ചെയ്യാന്‍ ജ്യേഷ്ഠന് അനുവാദം നല്‍കുന്നതിന് പകരം അദ്ദേഹത്തെ വഴക്ക് പറഞ്ഞിരുന്നുവെങ്കില്‍ ജ്യേഷ്ഠന് ആത്മവികാസം തടസ്സപ്പെടുമായിന്നു. എന്നാല്‍ ആര്‍എസ്എസ് സമീപനം 44 മണിക്കൂര്‍ കൊണ്ട് മാറ്റം ഉണ്ടാക്കി. ഇതാണ് ആര്‍എസ്എസിന്റെ ‘രഹസ്യരീതി.’ ഇങ്ങിനെയാണ് സമൂഹത്തില്‍ മാറ്റം ഉണ്ടാകുന്നത്. ശരിയാണ്, ഈ വഴി നീണ്ടതാണ്, പക്ഷേ മറ്റ് എളുപ്പവഴികളോ കൂട്ടുകളോ ഇല്ലെന്നതും ഓര്‍ക്കണം.
ആര്‍എസ്എസില്‍ തൊട്ടുകൂടായ്മ ഇല്ലാത്തതിനെ ഗാന്ധിജി പ്രശംസിച്ചിട്ടുണ്ട്. ആര്‍എസ്എസ് മാത്രമാണ് സമൂഹത്തെ സംഘടിപ്പിക്കുന്നത്. ബാക്കിയെല്ലാ പ്രസ്ഥാനങ്ങളും വ്യത്യസ്ത താത്പര്യങ്ങളും പ്രത്യേക അവകാശങ്ങളും തങ്ങളുടെ പ്രത്യേകതകളും മാന്യതയും എല്ലാം പറഞ്ഞ് സമൂഹത്തെ വിഭജിക്കുകയാണ് ചെയ്യുന്നത്. അവര്‍ നിരന്തരമായി തൊട്ടുകൂടായ്മയെ പ്രോത്സാഹിപ്പിക്കുകയാണ്. ‘തൊട്ടുകൂടാത്തവര്‍’ എന്ന് കരുതപ്പെടുന്നവരെ അവര്‍ നിരന്തരമായി ‘വേറിടല്‍’ ഓര്‍മ്മിപ്പിച്ചുകൊണ്ടിരിക്കുന്നു. ‘നിങ്ങള്‍ അവഗണിക്കപ്പെടുന്നു’, ‘നിങ്ങള്‍ക്ക് സമൂഹത്തില്‍ യാതൊരു സ്ഥാനവും ഇല്ല’ എന്നെല്ലാം പറഞ്ഞുകൊണ്ടേയിരിക്കുന്നു.
ആര്‍എസ്എസിന് രണ്ടു ചുമതലകള്‍ നിര്‍വഹിക്കാനുണ്ട്. ഒന്നാമത്തേത് ഹിന്ദുക്കളെ സംഘടിപ്പിക്കുക എന്നത്. ജാതി തുടങ്ങിയ കൃത്രിമ വ്യത്യാസങ്ങളില്‍നിന്ന് മോചിതമായ സുസംഘടിതവും സുശക്തവുമായ ഹിന്ദുസമാജത്തെ സൃഷ്ടിക്കുക. ചില വ്യത്യാസങ്ങള്‍ തുടരും. എന്നാല്‍ വൈവിദ്ധ്യങ്ങളാണ് ജീവിതത്തിന്റെ സൗന്ദര്യം. ഭാഷകളിലുള്ള വ്യത്യാസം തുടരും. അത്തരം വൈവിദ്ധ്യങ്ങളെ നശിപ്പിക്കാന്‍ നമ്മള് ആഗ്രഹിക്കുന്നില്ല. അടുത്ത ചുമതല അഹിന്ദുക്കളെ – മുസ്ലീങ്ങളേയും കൃസ്ത്യാനികളേയും പോലുള്ളവരെ – സാത്മീകരിക്കലാണ്. അവര്‍ക്ക് അവരുടെ വിശ്വാസപ്രകാരമുള്ള മതം പിന്തുടരാം. അതില്‍ എതിര്‍പ്പില്ല. നമ്മള് മരങ്ങള്‍, മൃഗങ്ങള്‍, കല്ലുകള്‍ എന്നുവേണ്ട എല്ലാറ്റിനെയും ആരാധിക്കുന്നു. നമുക്ക് ദൈവത്തെ ആരാധിക്കാന്‍ നൂറ് കണക്കിനു വഴികളുണ്ട്. അവര്‍ക്ക് ഇഷ്ടമുള്ളിടത്ത് ദൈവത്തെ ആരാധിക്കാം. പക്ഷെ അവര്‍ ഈ രാജ്യ ത്തെ ‘മാതൃഭൂമി’യായി കണക്കാക്കണം. ഇന്നാട്ടിനോട് ദേശഭക്തി എന്ന വികാരം വേണം. ഇസ്ലാമിന്റെ ‘ദാറുല്‍ ഇസ്ലാം’, ‘ദാറുല്‍ ഹറാം’ ആക്കിത്തീര്‍ക്കുന്ന രീതി ഇതിനു തടസ്സമാണ്. ഇസ്ലാം ന്യൂനപക്ഷമായിട്ടുള്ള രാജ്യത്ത് അത് നിലനില്ക്കുന്നതും വളരുന്നതും ഇനിയും പഠിക്കേണ്ടതുണ്ട്. അവര്‍ക്ക് മുഴുവന്‍ ഇന്ത്യയേയും ഇസ്ലാമിലേയ്ക്ക് പരിവര്‍ത്തനം ചെയ്യാനാവില്ല. എന്നാലും അവരിവിടെ ജീവിക്കേണ്ടവരാണ്. അതിനാല്‍ ഈ വസ്തുത അവര്‍ അംഗീകരിക്കണം. ഇന്ന് മുസ്ലീം രാജ്യങ്ങളില്‍ ഇക്കാര്യം ആഴത്തിലുള്ള ചിന്തയ്ക്കും ചര്‍ച്ചയ്ക്കും കാരണമായിത്തീര്‍ന്നിട്ടുണ്ട്. കാരണം ഖുറാന് ഇതിനു പരിഹാരം നിര്‍ദ്ദേശിക്കുന്നില്ല. അത് കാഫിറിങ്ങളെ കൊല്ലുന്നതിനെപ്പറ്റിയും മതം മാറ്റുന്നതിനെപ്പറ്റിയും മാത്രമെ പറയുന്നുള്ളു. അതവര്‍ക്ക് എപ്പോഴും എല്ലാ രാജ്യങ്ങളിലും നടപ്പാക്കാന്‍ സാദ്ധ്യമല്ല. അവര്‍ ന്യൂനപക്ഷമായ രാജ്യങ്ങളില്‍ അതെങ്ങിനെ നടപ്പാക്കും? അതിനവര്‍ മുതിര്‍ന്നാല്‍ വലിയൊരു സംഘര്‍ഷം രൂപം കൊള്ളുകയും അതില്‍ ന്യൂനപക്ഷങ്ങള്‍ മാത്രം കൊല്ലപ്പെടുകയും ചെയ്യും. നിലവിലുള്ള സാഹചര്യങ്ങള്‍ അനുസരിച്ച് മുസ്ലീങ്ങള്‍ സ്വയം മാറേണ്ടതുണ്ട്. അവര്‍ക്കുവേണ്ടി നമുക്കതു ചെയ്യാനാവില്ല.
മുസ്ലീം പ്രശ്നത്തെക്കുറിച്ച് ശരിയായ രീതിയില്‍ കോണ്‍ഗ്രസ് മനസ്സിലാക്കിയിട്ടില്ല. അവര്‍ പ്രീണനം നടത്തിക്കൊണ്ടേയിരിക്കുന്നു. പക്ഷേ ഫലമെന്താണ്? ഇവിടെയുള്ള മുസ്ലീങ്ങളെ മൂന്നുതരത്തില്‍ പരിഗണിക്കാം. ഒന്നാമത്തേത് ‘തിരസ്ക്കരണ’മാണ്. അതായത് അവര്‍ സ്വയം മാറാന്‍ തയ്യാറല്ലെങ്കില്‍ അവരെ കയ്യൊഴിയുക, അവരെ സൗഹാര്‍ദത്തോടെ കാണാതിരിക്കുക. രണ്ടാമത്തേത് ‘പുരസ്കാര’മാണ്. അതായത് പ്രീണനം. അവര്‍ക്ക് കൈക്കൂലി കൊടുക്കുക. മൂന്നാമത്തേത്: ‘പരിഷ്കാരം’. അവര്‍ക്ക് ദേശീയസംസ്കാരം നല്കി പരിഷ്കരിക്കുക. അങ്ങിനെ അവരെ മുഖ്യധാരയിലേയ്ക്ക് കൊണ്ടുവരിക. നാം അവര്‍ക്ക് സംസ്ക്കാരം നല്കി മാറ്റം കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നു. അവര്‍ക്ക് അവരുടെ മതം പിന്തുടരാം. മെക്ക മുസ്ലീങ്ങള്‍ക്ക് പുണ്യസ്ഥലം ആയി തുടരും. പക്ഷെ ഇന്ത്യയെ എല്ലാ പുണ്യസ്ഥലങ്ങളെക്കാളും പവിത്രമായി കാണണം. അവര്‍ക്ക് ഏതു പള്ളിയിലും നമാസ് നടത്താം, റോസ സ്വീകരിക്കാം. പക്ഷേ മെക്ക അഥവാ ഇസ്ലാമും ഇന്ത്യയും രണ്ടിലേതെങ്കിലും ഒന്ന് തെരഞ്ഞെടുക്കേണ്ട അവസരത്തില്‍ ഇന്ത്യയെ തെരഞ്ഞെടുക്കണം. എല്ലാ മുസ്ലീങ്ങള്‍ക്കും ഈ വികാരം ആവശ്യമാണ്. നാം ജീവിക്കുന്നതും മരിക്കുന്നതും ഈ രാജ്യത്തിനുവേണ്ടിയായിരിക്കണം
ഞാന്‍ 10ല്‍ പഠിക്കുന്ന സമയത്ത് ആണ് ‘ഹിന്ദു തന് മന – ഹിന്ദു ജീവന്’ എഴുതിയതെന്നു പറഞ്ഞല്ലോ. അതില്‍ ചോദിച്ചു. ‘പറയൂ കാബൂളില്‍ എത്ര പള്ളികള്‍ ഞാന്‍ തകര്‍ത്തു’ എന്ന്. ഞാന്‍ ഇന്നും ആ വാക്കുകളില്‍ ഉറച്ചുനില്‍ക്കുന്നു. പക്ഷെ നമ്മള് (ഹിന്ദുക്കള്‍) അയോദ്ധ്യയിലെ കെട്ടിടം തകര്‍ത്തു. അത് മുസ്ലീം വോട്ടുബാങ്കിനോടുള്ള പ്രതിക്രിയ ആയിരുന്നു. ഈ പ്രശ്നം മദ്ധ്യസ്ഥത വഴിയും നിയമനിര്‍മാണം വഴിയും പരിഹരിക്കാന്‍ നമ്മള് ആഗ്രഹിച്ചു. പക്ഷേ തെറ്റിന് യാതൊരു പുരസ്കാരവും ഇല്ല. നമ്മള് തെറ്റിനെയും പരിഷ്കരിച്ചെടുത്തു. ഹിന്ദുക്കള്‍ പുനര്‍ജ്ജീവിക്കപ്പെട്ടു എന്നാണ് ഞാന്‍ കരുതുന്നത്. അതാണ് ആര്‍എസ്എസ്സിന്റെ പ്രഥമ ലക്ഷ്യവും. മുമ്പെല്ലാം ഹിന്ദുക്കള്‍ അക്രമിക്കുമുന്നില് തല കുനിക്കുമായിരുന്നു. ഇപ്പോള്‍ അങ്ങനെയല്ല. ഹിന്ദു സമൂഹത്തിലെ ഈ മാറ്റം സ്വാഗതാര്‍ഹമാണ്.
പുതിയതായി കണ്ടെത്തിയ ആത്മപ്രകാശനത്തിലൂടെ ഇത്രയും മാറ്റങ്ങള്‍ ഉണ്ടായിരിക്കണം. ഇത് നിലനില്‍പ്പിന്റെ പ്രശ്നമാണ്. ഹിന്ദുസമൂഹം വികസിച്ചില്ലെങ്കില്‍ നിലനില്‍പ്പിന്റെ പ്രതിസന്ധി നേരിടും. നമുക്ക് സ്വയം വികസിക്കണം. ഹിന്ദുക്കളായിത്തന്നെ നമുക്ക് ജീവിക്കണം. ഒരിക്കല്‍ ഒരു യാദവനേതാവ് എന്നോടു പറഞ്ഞു:- ”എല്ലാ യാദവന്മാരേയും കുറ്റം പറയരുത്. എല്ലാ യാദവന്മാരും മുലയംസിങ്ങിന്റേയോ ലാലുപ്രസാദിന്റേയോ കൂടെയല്ല. സംസ്ക്കാരസമ്പന്നനായ ഒരു യാദവനും അവരെ ഇഷ്ടപ്പെടുന്നില്ല. ദളിതന്മാര്ക്കിടയിലും കുര്‍മി, ഗുജ്ജാര്‍ തുടങ്ങിയവര്‍ക്കിടയിലും മുസ്ലീങ്ങളുണ്ട്. എന്നാല്‍ യാദവമുസ്ലീം ഒരിടത്തുമില്ല. യാദവര്‍ ഒരിക്കലും ഇസ്ലാമിനെ സ്വീകരിച്ചിട്ടില്ല. ‘യാദവ-മുസ്ലീം ഐക്യം’ (മൈ കാര്‍ഡ്) വോട്ടിനുവേണ്ടിയുള്ള പൊള്ളയായ മുദ്രാവാക്യം മാത്രമാണ്.”
ആര്‍എസ്എസുമായി എന്റെ ദീര്‍ഘകാല ബന്ധത്തിന് കാരണം ഞാന്‍ സംഘത്തെ സ്നേഹിക്കുന്നു എന്നതാണ്. എനിക്കതിന്റെ ആശയം ഇഷ്ടമാണ്. അതിലുപരി ജനങ്ങളോടുള്ള ആര്‍എസ്എസിന്റെ മനോഭാവം ഞാനിഷ്ടപ്പെടുന്നു. പരസ്പരബന്ധം ഇഷ്ടപ്പെടുന്നു. ഇത് ആര്‍എസ്എസ്സില്‍ മാത്രം കാണാന്‍ കഴിയുന്ന ഒന്നാണ്. ഞാന്‍ ലക്നോവില്‍ ഉണ്ടായിരുന്ന കാലത്ത് സോഷ്യലിസ്റ്റ് പ്രസ്ഥാനം അതിന്റെ ഉച്ചാവസ്ഥയിലായിരുന്നു. പെട്ടെന്ന് ഒരു മുതിര്‍ന്ന സോഷ്യലിസ്റ്റ് നേതാവ് സുഖമില്ലാതെ കിടപ്പിലായി. അദ്ദേഹം ഒറ്റയ്ക്ക് വീട്ടില്‍ കിടക്കുകയായിരുന്നു. അദ്ദേഹത്തിന്റെ സുഖസൗകര്യങ്ങള്‍ അന്വേഷിക്കാന്‍ ആരും ചെന്നില്ല. ഈ വിവരം ആചാര്യ നരേന്ദ്രദേവ് അറിഞ്ഞു. അദ്ദേഹം ആ സോഷ്യലിസ്റ്റ് നേതാവിനെ വീട്ടിലെത്തി കണ്ടു. എന്നിട്ട് പറഞ്ഞു:- ”സോഷ്യലിസ്റ്റ് പാര്‍ട്ടിയില്‍ എന്ത് സാഹോദര്യമാണുള്ളത്? ആരും നിങ്ങളെ കാണാന്‍ വന്നില്ലല്ലോ. ഇതൊരിക്കലും ആര്‍എസ്എസ്സില്‍ സംഭവിക്കില്ല. ഒരു സ്വയംസേവകന് ഒരു ദിവസം ശാഖയില്‍ വരാതിരുന്നാല്‍ അന്നേദിവസം തന്നെ സുഹൃത്തുക്കള്‍ അയാളുടെ വീട്ടിലെത്തി സുഖവിവരം തിരക്കും.”
ഞാന്‍ അടിയന്തിരാവസ്ഥയില്‍ സുഖമില്ലാതെ കിടന്നപ്പോള്‍ കുടുംബാംഗങ്ങള്‍ എന്നെ കാണാനായി വന്നില്ല. അങ്ങിനെ ഉണ്ടായാല്‍ അറസ്റ്റ് ചെയ്യപ്പെടും എന്നവര്‍ ഭയന്നു. ആര്‍എസ്എസ് പ്രവര്‍ത്തകര്‍ മാത്രമാണ് എന്നെ സഹായിച്ചത്. ആര്‍എസ്എസില്‍ ബന്ധങ്ങള്‍ എത്ര സജീവമാണെന്നും സാഹോദര്യഭാവന എത്രത്തോളമുണ്ടെന്നും നോക്കൂ. സംഘം നമ്മുടെ കുടുംബമാണ്. നാമെല്ലാം ഒന്നാണ്.
തുടക്കത്തില്‍ പ്രവര്‍ത്തകരുടെ കുറവുമൂലം നമുക്ക് സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളിലും പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ കഴിഞ്ഞില്ല. ‘വ്യക്തിനിര്‍മ്മാണം’ എന്നതിനാണ് ആര്‍എസ്എസ്സില്‍ പ്രഥമപരിഗണന. ഇപ്പോള്‍ നമുക്ക് കൂടതല്‍ പ്രവര്‍ത്തകരുള്ളതിനാല്‍ നാം സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളിലും എല്ലാ രംഗങ്ങളിലും പ്രവര്‍ത്തിക്കണം. മാറ്റം എല്ലാ രംഗങ്ങളിലും വരുന്നുണ്ട്. പക്ഷെ ‘വ്യക്തിനിര്‍മ്മാണം’ എന്നത് നിര്‍ത്താന്‍ പാടില്ല. അത് തുടരണം. അതാണ് ആര്‍എസ്എസ് പ്രസ്ഥാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: