ന്യൂദല്‍ഹി: ഇന്ത്യന്‍ സേനയ്ക്ക് ഞായറാഴ്ച ട്വിറ്ററിലൂടെ എത്തിയത് ഹംഗറിയിലെ ബുഡാപെസ്റ്റില്‍ നിന്നും എത്തിയത് ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്നും ഉള്ള അഭിനന്ദനം. ഹംഗറിയിലെ ഇന്ത്യന്‍ എംബസിയാണ് ട്വിറ്ററിലൂടെ ഇന്ത്യയുടെ കര-വ്യോമസേനകളെ ദുര്‍ഘടമെങ്കിലും വിജയപര്യവസായിയായ രക്ഷാദൗത്യത്തെ അഭിനന്ദിച്ചത്.
കഠിനപ്രയത്നവും സ്ഥിരോത്സാഹവും നിറച്ച് 30 മണിക്കൂറുകള്‍ നീണ്ട രക്ഷാദൗത്യത്തില്‍ 38 കാരനായ ഹംഗറിക്കാരനായ യുവാവിനെ ഹിമാലയത്തിലെ അപകടകരമായ ഹിമാവൃതമായ ഉമശിലയില് നിന്നാണ് ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്. ഹിമാലയത്തില്‍ മലകയറ്റത്തിനെത്തിയതായിരുന്നു അകോസ് വെര്‍മെസ്. ജമ്മു കശ്മീരിലെ ധൂളില്‍ നിന്നുള്ള രാഷ്ട്രീയ റൈഫിള്‍സും ഉദംപൂരിലെ ഇന്ത്യന്‍ വ്യോമസേന ടീമുമാണ് രക്ഷാദൗത്യത്തില്‍ പങ്കാളികളായതെന്ന് ജമ്മുവിലെ കരസേന പിആര്‍ഒ ലഫ്. കേണല്‍ ദേവേന്ദര്‍ ആനന്ദ് പറഞ്ഞു.
കിഷ്താറിലെ സുംചം താഴ് വരയിലെ പദ്ദാര്‍ പ്രദേശത്ത് നിന്നും സൈന്യം രക്ഷിച്ചെടുത്തത് അഞ്ച് ദിവസമായി കാണാതായ അകോസ് വെര്‍മെസ് എന്ന ഹംഗറിക്കാരന്‍ യുവാവിനെ. ഉമശിലയിലെ മരംകോച്ചുന്ന തണുപ്പില്‍ അകപ്പെട്ടുപോവുകയായിരുന്നു അകോസ് വെര്‍മെസ്. ഇന്ത്യയുടെ കരസേനയും വ്യോമസേനയും സംയുക്തമായി നടത്തിയ രക്ഷാദൗത്യം 30 മണിക്കൂറുകള്‍ നീണ്ടു. “ഇത് കഠിനാധ്വാനത്തിന്റെയും അഭിമാനത്തിന്റെയും കാര്യം”- എന്നായിരുന്നു ബുഡാപെസ്റ്റിലെ ഇന്ത്യന്‍ എംബസി കുറിച്ചത്.
ഭയപ്പെടുത്തുന്ന വിസ്തൃതിയുടെ അപാരത നിറഞ്ഞ മഞ്ഞണിഞ്ഞ മലനിരകളുടെ ഗൂഗിള്‍ ഭൂപടത്തില്‍ അകോസ് വെര്‍മസിനെ കണ്ടെത്തിയ ഇടം അടയാളപ്പെടുത്താന്‍ കഴിയാത്ത അത്രയും സൂക്ഷമമായതാണ്. അവിടെ നിന്നും ഒടുവില്‍ വ്യോമസേന ആകാശമാര്‍ഗ്ഗം രക്ഷിച്ചെടുക്കുകയായിരുന്നു.
“എന്നെ ജീവിതത്തിന്റെ സുരക്ഷിയിലേക്ക് എത്തിച്ച ഇന്ത്യന്‍ സേനയ്ക്ക് അഭിനന്ദനങ്ങള്‍… “- ജീവിതത്തിലേക്ക് മടങ്ങിവന്ന ഹംഗറിക്കാരന്‍ അകൊസ് വെര്‍മെസ് പ്രതികരിച്ചു. ജൂണില്‍ മാത്രം സേന ഏകദേശം 17 മലകയറ്റക്കാരെ രക്ഷിച്ചു. ജമ്മു കശ്മീരിലെ സോനാമാര്ഗിലെ വിഷന്സാര് തടാകത്തിലെ കനത്ത മഞ്ഞുവീഴ്ചയും പ്രതികൂല കാലാവസ്ഥയുമാണ് ഇവര്‍ വഴിതെറ്റാന്‍ കാരണമായത്. താഴ്വരയിലൂടെയുള്ള ഹിമാലയന്‍ കാല്‍നടയാത്രയില്‍ വിഷന്സാര് തടാകം, ക്രിഷന്സര് തടാകം, ഗഡ്സര്‍ തടാകം, ഹര്‍മുഖ് പീക്, ഗംഗാബാല്‍ ഇരട്ട തടാകങ്ങള്‍ എന്നിവ മുറിച്ചുകടക്കേണ്ടതുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: