ചൂളം വിളിച്ച് മുന്നിലൂടെ കടന്നു പോകുന്ന ഓരോ ട്രെയിനിനും സുരക്ഷിത പാതയൊരുക്കുന്നതിനൊപ്പം ജീവിതഗന്ധിയായ കഥകള്‍ കണ്ടെത്തുകയാണ് പി.ബി. വിനോദ്കുമാര്‍ എന്ന യുവകഥാകൃത്ത്.
പുനലൂര്‍ റെയില്‍വെ സ്റ്റേഷനിലെ ജീവനക്കാരനായ ചെങ്ങന്നൂര്‍ ചെറിയനാട് സരോവരം കാവിനേത്ത് വീട്ടില്‍ വിനോദ്കുമാറിന്റെ തൂലികയിലാണ് ജീവിതാനുഭവങ്ങളും നേര്‍ക്കാഴ്ചകളും പുതുമനിറഞ്ഞ ചെറുകഥകളായി വിരിയുന്നത്.
ചെറുപ്പം മുതല്‍ പുസ്തകങ്ങളെ സ്നേഹിക്കുന്ന വിനോദ്, റെയില്‍വെയിലെ ജീവിതാനുഭവങ്ങളും നേരനുഭവങ്ങളും ഉള്‍പ്പെടുത്തി എഴുതിയ പന്ത്രണ്ടു കഥകള്‍ അടങ്ങിയ, ബെന്യാമിന് അവതാരിക എഴുതിയ ‘കാളിയാട്ടം’ എന്ന പുസ്തകമാണ് ഒടുവില്‍ ഇറങ്ങിയത്.
‘അരളി ചെടികള്‍ പൂക്കുമ്പോള്‍’ എന്ന ചെറുകഥയില്‍ റെയില്‍വെ ട്രെയിനിങ്ങിനിടയിലുണ്ടായ സംഭവങ്ങളും റെയില്‍വെ യാത്രക്കാരുടെ അനുഭവങ്ങളുമാണുള്ളത്. ‘തത്തപ്പനി’ എന്ന ചെറുകഥ 1999ല്‍ ബാലഭൂമിയിലാണ് ആദ്യം പ്രസിദ്ധീകരിച്ചത്.
കൊവിഡ് ലോക്ഡൗണിലാണ് കൂടുതല്‍ കഥകള്‍ എഴുതിയതെന്ന് വിനോദ് പറയുന്നു. പല സമയങ്ങളിലായി കുറിച്ചുവച്ചിരുന്നതില് നിന്ന് കൊവിഡ് കാലത്ത് വിരിഞ്ഞത് പന്ത്രണ്ട് ചെറുകഥകള്‍. ഇതാണ് പിന്നീട് കാളിയാട്ടമായി പുറത്തിറങ്ങിയത്.
ട്യൂട്ടോറിയല്‍ അധ്യാപകന്, എല്‍ഐസി ഏജന്റ്, കായംകുളം കെസിടി എന്നിവിടങ്ങളിലെ ജോലിക്ക് ശേഷമാണ് ഇന്ത്യന്‍ റെയില്‍വെയില്‍ ജോലി ലഭിച്ചത്. പുനലൂര്‍ സ്റ്റേഷനില്‍ ഷണ്‍ഡിങ് സ്റ്റാഫാണ് വിനോദ്.
2020ലെ തകഴി അയ്യപ്പക്കുറുപ്പ് ചെറുകഥ മത്സരത്തില്‍ പ്രത്യേക ജൂറി പുരസ്കാരം ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ ഇതിനകം തേടിയെത്തിയിട്ടുള്ള ഈ യുവപ്രതിഭ, സാഹിത്യ ലോകത്ത് പുതിയ പ്രതീക്ഷയാവുകയാണ്. ഭാര്യ പ്രഭ. മക്കള്‍ പ്രണവ്, പ്രപഞ്ച്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: