അടുത്ത കാലത്ത് ലോകത്തെ ഞെട്ടിച്ച സംഭവങ്ങളിലൊന്നാണ് വിശ്വവിഖ്യാത എഴുത്തുകാരന് സല്മാന് റുഷ്ദിക്ക് നേരെ നടന്ന വധശ്രമം. ലോകം മുഴുവന്‍ ഈ സംഭവത്തെ അപലപിച്ചു. വാര്‍ദ്ധക്യത്തിലെ റുഷ്ദിയെ എന്തിനാക്രമിച്ചു എന്ന ചോദ്യം ലോകം മുഴുവനുമുള്ള എഴുത്തുകാരും മനുഷ്യാവകാശ സംഘടനകളും ചോദിക്കുന്നു. കമ്യൂണിസ്റ്റ് ഭീകരതയും ഇസ്ലാമിസ്റ്റ് ഭീകരതയും മറ്റ് ഫാസിസ്റ്റ് ഭീകരതയും ചെറുക്കാന്‍ ലോകം തയ്യാറായിക്കൊണ്ടിരിക്കുന്ന കാലഘട്ടമാണിത്. ലോകത്തേറ്റവും വലിയ ഫാസിസ്റ്റ് പ്രസ്ഥാനം കമ്യൂണിസമാണ്. സ്റ്റാലിനും ചെഷസ്ക്യൂവും പോള്‍പോട്ടും നരാധമത്വത്തിന്റെ അവസാന വാക്കുകളാണ്. സ്റ്റാലിന്റെ ഭരണകാലത്ത് വധിക്കപ്പെട്ട കലാകാരന്മാര്ക്കും എഴുത്തുകാര്‍ക്കും കൈയും കണക്കുമില്ല. എഴുത്തുകാര്‍ കമ്യൂണിസ്റ്റ് ഭരണത്തിന്റെ കുഴലൂത്തുകാര്‍ ആകണമെന്ന് സ്റ്റാലിന് നിര്‍ബന്ധമുണ്ടായിരുന്നു. ചെയ്യാത്ത തെറ്റിന് സൈബീരിയയിലെ കൊടുംതണുപ്പില്‍ കാരാഗ്രഹത്തില്‍ കഴിഞ്ഞ സോള്‍ഷെനിറ്റ്സന്റെ കൃതികള്‍ നമ്മുടെ മുന്പിലുണ്ട്. സ്റ്റാലിനിസം ഒരു കൊടുങ്കാറ്റായി ആഞ്ഞ് വീശിയപ്പോള്‍ നേരിയ സംശയത്തിന്റെ പേരില്‍ ലക്ഷക്കണക്കിനാളുകളെ കശാപ്പ് ചെയ്തു. പതിനായിരക്കണക്കിനാളുകളെ തടങ്കല്‍ പാളയങ്ങളില്‍ പാര്‍പ്പിച്ചു. സ്റ്റാലിന്റെ ചരമത്തെക്കുറിച്ച് ഒരു അമേരിക്കന്‍ പത്രം എഴുതിയത് ”സ്റ്റാലിന്റെ ചരമം ആ രാജ്യത്തെ അപഹാസ്യമായ ഒരു വ്യക്തി പൂജാ പാരമ്പര്യത്തില്‍ നിന്നും അത്യന്തം മര്‍ദ്ദനപരമായ സ്വേച്ഛാധികാര ഭരണത്തില്‍ നിന്നും വിമുക്തമാക്കി”യെന്നാണ്.
The oxford history of Anaecdots (ചരിത്ര സംഭവങ്ങളുടെ വിവരണം) എന്ന പടുകൂറ്റന്‍ ഗ്രന്ഥത്തില്‍ ‘കൂലാക്സ്’ എന്ന 200 പേജുകള്‍ വരുന്ന അധ്യായത്തില്‍ സ്റ്റാലിനിസത്തിന്റെ കൊടുംഭീകരതയും കിരാതമഥനവും അദ്ദേഹം കൊന്നൊടുക്കിയ എഴുത്തുകാരെക്കുറിച്ചും പറയുന്നുണ്ട്.””I have dealt with more than 3 crores” ‘ (മൂന്ന് കോടിയില്‍ കൂടുതല്‍ ആളുകളെ എനിക്ക് കൊല്ലേണ്ടി വന്നു) എന്ന് സ്റ്റാലിന് വിന്‍സ്റ്റണ്‍ ചര്‍ച്ചിലിനോട് സമ്മതിച്ചതായി ഈ ഗ്രന്ഥത്തിലുണ്ട്. ഹിറ്റ്ലര്‍ കൊന്നൊടുക്കിയത് ഒരു കോടിയോളം എന്ന് ഇഎംഎസ് എഴുതിയിട്ടുണ്ട്. പക്ഷേ സ്റ്റാലിന്റെ അറവുശാലയില്‍ പിടഞ്ഞ് വീണത് 5 കോടിയോളം മനുഷ്യരാണെന്ന് റഷ്യന്‍ ചരിത്രകാരന് മിലോവഞ്ചലാസ് തന്റെ “The demonic struggle’ എന്ന ചരിത്ര ഗ്രന്ഥത്തില്‍ പറയുന്നു. ഇത് അതിശയോക്തിയായിരിക്കാം. പക്ഷേ ഇന്നത്തെ റഷ്യന്‍ ചരിത്രകാരന്മാരെല്ലാം സ്റ്റാലിന് കൊന്നൊടുക്കിയ വൃദ്ധരുടെയും കുട്ടികളുടെയും കണക്കുകള്‍ നല്കുന്നു. ലോകചരിത്രത്തില്‍ ‘സ്റ്റാലിനിസ്റ്റ് ഭീകരത’യോളം വലിയ ഒരു നരവേട്ട ഉണ്ടായിട്ടില്ല.
സിപിഐ നേതാവ് പി.കെ. വാസുദേവന്‍ നായര്‍ കംപൂച്ചിയായിലെ പോള്‍ പോട്ടിന്റെ നരവേട്ടയെക്കുറിച്ച് ‘ജനയുഗം’ വാരികയില്‍ ലേഖന പരമ്പര എഴുതിയിരുന്നു. അദ്ദേഹം കംപൂച്ചിയ സന്ദര്‍ശിച്ചിട്ടുണ്ട്. പോള്‍പോട്ട് കൊന്ന ലക്ഷക്കണക്കിന് മനുഷ്യരുടെ തലയോടുകള്‍ ഒരു വലിയ കുന്നിന്‍നിറുകയില്‍ സൂക്ഷിച്ചത് തന്നെ അത്ഭുതപ്പെടുത്തിയതായി പികെവി എഴുതുന്നു. ഇന്നത്തെ ചൈനീസ് ഭരണാധികാരിയുടെ ക്രൂരതകള്‍ എഴുതാന്‍ ആയിരക്കണക്കിന് പേജുകള്‍ വേണ്ടിവരും. ചാനല്‍ ചര്‍ച്ചകളില്‍ സിപിഎം എന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ വാദമുഖങ്ങളെ സമര്‍ത്ഥിക്കാന്‍ സിപിഎം നേതാവ് സമ്പത്ത് പോള്‍പോട്ട് കമ്യൂണിസ്റ്റുകാരനല്ലായിരുന്നു എന്ന് വാദിക്കുന്നത് കേട്ടിട്ടുണ്ട്.
സെമിറ്റിക് മതങ്ങളും കമ്യൂണിസ്റ്റുകളും സമാനസ്വഭാവമുള്ളവരാണ്. തങ്ങള്‍ പറയുന്നത് ആത്യന്തിക സത്യമാണ്, അതംഗീകരിക്കണം എന്ന് അവര്‍ തറപ്പിച്ചു പറയുന്നു. ക്രിസ്ത്യന്‍ ലോകം പ്രത്യേകിച്ച് യൂറോപ്പിലെ ക്രിസ്ത്യന്‍ രാജ്യങ്ങള്‍ സെക്ടേറിയന്‍ രക്തപുഴ നീന്തിക്കടന്ന് ശാസ്ത്രീയവബോധം ആര്‍ജിച്ചവരാണ്. വിശ്വവിഖ്യാത ചരിത്രകാരന് ടോയിന്‍ബി തന്റെ “The Man Kind and the Mother earth’ എന്ന ഗ്രന്ഥത്തില്‍ പറയുന്നത് 18-19 നൂറ്റാണ്ടുകളില്‍ സെക്ടേറിയനിസത്തിന്റെ പേരില്‍ ക്രിസ്ത്യന്‍ ലോകത്ത് കോടിക്കണക്കിന് മനുഷ്യര്‍ മരിച്ചു എന്നാണ്. ഒന്നും രണ്ടും ലോകമഹായുദ്ധങ്ങള്‍ ക്രിസ്ത്യന്‍ രാജ്യങ്ങള്‍ തമ്മിലായിരുന്നു. ഒടുവില്‍ ബുദ്ധിസ്റ്റുകളുടെ മൂര്‍ദ്ധാവില്‍ ആറ്റംബോംബിട്ട് കോടിക്കണക്കിന് മനുഷ്യരെ ഭസ്മമാക്കി. പക്ഷേ ഇന്ന് ക്രിസ്ത്യന്‍ ലോകത്ത് സെക്ടേറിയന്‍ യുദ്ധങ്ങള്‍ നടക്കുന്നില്ല. ക്രിസ്തുവിനെ വിമര്‍ശിച്ച് പുസ്തകമെഴുതിയാലും അവര്‍ പ്രതികരിക്കാറില്ല. ഇരുപതാം നൂറ്റാണ്ടിലെ വലിയ ഹ്യുമനിസ്റ്റുകളുടെ പട്ടികയില്‍ വരുന്ന ആദ്യത്തെ പേരാണ് ആല്‍ബര്‍ട്ട് ഷൈ്വറ്റ്സര്‍. വിഖ്യാത ഭിഷഗ്വരനും പാസ്റ്ററും ആയിരുന്ന ഷൈ്വറ്റ്സര്‍ 25 വര്‍ഷം അമേരിക്കയിലും ആഫ്രിക്കയിലും അധഃകൃത വിഭാഗത്തെ പകര്‍ച്ചവ്യാധിയില്‍ നിന്നും രക്ഷിച്ചു. ഷൈ്വറ്റ്സറുടെ “in quest of Jesus’ (ജീസസിനെക്കുറിച്ചുള്ള അന്വേഷണം) എന്ന പുസ്തകമെഴുതാന്‍ 25 വര്‍ഷമെടുത്തു. ജീസസ് ചരിത്രപുരുഷനല്ല, മിത്താണ് എന്ന് ഷൈ്വറ്റ്സര്‍ പറഞ്ഞു. തന്റെ ഗവേഷണത്തില്‍ ജീസസ് ചരിത്രപുരുഷനാണ് എന്ന് തെളിയിക്കാന്‍ കഴിഞ്ഞില്ല എന്ന് ഷൈ്വറ്റ്സര്‍ ഇതേ ബുക്കില്‍ പറയുന്നു. ഈ മഹാപണ്ഡിതനെയും ഋഷിതുല്യമായിജീവിച്ച ഡോക്ടറേയും പാശ്ചാത്യലോകം അംഗീകരിച്ചു. ബര്‍ട്രാന്‍ഡ് റസ്സലും, നീഷെ, കാമു, സാര്‍ത്ര്, ഷെനെ തുടങ്ങിയ ചിന്തകരും നിരീശ്വരവാദത്തിന്റെ വക്താക്കളായിരുന്നു. പക്ഷേ യൂറോപ്പ് അവരുടെ വര്‍ക്ക് ഓഫ് ആര്‍ട്ട് വിലയിരുത്തുമ്പോള്‍ നിരീശ്വരം, ഈശ്വരം തുടങ്ങിയ അളവുകോല്‍ ഉപയോഗിക്കാറില്ല.
ബുദ്ധമതത്തിന് സ്വാധീനമുള്ള തെക്കന്‍ കൊറിയയും വടക്കന്‍ കൊറിയയും ജപ്പാനുംചൈനയും ശ്രീലങ്കയും ബുദ്ധിസ്റ്റ് രാജ്യങ്ങള്‍ എന്നറിയപ്പെടുന്നില്ല. ഇസ്ലാമിക രാജ്യങ്ങള്‍ എന്നറിയപ്പെടുന്ന പല രാജ്യങ്ങളും ഷിയാ, സുന്നി വിഭാഗങ്ങളുടെ പിടിയിലാണ്. സുന്നികള്‍ക്ക് ഭൂരിപക്ഷമുള്ള രാജ്യങ്ങളില്‍ ഷിയാ വിഭാഗം ന്യൂനപക്ഷമാണ്. ഇതെഴുതുന്ന ലേഖകന്‍ മിഡിലീസ്റ്റില്‍ ജോലി ചെയ്യുമ്പോള്‍ ഷിയാ വിഭാഗം പണ്ഡിതന്മാരുടെ അഭിപ്രായം ആരാഞ്ഞിരുന്നു. പാകിസ്ഥാനില്‍ പതിനാറ് ശതമാനം ‘ഷിയ’ വിഭാഗക്കാരാണ്. ഓരോ വര്‍ഷവും പതിനായിരക്കണക്കിന് സുന്നി വിശ്വാസികളെ ഷിയാ വിഭാഗം കൊന്നൊടുക്കുന്നു. സുന്നി വിഭാഗത്തിന് സ്വാധീനമുള്ള സ്ഥലങ്ങളില്‍ ഷിയാ വിഭാഗത്തെ കൊന്നൊടുക്കുന്നു. ഷിയാ വിഭാഗത്തെ ആശയപരമായി വിമര്‍ശിക്കുന്നവരെ കൊന്നൊടുക്കുന്ന രീതി പാകിസ്ഥാനില്‍ സാധാരണമാണ്. ഓരോ വര്‍ഷവും സുന്നി-ഷിയാ പോരാട്ടങ്ങളില്‍ നൂറ് കണക്കിന് മസ്ജിദുകള്‍ തകര്‍ക്കപ്പെടുന്നു. ക്രിസ്ത്യന്‍ സെക്ടേറിയനിസം ഇന്ത്യയില്‍ പ്രത്യേകിച്ച് കേരളത്തില്‍ മാത്രം അവശേഷിക്കുന്നു. ഹൈന്ദവ വിഭാഗങ്ങള്‍ ആയിരക്കണക്കിനുണ്ട്. പക്ഷേ അവര്‍ പരസ്പരം സിവില്‍ വാര് നടത്തിയതായി തെളിവില്ല. ഇന്നത്തെ ലോകത്ത് സെക്ടേറിയനിസത്തിന്റെ പേരില്‍ മനുഷ്യപ്പുഴ ഒഴുക്കുന്നത് മുസ്ലിം ജനവിഭാഗവും കമ്യൂണിസ്റ്റുകളുമാണ്.
സല്മാന് റുഷ്ദിയെ വേട്ടയാടുന്നു
പ്രപഞ്ച പ്രതിഭാസങ്ങളെ നിരീശ്വര കാഴ്ചപ്പാടിലൂടെ വിലയിരുത്തുന്ന നിലപാടുള്ള മഹാസംന്യാസികളും മുനിവര്യന്മാരും നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് ഇന്ത്യയിലുണ്ടായിട്ടുണ്ട്. പക്ഷേ സെമിറ്റിക് മതങ്ങള്‍ ‘നിരീശ്വരം’ അംഗീകരിക്കുന്നില്ല. ഇന്നത്തെ യൂറോപ്പിലെ ധൈഷണിക കാലാവസ്ഥ സ്വാഗതാര്‍ഹം തന്നെ. പക്ഷേ ഒരു നൂറ്റാണ്ട് മുന്‍പ് ബൈബിള്‍ വിമര്‍ശനം നടത്തിയ വരെ ജീവനോടെ കത്തിച്ചുകളഞ്ഞ സംഭവം ഉണ്ടായിട്ടുണ്ട്. ഇസ്ലാം മതം സമാധാനത്തിന്റെ സന്ദേശം നല്കുന്നു എന്ന് പറയുന്നു. പക്ഷേ മുഹമ്മദ് നബിയുടെ അധികാരം കയ്യാളിയ കാലഘട്ടം തൊട്ട് പരസ്പരം സെക്ടുകളും ഗോത്രങ്ങളുമായി വേര്‍പിരിഞ്ഞ് യുദ്ധങ്ങളും മുഹമ്മദ് നബിയുടെ ദൈവീകതയില്‍ വിശ്വസിക്കാത്തവരെ കൊന്നൊടുക്കലും പതിവായിരുന്നു. ജൂതവിഭാഗം മുഹമ്മദ് നബിക്കെതിരെ ശക്തമായി നീങ്ങി എന്നത് ശരിയാണ്. അധികാരം തന്റെ കയ്യില്‍ വന്നപ്പോള്‍ ജൂതന്മാരെ അതിശക്തമായി നേരിട്ടിരുന്നു. ഖുര്‍ആനില്‍ 14 സ്ഥലങ്ങളില്‍ ജൂതവിഭാഗത്തെ വിമര്‍ശിക്കുന്നുണ്ട്. വിഗ്രഹങ്ങളെ ആരാധിക്കുന്ന ജൂതന്മാരെ കൊന്നൊടുക്കണം എന്ന ഖുര്‍ ആന്‍ വാക്യങ്ങളുണ്ട്. ഇത് യുദ്ധ സമയത്തുള്ള പ്രസ്താവങ്ങളാണ് എന്ന് പറഞ്ഞ് മുസ്ലിം പണ്ഡിതന്മാര് കൈകഴുകുന്നു. ലോകം മാറുമ്പോള്‍ എല്ലാ ചിന്തകളും മതഗ്രന്ഥങ്ങളും പുതിയ വ്യാഖ്യാനങ്ങള്‍ തേടണം എന്ന തിരിച്ചറിവുള്ള പണ്ഡിതന്മാര് മുസ്ലിം ലോകത്തുണ്ട്. പക്ഷേ അവരുടെ ശബ്ദം അമര്‍ച്ച ചെയ്യപ്പെടുന്നു. ‘അനല്‍ഹഖ്’ (അഹംബ്രഹ്മാസ്മി) എന്ന തത്വം എ.പി.ജെ. അബ്ദുള്‍ ഖലാമും വൈക്കം മുഹമ്മദ് ബഷീറും പ്രേംനസീറും, യൂസഫലി കേച്ചേരിയും അംഗീകരിക്കുന്നു. പക്ഷേ ബഹുഭൂരിപക്ഷം ഇസ്ലാമിക പണ്ഡിത വിഭാഗവും ബഷീറിനെയും നസീറിനെയും തള്ളിക്കളയുന്നു. ജീവിക്കാന്‍ വേണ്ടി, ഒരു നേരത്തെ ആഹാരത്തിനു വേണ്ടി നാടകാഭിനയം തൊഴിലാക്കിയ നിലംബൂര് ആയിഷയെ കൊല്ലാന്‍ ശ്രമിച്ചത് കഥയല്ല യഥാര്‍ത്ഥ സംഭവമായിരുന്നു. സിനിമയും സാഹിത്യവും കലയും ഇംഗ്ലീഷ് ഭാഷയും ഇസ്ലാമിക ലോകത്ത് പാടില്ല എന്ന് വാദിക്കുന്ന സുന്നിവിഭാഗം തന്നെയാണ് മുസ്ലിം വിശ്വാസികളില്‍ ഏറെയുമുള്ളത്. സാനിയ മിര്‍സ ഓടുന്നത് സുന്നി വിഭാഗം തടയാന്‍ ശ്രമിച്ചു. ഷിയാ കുടുംബം അവര്‍ക്ക് പിന്തുണകൊടുത്തു. ഷിയാ സെക്ട് കലയെ അംഗീകരിക്കുന്നു. സിനിമയെ അംഗീകരിക്കുന്നു.
സാത്താനിക് വേര്‍സസ്
റുഷ്ദിയുടെ നാലാമത്തെ നോവലായി ‘സാത്താനിക് വേര്‍സസ്’ 1988 ലാണ് പുറത്തുവന്നത്. ലാറ്റിനമേരിക്കന്‍ മാജിക്കല്‍ റിയലിസത്തിന്റെ ഇഴകള്‍ ചേര്‍ത്ത് എഴുതിയ ഈ നോവല്‍ തിരുവനന്തപുരത്തുള്ള അറിയപ്പെടുന്ന ഒരു കഥാകൃത്തില്‍ നിന്ന് വായിക്കാന്‍ വാങ്ങിയിരുന്നു. മുഹമ്മദ് നബിയുടെ കാലഘട്ടത്തിലുണ്ടായ യുദ്ധങ്ങളെയും, അദ്ദേഹത്തിന്റെ ഭാര്യമാരുടെ ഇടയിലുള്ള അഭിപ്രായ വ്യത്യാസങ്ങളേയും അലിഗോറിക്കലായി ഈ നോവലില്‍ ചിത്രീകരിക്കുന്നു. എഴുത്തുകാര്‍ ഭാവനയുടെ അതിവിസ്തൃതമായ ലോകം തുറന്നിടുന്നത് സാധാരണമാണ്. 1988 ല്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി ഏതോ ഒരു മൗലവിയുടെ നിര്‍ദേശപ്രകാരം ഇന്ത്യയില്‍ നിരോധിച്ചതാണ്. ലാറ്റിനമേരിക്കന്‍ എഴുത്തുകാര്‍ സെമിറ്റിക് പ്രവാചകന്മാരായ യേശുവിനേയും മോസസിനെയും ‘ഡീ മിസ്റ്റിഫൈ’ ചെയ്തപ്പോള്‍ ലോകത്ത് ഒരു വിവാദവും ഉണ്ടായില്ല. ഇറാനിലെ ഷിയാ തലവന്‍ ഖുമേനി ഈ പുസ്തകം വായിക്കാതെ റുഷ്ദിയെ വധിക്കണം എന്ന ‘ഫത്വ’ പുറപ്പെടുവിച്ചു. അതേറ്റ് പാടാന്‍ ഫണ്ടമെന്റലിസ്റ്റുകളായ പരസഹസ്രം മുസ്ലിം വിശ്വാസികള്‍ തയ്യാറായി. ഇപ്പോള്‍ റുഷ്ദി ജീവിതത്തിന്റെ സായാഹ്നത്തില്‍ നില്ക്കുന്ന സാത്താനിക് വേര്‍സസിന് ശേഷവും എട്ട് നോവലുകള്‍ എഴുതി.
ഇടതുപക്ഷം
റുഷ്ദിയെ വധിക്കാന്‍ ശ്രമിച്ച പൈശാചിക സംഭവത്തെക്കുറിച്ച് യെച്ചൂരി, എം.എ. ബേബി തുടങ്ങിയ മാര്‍ക്സിസ്റ്റ് നേതാക്കളൊന്നും കാര്യമായി എന്തുകൊണ്ട് പ്രതികരിച്ചില്ല? …ലങ്കേശിനെ കൊലപ്പെടുത്തിയത് ആരാണ് എന്ന് ഇതുവരേയും അന്വേഷണത്തില്‍ തെളിഞ്ഞില്ല. പക്ഷേ സിപിഎം ഇപ്പോഴും ഹൈന്ദവ തീവ്രവാദികള്‍ ലങ്കേശിനെ കൊന്നു എന്ന് പറഞ്ഞ് തെരുവുകളില്‍ പ്രസംഗിക്കുന്നു. എം. സുകുമാരന്‍ ഇടതുപക്ഷ സ്വഭാവമുള്ള എഴുത്തുകാരനായിരുന്നു. ‘ശേഷക്രിയ’ എഴുതിയപ്പോള്‍ അദ്ദേഹത്തെ ഭീഷണിപ്പെടുത്തിയതും, കെ.സി. ഉമേഷ് ബാബു എന്ന കവിയെ ഭീതിയുടെ നിഴലില്‍ നിര്‍ത്തുന്നതും സിപിഎം എന്ന രാഷ്ട്രീയ പാര്‍ട്ടിയല്ലേ? എം.എന്‍. വിജയന് കണ്ണൂര്‍ ജില്ലയില്‍ സിപിഎം ചെയ്ത എല്ലാ തിന്മകളേയും ന്യായീകരിച്ചു. ഒടുവില്‍ പിണറായി വിജയന് തന്നെ വിജയന് മാഷിനെ തള്ളിപ്പറഞ്ഞു. റുഷ്ദിയുടെ കഴുത്തിന് ആഞ്ഞ് വെട്ടിയപ്പോള്‍ കേരളത്തില്‍ പു.ക.സയും മറ്റും മിണ്ടാതിരുന്നത് മുസ്ലിം വോട്ട് ബാങ്കില്‍ കുറവ് വരാന്‍ പാടില്ല എന്ന ചിന്ത മനസ്സില്‍ വേരൂന്നിയതുകൊണ്ടാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: