ന്യൂദല്‍ഹി: ജാര്‍ഖണ്ഡില്‍ കുടുംബരാഷ്ട്രീയത്തിലൂടെ അധികാരം കൈപ്പിടിയില്വെച്ച സോറന് കുടുംബം പ്രതിസന്ധിയില്‍. ഷിബു സോറന് ശേഷം മകന് ഹേമന്ത് സോറനാണ് മുഖ്യമന്ത്രിയെങ്കിലും അദ്ദേഹത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന് അയോഗ്യത കല്പിക്കുമെന്ന് ഉറപ്പായതോടെ കുടുംബത്തിന്റെ കയ്യില്‍ നിന്നും അധികാരത്തിന്റെ കടിഞ്ഞാണ്‍ പോകാതിരിക്കാന്‍ ശ്രമം നടത്തുകയാണ് സോറന് കുടുംബം. പകരം ഹേമന്ത് സോറന്റെ ഭാര്യ കല്പന സോറനെ മുഖ്യമന്ത്രിക്കസേരയില്‍ വാഴിച്ച ശേഷം ആറ് മാസത്തിനകം തെരഞ്ഞെടുപ്പ് നടത്തി വിജയിപ്പിക്കാനാണ് പദ്ധതി.
അതിനിടെ എംഎല്‍എമാര്‍ കൂറുമാറാതിരിക്കാന്‍ ജെഎംഎം (30), കോണ്‍ഗ്രസ് (17), ആര്‍ജെഡി (1) എന്നിങ്ങനെ 48 എംഎല്‍എമാരെയും മൂന്ന് ബസുകളിലായി രഹസ്യകേന്ദ്രത്തിലേക്ക് നീക്കുകയാണ് മുഖ്യമന്ത്രി ഹേമന്ത് സോറനും കൂട്ടരും. റാഞ്ചിയിലെ കുന്തിയിലെ ഒരു രഹസ്യകേന്ദ്രത്തിലേക്കാണ് ഇപ്പോള്‍ എംഎല്‍എമാര്‍ നീങ്ങുന്നത്. ഏത് വിധേനെയും അധികാരത്തിന്റെ കടിഞ്ഞാണ്‍ കുടുംബത്തില്‍ തന്നെ ഭദ്രമാക്കുകയാണ് ലക്ഷ്യം. ഗവര്‍ണര്‍ ഹേമന്ത് സോറനെ അയോഗ്യനായി പ്രഖ്യാപിക്കുമോ ഇല്ലയോ എന്നറിയാനാണ് ഇവര്‍ കാത്തിരിക്കുന്നത്. ഹേമന്ത് സോറനെ അയോഗ്യനാക്കിയാല്‍ വീണ്ടും ജാര്‍ഖണ്ഡില്‍ തെരഞ്ഞെടുപ്പ് നടത്തണമെന്ന അഭിപ്രായമാണ് ബിജെപിക്കുള്ളത്.
ഹേമന്ത് സോറന് പണ്ട് ഖനി വകുപ്പിന്റെ ചുമതല വഹിച്ചിരുന്നപ്പോള്‍ ഖനന ലൈസന്‍സ് അനധികൃതമായി കൈക്കലാക്കിയതാണ് കേസ്. ഇത് മൂലം ജനപ്രതിനിധി നിയമത്തിലെ ഒമ്പത് എ വകുപ്പ് പ്രകാരം ഇദ്ദേഹത്തിന്റെ എംഎല്‍എ സ്ഥാനം റദ്ദാക്കി അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപിയാണ് ഗവര്‍ണറെ സമീപിച്ചത്. ഗവര്‍ണര്‍ ഈ പരാതി തെരഞ്ഞെടുപ്പ് കമ്മീഷന്റെ അഭിപ്രായം ആരായാന്‍ വിട്ടിരിക്കുകയാണ്. ഇക്കാര്യത്തില്‍ ഹേമന്ത് സോറനെ അയോഗ്യനാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇതില്‍ ഗവര്‍ണര്‍ തീരുമാനം പ്രഖ്യാപിച്ചാല്‍ ഭാര്യയെ മുഖ്യമന്ത്രിയാക്കാനാണ് ഹേമന്ത് സോറന്റെയും ജെഎംഎം എന്ന പാര്‍ട്ടിയുടെയും തീരുമാനം.
ജാര്‍ഖണ്ഡില്‍ 81 അംഗ നിയമസഭയില്‍ ജെഎംഎം-കോണ്‍ഗ്രസ്-ആര്‍ജെഡി സഖ്യമാണ് ഭരിയ്ക്കുന്നത്. ജെഎംഎമ്മിന് 30 എംഎല്‍എമാരും കോണ്‍ഗ്രസിന് 17 എംഎല്‍എമാരും ആര്‍ജെഡിക്ക് ഒരു എംഎല്‍എയുമാണ് ഉള്ലത്. പ്രതിപക്ഷമായ ബിജെപിയ്കക് 26 എംഎല്‍എമാരുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: