പാലക്കാട്: ജില്ലയില്‍ മലമ്പുഴ മണ്ഡലത്തില്‍ സിപിഎമ്മിനെ വെല്ലുവിളിച്ച് ആര്‍എസ്എസിന്റെയും ബിജെപിയുടെയും പ്രവര്‍ത്തനം വ്യാപകമായതോടെയാണ് കൊലപാതക-അക്രമ രാഷ്ട്രീയത്തിന് തുടക്കംകുറിച്ചതെന്നു പറയാം. ആര്‍എസ്എസുകാര്‍ക്കെതിരെ കൊലക്കത്തി ഉയര്‍ത്തിയതിനെ തുടര്‍ന്ന് ചില കോണ്‍ഗ്രസുകാരെയും അവര്‍ വെറുതെവിട്ടില്ല. എന്തിനധികം ഒപ്പമുള്ള സിപിഐക്കാരെയും.
വെളിച്ചപ്പാട് കണ്ടുണ്ണിയുടെ നേതൃത്വത്തില്‍ ചാക്കോ, മണി എന്നിവരെ വെട്ടിക്കൊന്ന് അവരുടെ തല മുന്‍ എംഎല്‍എ മുക്രംകാട് രാമകൃഷ്ണന്റെ വീട്ടുപടിക്കല്‍ കൊണ്ടുവെച്ചതോടെയാണ് കൊട്ടേക്കാടും കല്ലേപ്പുള്ളിയിലും സിപിഎം കൊലപാതക രാഷ്ട്രീയത്തിന് തുടക്കം കുറിക്കുന്നത്.
ഒരുകാലത്ത് സിപിഐയുടെ ശക്തികേന്ദ്രമായിരുന്നു കൊട്ടേക്കാട്. എന്നാല്‍ ഇതിനെ വകവെച്ചുകൊടുക്കാന്‍ സിപിഎം തയാറായില്ല. അങ്ങനെ ഇന്നത്തെ ഇടതുപക്ഷ മുന്നണിയിലെ രണ്ടാമത്തെ പ്രമുഖ ഘടകകക്ഷിയായ സിപിഐക്കുനേരെ വാളോങ്ങിയതും നേതാക്കളെ കൊലപ്പെടുത്തിയതും സിപിഎമ്മുകാരാണെന്ന കാര്യം മറക്കരുത്. സിപിഎം പ്രവര്‍ത്തകനായിരുന്ന ശിവരാമനെ മലമ്പുഴ ബസ് സ്റ്റാന്റില്‍വെച്ച് സിപിഐക്കാര്‍ വെട്ടിക്കൊന്നതിന് പകരം വീട്ടലായിരുന്നു സിപിഐയുടെയും അവരുടെ കര്‍ഷകസംഘടനയായ കിസാന്‍ സഭയുടെയും ജില്ലയിലെ പ്രമുഖ നേതാവായിരുന്ന കെ.എം. ഭവദാസിന്റെ കൊലപാതകം. ഗവ: കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന്റെ പ്രമുഖ നേതാവുകൂടിയായിരുന്നു ഭവദാസ്. ഇദ്ദേഹത്തിന്റെ കേസിലെ സാക്ഷിയായിരുന്ന കുഞ്ചേലനെ ബസില്‍ അദ്ദേഹത്തോടൊപ്പം യാത്രചെയ്ത് ജിബി റോഡിലെ നൂര്ജഹാന് ഹോട്ടലിനു സമീപം പട്ടാപകല്‍ വെട്ടിക്കൊന്നതും സിപിഎമ്മുകാര്‍തന്നെ. ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ഇരുകാലുകളും ആഞ്ഞുവെട്ടിക്കൂട്ടുകയായിരുന്നു. കൊശക്കുഴി അരവിന്ദാക്ഷനും സംഘവുമായിരുന്നു ഇതിനുപിന്നില്‍. ഇതിനു പ്രതികാരമെന്നോണം സിപിഎം ജില്ലാ സെക്രട്ടറിയായിരുന്ന പരേതനായ മുന്‍ മന്ത്രി ടി. ശിവദാസ മേനോനെ അദ്ദേഹം താമസിച്ചിരുന്ന തൊറപ്പാളയത്തിലെ വീട്ടിലെത്തി വെട്ടിക്കൊല്ലാന്‍ ശ്രമിച്ചത് സിപിഐക്കാരായിരുന്നില്ലേ? മുന്‍വശത്തെ വാതില്‍ കൊട്ടിയടച്ചതുകൊണ്ടുമാത്രമാണ് അദ്ദേഹം രക്ഷപ്പെട്ടത്.
2008ല്‍ ബിജെപി പ്രവര്‍ത്തകനായിരുന്ന ആറുച്ചാമിയെ വെട്ടിക്കൊന്ന കേസിലെ മുഖ്യപ്രതികളായിരുന്നു ഷാജഹാന്, സുരേഷ്, പച്ചപ്പന്‍ എന്നിവര്‍. 15 വര്‍ഷം മുമ്പ് കിഴക്കേത്തറ കലാധരനെ മാരകമായി വെട്ടിപ്പരിക്കേല്‍പ്പിച്ചതും 1973ല്‍ ആര്‍എസ്എസ് സജീവപ്രവര്‍ത്തകനായിരുന്ന കല്ലേപ്പുള്ളിയിലെ നാരായണനെ ചിട്ടിക്കമ്പനിയില്വെച്ച് വെട്ടിക്കൊന്നതും സിപിഎമ്മുകാര്തന്നെയായിരുന്നല്ലോ. അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്ന ഗോപിനാഥനും സുകുമാരനും പരിക്കേല്‍ക്കുകയും ചെയ്തു. സദാനന്ദന്, അനന്തകൃഷ്ണന് എന്നിവരായിരുന്നു പ്രതികള്‍. ഇതിലവര്‍ ശിക്ഷിക്കപ്പെടുകയും ചെയ്തു.
ഇതിനെല്ലാമുപരി സിപിഎമ്മുകാരുടെ ഉറ്റസുഹൃത്തായിരുന്ന ഐഎന്‍ടിയുസി പ്രവര്ത്തകന് പൊന്നനെ തോളില്‍ കൈയിട്ട് സൗഹൃദം നടിച്ച് പട്ടാപകല്‍ കത്തികൊണ്ട് കുത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ നിന്നും സിപിഎമ്മിന് ഒഴിഞ്ഞുമാറാന്‍ കഴിയില്ല. ജനാര്ദ്ദനന്, കണ്ണന് എന്നിവരായിരുന്നു പ്രതികള്‍. എന്നാല്‍ വേണ്ടത്ര തെളിവുകള്‍ ഇല്ലെന്നതിന്റെ പേരില്‍ അവരെ ജില്ലാ കോടതി വെറുതെവിടുകയായിരുന്നു. അന്ന് ജില്ലാ ജഡ്ജിയായിരുന്ന, പിന്നീട് ഹൈക്കോടതി ജഡ്ജിയായ ജസ്റ്റിസ് ഹസ്സന്‍പിള്ള പറഞ്ഞ വാക്കുകള്‍ ആര്‍ക്കും മറക്കാന്‍ കഴിയില്ല. ”നിയമത്തിന്റെ കോടതി നിങ്ങളെ വെറുതെവിടുന്നു. എന്നാല്‍, ദൈവത്തിന്റെ കോടതി നിങ്ങളെ ശിക്ഷിക്കുമെന്ന കാര്യത്തില്‍ ഉറപ്പാണ്” എന്നായിരുന്നു ആ വാക്കുകള്‍. പ്രതിയായിരുന്ന കണ്ണന് പിന്നീട് ആത്മഹത്യ ചെയ്യുകയും ജനാര്‍ദ്ദനനെ രാഷ്ട്രീയസംഘര്‍ഷത്തില്‍ വെട്ടിപ്പരിക്കേല്‍പ്പിക്കുകയുമായിരുന്നു.
കൊട്ടേക്കാട് തെക്കേത്തറയില്‍ കോണ്‍ഗ്രസുകാരനായ കരുണാകരനെ ഗുരുതരമായി വെട്ടിപ്പരിക്കേല്‍പ്പിച്ചതും സിപിഎമ്മുകാര്‍തന്നെ. കഴുത്തിന് പിന്നിലേറ്റ മാരക വെട്ടില്‍നിന്നും അദ്ദേഹത്തിന് വിമുക്തനാകാന്‍ കഴിഞ്ഞില്ല.
സിപിഎമ്മിനകത്തെ കുടിപ്പകയുടെ പേരിലാണ് ഇപ്പോഴുണ്ടായ കൊലപാതകം. ഇതിനെ ആര്‍എസ്എസിന്റെ തലയില്‍ കെട്ടിവെക്കാനാണ് കിണഞ്ഞു ശ്രമിക്കുന്നത്. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ ഉറച്ച സീറ്റായ രണ്ടാം വാര്‍ഡില്‍ ഷാജഹാന് കൊലക്കേസിലെ ഒന്നാം പ്രതിയായ നവീന്‍ സ്ഥാനാര്‍ഥിയാകേണ്ടതായിരുന്നു. എന്നാല്‍ അതിനുപകരം ഭവദാസ് കൊലക്കേസിലെ പ്രതിയും സിപിഎമ്മിന്റെ പ്രമുഖ നേതാവുമായിരുന്ന കിട്ടുവിനാണ് സീറ്റ് നല്‍കിയത്. അന്നുതുടങ്ങിയ വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ഇന്നേവരെ സിപിഎമ്മിനെ മാത്രം പിന്തുണച്ച് വാര്‍ഡായിരുന്നു അത്. സിപിഐക്കാര്‍ക്കു നേരെയും അവര്‍ നിരന്തര പ്രശ്നം അഴിച്ചുവിട്ടിരുന്നു. അതുമൂലം പല സിപിഐക്കാരും അവിടെനിന്നും താമസംതന്നെ മാറ്റുകയുണ്ടായി.
കുന്നംകാട് തലശ്ശേരിയേക്കാള്‍ വലിയ സിപിഎമ്മിന്റെ കോട്ടയാണ്. പട്ടാപകല്‍ പോലും ഒരപരിചിതന് ചായക്കടയിലെത്തിയാല്‍ ആരാണെന്ന് അന്വേഷിക്കുന്ന ഈ സ്ഥലത്ത് ആര്‍എസ്എസുകാര്‍ സിപിഎമ്മിന്റെ നേതാവിനെ വെട്ടിക്കൊന്നെന്നു പറഞ്ഞാല്‍ ആരുവിശ്വസിക്കും.
കൊട്ടേക്കാട് വേലക്ക് വി.എസ്. അച്യുതാനന്ദനെ കോമഡിക്കാര് അനുകരിച്ചതിനെ തുടര്‍ന്ന് കൈയടിച്ചവരെ വെട്ടിയതാരാണ്? ഷാജഹാന് കേസിലെ ചില പ്രതികള്‍തന്നെ. ഷാജഹാന് കൊല്ലപ്പെട്ടതിനു ശേഷം സിപിഎം കേന്ദ്രകമ്മിറ്റിയംഗം എ.കെ. ബാലന് പത്രസമ്മേളനം നടത്തുന്നതിനിടെ പിന്നിലുണ്ടായിരുന്ന എ. പ്രഭാകരന് എംഎല്‍എയുടെ പരാമര്‍ശം ശ്രദ്ധിച്ചാല്‍ മനസിലാകാവുന്നതേയുള്ളൂ നവീന്‍ ആരാണെന്ന്. നവീന്‍ മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് അച്ഛനും അമ്മയും മണപ്പുള്ളിക്കാവിനടുത്തുള്ള മകളുടെ വീട്ടിലാണ് താമസം. ആ നവീനെ മലമ്പുഴയിലെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് ചികിത്സക്കായി കൊണ്ടുപോയത് താനാണെന്ന് പ്രഭാകരന് വിളിച്ചുപറയുന്നുണ്ടായിരുന്നു. എന്തായാലും ആര്‍എസ്എസുകാരനെ പ്രഭാകരന് ആശുപത്രിയിലേക്ക് കൊണ്ടുപോകില്ലല്ലോ.
ചെഗുവേരയുടെ ചിത്രം കൈയില്‍ പച്ചകുത്തിയതും മുഖ്യമന്ത്രി പിണറായി വിജയന്, വി.എസ്. അച്യുതാനന്ദന്, കോടിയേരി ബാലകൃഷ്ണന്, തൃക്കാക്കരയില്‍ ഇടതുപക്ഷ സ്ഥാനാര്‍ഥിയായിരുന്ന ഡോ. ജോസഫ്, സ്വര്‍ണക്കടത്തുകേസിലെ പ്രതിയും സിപിഎം സജീവപ്രവര്‍ത്തകനുമായ ആകാശ് തില്ലങ്കേരി എന്നിവരോടൊപ്പം നില്ക്കുന്ന നവീന്‍ എങ്ങനെയാണ് ആര്‍എസ്എസുകാരനായത്?
ആറുച്ചാമി കൊലക്കേസില്‍ പ്രതിയായിരുന്ന ഷാജഹാന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലുണ്ടായിരുന്നപ്പോള്‍ സന്ദര്‍ശിച്ചതിന്റെ പ്രത്യുപകാരമായാണ് മുന്‍ എംഎല്‍എയും സിപിഎം നേതാവുമായ പി. ജയരാജന്, തലശ്ശേരി എംഎല്‍എ ഷംസീര്‍ എന്നിവര്‍ ഷാജഹാന്റെ കുടുംബം സന്ദര്‍ശിച്ചത്. അന്ന് ജയില്‍ അഡൈ്വസറി കമ്മിറ്റി അംഗമായിരുന്നു ജയരാജന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: