തൊണ്ണൂറു വയസ്സുകഴിഞ്ഞ ഒരാളെ ഗുണ്ട എന്നു വിളിക്കാമോ? മുദ്രാവാക്യം വിളിച്ച് അടുത്തേക്ക് ചെന്നാല്‍ വധശ്രമം ആകുമോ? ഇസ്ലാമിക മതമൗലികവാദിയായ ഇടതുപക്ഷ ചരിത്രകാരന് ഇര്ഫാന് ഹബീബിനെതിരെ കേരള ഗവര്‍ണര്‍ ആരീഫ് മുഹമ്മദ് ഖാന് ആരോപണം ഉന്നയിച്ചപ്പോള്‍ ന്യായീകരണ സഖാക്കള്‍ ഉയര്‍ത്തുന്ന ചോദ്യങ്ങളാണിവ. കുട്ടി, യുവാവ്. മധ്യവയസ്ക്കന്, വൃദ്ധന് എന്നിങ്ങനെ പ്രായത്തിന്റെ ഭേദം നോക്കി വിളിക്കുന്ന വിശേഷണമല്ല ‘ഗുണ്ട’ എന്നത്. ഗുണ്ടായിസം കാണിക്കുന്നവന് ഗുണ്ട . ഗുണ്ടായിസത്തിന് ശബ്ദതാരാവലിയില്‍ കൊടുത്തിരിക്കുന്ന അര്‍ത്ഥം അക്രമം. അക്രമം കാട്ടുന്നവരെ ഗുണ്ട എന്നു വിളിക്കാം. അതിന് പ്രായഭേദമില്ല. ചരിത്രകോണ്‍ഗ്രസില്‍ തനിക്കുനേരെ പാഞ്ഞടുത്ത ഇര്‍ഫാന്റെ പെരുമാറ്റം തെരുവ് ഗുണ്ടയുടേതാണ് എന്നു ആരീഫ് മുഹമ്മദ് ഖാന് പറഞ്ഞതില്‍ ഒരു തെറ്റുമില്ല. വിമാനത്തില്‍ രണ്ടു യൂത്തന്മാര് മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ചതിന് കേസെടുത്തിരിക്കുന്നത് വധശ്രമത്തിനാണ്. ഇര്ഫാന് മുദ്രാവാക്യം വിളിച്ച് ആരിഫ് മുഹമ്മദ് ഖാനെതിരെ പാഞ്ഞടുത്തതിന് ലോകം സാക്ഷിയാണ്. യൂത്തന്മാര് മുഖ്യമന്ത്രിയെ കൊല്ലാനാണ് ശ്രമിച്ചതെങ്കില്‍ ഇവിടെയും നടന്നത് വധശ്രമമല്ലന്ന് എങ്ങനെ പറയും.
ഗവര്‍ണര്‍ പദവിയിലിരിക്കുന്ന ഒരാള്‍ ‘ഗുണ്ട’ എന്ന വാക്കു പറയാമോ എന്നു ചോദിച്ചത് സിപിഎം കണ്ണൂര്‍ ജില്ലാസെക്രട്ടറി എം.വി. ജയരാജനാണ്. ജഡ്ജിയെ നല്ലവാക്കു പറഞ്ഞതിന് കുറച്ചുനാള്‍ ജയിലിലെ ഗോതമ്പുണ്ട തിന്ന സഖാവ് തന്നെ നല്ലതും ചീത്തയും ആയ വാക്കുകള്‍ വേര്‍തിക്കുന്നത് കാണാന്‍ രസമുണ്ട്.
ഗുണ്ടായിസം കാണിക്കുന്നവനെ ‘ഗുണ്ട’ എന്നു വിളിക്കുന്നപോലെ കക്കുന്നവനേയും കള്ളം പറയുന്നവനേയും ‘കള്ളന്’എന്നും വിളിക്കാറുണ്ട്. മതമൗലികവാദികളെ വര്‍ഗ്ഗീയവാദിയെന്നും വിശേഷിപ്പിക്കും. നിര്‍ഭാഗ്യവശാല്‍ എല്ലാത്തരം വിശേഷണങ്ങള്‍ക്കും പൂര്‍ണ്ണ തോതില്‍ അര്‍ഹനാണ് ഇര്ഫാന് ഹബീബ്. ഇടതുപക്ഷ ചരിത്രകാരന് എന്ന പരിവേഷമുണ്ടെങ്കിലും അടിസ്ഥാനപരമായി ഇര്ഫാന് ഹബീബ് ഇസ്ലാമിക മതമൗലികവാദിയാണ്. ഹബീബിന്റെ തനിനിറം പലപ്പോഴായി പുറത്തുവന്നിട്ടുണ്ട്. ഈ മനോഭാവം കാരണമാണ് അയോധ്യാ പ്രശ്നം ഹിന്ദുമുസ്ലിം വിഭാഗങ്ങള്‍ ചേര്‍ന്ന് രമ്യമായി പരിഹരിക്കുന്നത് മതമൗലികവാദികളുടെ പക്ഷം ചേര്‍ന്ന് ഹബീബ് അട്ടിമറിച്ചത്. രാമജന്മഭൂമിയില്‍ ഉല്ഖനനം നടത്തിയ സംഘത്തിലെ അംഗം മലയാളിയായ പുരാവസ്തു ഗവേഷകന് കെ.കെ. മുഹമ്മദ് ‘ഞാന്‍ ഭാരതീയന്’ എന്ന ആത്മകഥയില്‍ ഇക്കാര്യം വിശദീകരിച്ചിട്ടുണ്ട്.
പ്രൊഫസറെന്ന നിലയ്ക്ക് മറ്റുള്ളവരോട് തൊഴില്‍പരമായ കടുത്ത അസൂയ പുലര്‍ത്തുന്ന ഇര്ഫാന് ഹബീബ് എങ്ങനെയൊക്കെയാണ് തന്നെ ദ്രോഹിച്ചതെന്ന് കെ.കെ. മുഹമ്മദ് വിവരിക്കുന്നുണ്ട്. ഉത്തര്‍പ്രദേശിലെ ഫത്തേപ്പൂര്‍ സിക്രിയില്‍ 1575ല്‍ വിവിധ മതപണ്ഡിതരുടെ സംവാദത്തിനായി നിര്‍മിക്കപ്പെട്ട ‘ഇബാദത്ത് ഖാന’ കെ.കെ. മുഹമ്മദ് കണ്ടെത്തിയിരുന്നു. ഇക്കാര്യം വിവിധ പത്രങ്ങള്‍ പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കുകയും ചെയ്തു. ഇതില്‍ അരിശംപൂണ്ട ഹബീബ് ഉടന്‍ മുഹമ്മദിനെ വിളിച്ചുവരുത്തി. ‘ടൈംസ് ഓഫ് ഇന്ത്യ’യില്‍ വന്ന വാര്‍ത്ത ചൂണ്ടിക്കാട്ടി അത് ‘ഇബാദത്ത് ഖാന’ അല്ലെന്ന് ഹബീബ് ശഠിച്ചു. പുരാവസ്തു ഗവേഷകനല്ലാത്ത താങ്കള്‍ക്ക് അതെങ്ങനെ പറയാനാവും എന്ന് മുഹമ്മദ് തിരിച്ചുചോദിച്ചപ്പോള്‍, ‘ഞാന്‍ നിങ്ങളെപ്പോലെ ഒരു മികച്ച പുരാവസ്തു ഗവേഷകനല്ലായിരിക്കാം’ എന്നായിരുന്നു ഹബീബിന്റെ മറുപടി. ‘ക്ഷമിക്കുക, താങ്കള്‍ പുരാവസ്തു ഗവേഷകനേയല്ല’ എന്ന് മുഹമ്മദ് പ്രതികരിച്ചപ്പോള്‍ ഹബീബിന് ഉത്തരംമുട്ടി. അപ്പോള്‍ ഒരു കടലാസ് നീട്ടിയിട്ട് ‘നിങ്ങള്‍ കണ്ടെത്തിയത് ‘ഇബാദത്ത് ഖാന’ അല്ലെന്ന് എഴുതാന്‍’ ഹബീബ് ആവശ്യപ്പെട്ടു. മുഹമ്മദ് ആവശ്യം നിരസിക്കുകയും മുറിയില്‍നിന്ന് ഇറങ്ങിപ്പോവുകയും ചെയ്തു.
അയോധ്യ കേസില്‍ സുപ്രീംകോടതിയില്‍ നിര്‍ണ്ണായകവാദം നടക്കവേ തര്‍ക്കഭൂമിയില്‍ ബാബ്റി മസ്ജിദിനു മുന്‍പായി ഒരു ഹിന്ദു ക്ഷേത്രം സ്ഥിതി ചെയ്തിരുന്നതായി കെ.കെ മുഹമ്മദ് ഒരഭിമുഖത്തില്‍ പറഞ്ഞ പരാമര്‍ശത്തിനെതിരെ ഹബീബ് രംഗത്തു വന്നിരുന്നു. കെ.കെ മുഹമ്മദിന് അയോധ്യയുമായി ബന്ധമില്ലെന്ന്് ആരോപിച്ചു. അയോധ്യകേസില്‍ ഉത്ഖനനം നടത്തിയ സംഘത്തിന്റെ റിപ്പോര്‍ട്ട് പ്രധാന തെളിവായി ഉന്നയിക്കുമ്പോഴാണ് സംഘത്തെ മോശമാക്കന്‍ ചരിത്രകാരനെന്ന് വിശേഷിപ്പിക്കപ്പെടുന്ന ആള് പച്ചക്കള്ളം പറഞ്ഞത്. അതും തനിക്ക് നേരിട്ടറിയാവുന്ന സത്യത്തെ മറച്ചുവെച്ച്. കെ.കെ മുഹമ്മദ് സംഘത്തില്‍ ഉണ്ടായിരുന്നുവെന്ന് സംഘത്തിന് നേതൃത്വം നല്കിയ പുരാവസ്തു ഗവേഷണ വകുപ്പ് മുന്‍ തലവന്‍ ബി.ബി. ലാല്‍, അംഗങ്ങളായിരുന്ന രമാകാന്ത് ചതുര്‍വേദി, രാജ് നാഥ് കാവ് എന്നിവര്‍ വ്യക്തമാക്കിയിട്ടും മുടന്തന്‍ ന്യായവുമായി ഇര്ഫാന് നിന്നു.
ഇര്ഫാന് ഹബീബ് പണ്ടേ കുഴപ്പക്കാരന്‍ ആണെന്നും ഇസ്ലാമിക മതമൗലികവാദികളുടെ കൂടെ നില്ക്കുന്ന ആളാണെന്നും പ്രമുഖ ചരിത്രകാരനും ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ഹിസ്റ്റോറിക്കല്‍ റിസേര്‍ച്ച് (ഐസിഎച്ച്ആര്‍) മുന്‍ ചെയര്‍മാനുമായ ഡോ എംജിഎസ് നാരായണന് വ്യക്തമാക്കിയിട്ടുണ്ട്. ഇടതുസഹയാത്രികന് ആയിരുന്നിട്ടും ഇര്ഫാന് ഹബീബ് ഇസ്ലാമിക മതമൗലികവാദികളുടെ കൂടെ ആയിരുന്നുവെന്നും അവരുടെ ഹിറ്റ്മാന് എന്നാണ് അറിയപ്പെട്ടിരുന്നതെന്നുമാണ് എം ജിഎസ് ചൂണ്ടിക്കാട്ടുന്നത്. ഇര്ഫാന് ഡല്‍ഹി കേന്ദ്രീകരിച്ച് തനിക്കെതിരെയും ഗുഢാചോലന നടത്തിയിരുന്നുവെന്നും ഐസിഎച്ച്ആര്‍ മെമ്പര്‍ ആയിരിക്കേ ചെയര്മാന് ആയിരുന്ന ഇര്‍ഫാന്റെ നിലപാടുമായി യോജിച്ച് പോകാന്‍ കഴിഞ്ഞതിനാലാണ് രാജിവെച്ചതെന്നുമാണ് എംജിഎസ് വെളിപ്പെടുത്തിയത്. ബാബറി വിഷയത്തില്‍ ഇരുവരും രണ്ടു തട്ടില്‍ ആയിരുന്നു. ക്ഷേത്രം പൊളിച്ച് പള്ളി പണിതതാണെന്ന എം.ജി.എസിന്റെ വാദത്തെ ഇര്ഫാന് എതിര്‍ത്തു.
ചരിത്ര കോണ്‍ഗ്രസ്സ് വേദിയില്‍ തനിക്കുനേരെ നടന്ന അതിക്രമം ഗൂഢാലോചനയുടെ ഭാഗമാണെന്ന ഗവര്‍ണറുടെ ആരോപണവും എങ്ങനെ നിഷേധിക്കാനാകും. സംഭവം നടന്നത് എപ്പോള്‍ എന്നത് ഏറെ പ്രസക്തമാണ്. പൗരത്വ നിയമ ഭേദഗതിക്കെതിരെ ‘പച്ച’നുണകളുടെ പ്രളയം സൃഷ്ടിച്ച് രാജ്യത്ത് അരാജകത്വം ഉണ്ടാക്കുവാന്‍ ഇടതുജിഹാദി സഖ്യം സര്‍വതന്ത്രവും പുറത്തെടുത്ത സമയം. അതിനെതിരെ ഭരണഘടനാ സംരക്ഷകനായ ഗവര്‍ണര്‍ വന്മതിലായി ഉയര്‍ന്നു നിന്നത് അവരെ കുറച്ചൊന്നുമല്ല അസഹിഷ്ണുക്കളാക്കിയത്. വിമര്‍ശിച്ചും പരിഹസിച്ചും അവഗണിച്ചും ഭീഷണിപ്പെടുത്തിയും പിന്തിരിപ്പിക്കാന് ഇടതുവലതു മുന്നണികളും ഇസ്ലാമിക ശക്തികളും ശ്രമിച്ചെങ്കിലും വിഫലമായി. ഈ പശ്ചാത്തലത്തില്‍ ഗവര്‍ണറെ ‘കൈകാര്യം ചെയ്യാന്‍’ ചരിത്ര കോണ്‍ഗ്രസ്സ് വേദി ബോധപൂര്‍വം തെരഞ്ഞെടുക്കുകയായിരുന്നു. സമ്മേളനത്തില്‍ കേരളീയര്‍ രാഷ്ട്രവിഭജനത്തിന്റെ അനുഭവമില്ലാത്തവരാണെന്ന് സൂചിപ്പിച്ച ഗവര്‍ണര്‍, സ്വാതന്ത്ര്യസമരനായകന് അബ്ദുള്‍ കലാം ആസാദിന്റെ വാക്കുകള്‍ ഉദ്ധരിച്ചു. പാക്കിസ്ഥാന് രൂപീകരണത്തോടെ വിഭജനത്തിന്റെ അഴുക്ക് ഇല്ലാതായെന്നും, എന്നാല്‍ അതിന്റെ അവശിഷ്ടങ്ങള്‍ ഭാരതത്തില്‍ അവിടവിടെയായി കുഴികളില്‍ കെട്ടിക്കിടക്കുന്നുവെന്നും അബ്ദുള്‍ കലാം പറഞ്ഞതാണ് ഗവര്‍ണര്‍ ആവര്‍ത്തിച്ചത്. ഇതില്‍ ക്രുദ്ധനായാണ് ‘ഗോഡ്സെയെ ഉദ്ധരിക്കൂ’ എന്ന് ആക്രോശിച്ച് ഹബീബ് ഗവര്‍ണറെ കായികമായി നേരിടാന്‍ ശ്രമിച്ചത്. പരസ്യമായി നടന്ന അതിക്രമത്തിനെതിരെ നടപടി എടുക്കാത്തതെന്ത് എന്ന ഗവര്‍ണറുടെ ചോദ്യത്തില്‍ എന്താണ് കുഴപ്പം.
അലിഗഢിലെ വിദ്യാഭ്യാസകാലം മുതല്‍ ആരിഫിനോട് കുടിപ്പകയുള്ളയാളാണ് ഹബീബ്. അന്ന് വിദ്യാര്‍ത്ഥി യൂണിയനിലേയ്ക്ക് ആരിഫ് മത്സരിച്ചപ്പോള്‍ തോല്പ്പിക്കാനായി ജമാഅത്തെയുടെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തച്ചത് ഹബീബ്് ആയിരുന്നു. അന്നേ ഹബീബ് താലോലിച്ചിരുന്നത് വര്‍ഗ്ഗീയതയെ എന്നതിന്റെ തെളിവുകൂടിയാണിത്. കെ.ടി. ജലീലും മറ്റും ഇപ്പോള്‍ അണിഞ്ഞിരിക്കുന്ന ഇടതു മുഖം മൂടി നേരത്തെ അണിയാന്‍ കഴിഞ്ഞ സൂത്രശാലി എന്നു വേണമെങ്കില്‍ ഇര്ഫാന് ഹബീബിനെ വിശേഷിപ്പിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: