തിരുവനന്തപുരം: ദില്ലിക്കടുത്ത് ഫരീദാബാദില്‍ കഴിഞ്ഞദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത ലോകോത്തര നിലവാരത്തിലുള്ള ആശുപത്രി മാതാഅമൃതാനന്ദമയീ മഠം ഭാരതത്തില്‍ നടത്തുന്ന സേവന പ്രവര്‍ത്തനങ്ങളുടെ ദൃഷ്ടാന്തമാണെന്ന് മുതിര്‍ന്ന ബിജെപി നേതാവ് പി.പി.മുകുന്ദന്. സര്‍വ്വലോകത്തിന്റെയും ക്ഷേമം മുന്‍ നിര്‍ത്തിയാണ് അമ്മയുടെ പ്രവര്‍ത്തനം. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഫരീദാബാദിലെ അമൃത ആശുപത്രിയെന്ന് മുകുന്ദന് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
130 ഏക്കറില്‍ ലോകോത്തര നിലാവാരത്തില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച ഈ ആതുരാലയം മനുഷ്യരാശിക്കാകെ സുഖം പകരുക എന്ന ലക്ഷ്യത്തോടെയുള്ളതാണ്. ചികിത്സയും ജീവകാരുന്ന്യ പ്രവര്‍ത്തനമായി കരുതുന്ന അമ്മ, കൊച്ചിയില്‍ അമൃത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആരംഭിച്ചു കൊണ്ടാണല്ലോ മാതൃക കാട്ടിയത്.
വിദേശ രാജ്യങ്ങളില്‍ മാത്രം ലഭ്യമായിരുന്ന അവയവ മാറ്റ ചികിത്സയടക്കം കേരളത്തില്‍ പ്രാപ്യമാക്കിയതിലൂടെ ഒരു വലിയ വിപ്ലവത്തിനാണ് അമ്മ തുടക്കമിട്ടത്. പണമില്ലാത്തവര്‍ക്ക് അമ്മയുടെ കാരുണ്യം ചികിത്സയുടെ രൂപത്തില്‍ ലഭിച്ചതിലൂടെ അനേകര്‍ മരണവക്ത്രത്തില്‍ നിന്ന് ജീവിതത്തിലേക്ക് മടങ്ങിവന്നു. കൊച്ചി അമൃതാ ആശുപത്രിയേക്കാള്‍ എത്രയോ മടങ്ങ് വിപുലമായ ചികിത്സാ സൗകര്യങ്ങളാണ് ഫരീദാബാദില്‍ ക്രമീകരിച്ചിരിക്കുന്നത്.
ആധുനികതയേയും ആത്മീയതയേയും സമന്വയിപ്പിക്കുന്ന ഭാരതീയ പൈതൃകത്തിന്റെ ദൃഷ്ടാന്തമാണ് പുതിയ ആശുപത്രി എന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. അമ്മയുടെ സ്നേഹവും കാരുണ്യവും കൂടി സേവനമുദ്രയാകുന്നതോടെ ഈ ആതുരാലയം മനുഷ്യരാശിക്കാകമാനം പ്രത്യാശയുടെ കേന്ദ്രമാവുകതന്നെ ചെയ്യും. ഏകദേശം 6000 കോടി രൂപ ചെലവില്‍ 81 സ്പെഷ്യാലിറ്റികളുമായി ഏഷ്യയിലെ ഏറ്റവും വലിയ ആശുപത്രി ആരംഭിച്ചിരിക്കുന്നത് കേരളത്തില്‍ നിന്നുള്ള ആത്മീയാചാര്യയാണ് എന്നത് മലയാളികളെ സംബന്ധിച്ച് ഏറെ അഭിമാനിക്കാന്‍ വക നല്‍കുന്നതാണെന്നും പി.പി.മുകുന്ദന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: