ന്യൂദല്‍ഹി:കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദിന്റെ ഡിഎന്‍എ മോദിവല്‍ക്കരിക്കപ്പെട്ടു എന്ന് കുറ്റപ്പെടുത്തി കോണ്‍ഗ്രസ് നേതാക്കള്‍. കോണ്‍ഗ്രസ് സീനിയര്‍ നേതാവും സോണിയ ഗാന്ധിയുടെ വിശ്വസ്തനേതാവുമായ ജയ്റാം രമേഷ് ആണ് ഇത്തരമൊരു ആരോപണം ഉന്നയിച്ചത്.
ഒരു കാലത്ത് സോണിയ കഴിഞ്ഞാല്‍ അടുത്ത സ്ഥാനമായിരുന്നു ഗുലാം നബി ആസാദിന്. തുടര്‍ച്ചയായ അവഗണനയാണ് ഗുലാം നബി ആസാദിനെ വേദനിപ്പിച്ചത്. രാഹുല്‍ ഗാന്ധിയുടെ സുഹൃത്തുക്കളായി കയറിവന്ന ഒരു പിടി പുതിയ നേതാക്കള്‍ ഗുലാം നബിയെപ്പോലുള്ള അനുഭവസമ്പത്തും അറിവുമുള്ള നേതാക്കളെ പുച്ഛിക്കാന്‍ തുടങ്ങിയത് ഗുലാം നബി ആസാദിനെ മാത്രമല്ല, ആനന്ദ് ശര്‍മ്മ , കപില്‍ സിബല്‍ ഉള്‍പ്പെടെ ഒരു പിടി നേതാക്കളെ വേദനിപ്പിച്ചിരുന്നു.
ഗുലാം നബി ആസാദ് കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ചതിന് ശേഷം നടത്തിയ ട്വീറ്റിലാണ് ജയ്റാം രമേശ് അതിശക്തമായ വിമര്‍ശനം അഴിച്ചുവിട്ടിരിക്കുന്നത്. “കോണ്‍ഗ്രസ് നേതൃത്വം ബഹുമാനത്തോടെ കണ്ടിരുന്ന മനുഷ്യന്‍ ഇപ്പോള്‍ വ്യക്തിപരമായ അധിക്ഷേപം ഉയര്‍ത്തി കോണ്‍ഗ്രസ് നേതൃത്വത്തെ വഞ്ചിച്ചു. ഗുലാം നബി ആസാദിന്റെ ഡിഎന്‍എ മോദിവല്‍ക്കരിക്കപ്പെട്ടിരിക്കുന്നു(MODIFIED)” – ഇതായിരുന്നു ജയ്റാം രമേഷിന്റെ ട്വീറ്റ്. 1973 മുതല്‍ കോണ്‍ഗ്രസിന്റെ അചഞ്ചല സഹയാത്രികനായിരുന്നു ഗുലാം നബി ആസാദ്. രാഹുല്‍ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയ്‌ക്ക് തൊട്ടുമുന്‍പ് കോണ്‍ഗ്രസിനെയും രാഹുലിനെയും വിമര്‍ശിച്ച് കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച ഗുലാം നബി ആസാദിന്റെ നീക്കം ശരിയല്ലെന്ന് അജയ് മാക്കനും കുറ്റപ്പെടുത്തുന്നു.
രാജി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി പുറത്തുവിട്ട അഞ്ചുപേജുള്ള ഗുലാം നബി ആസാദിന്റെ കത്തില്‍ രാഹുല്‍ ഗാന്ധിയെയും സോണിയയെയും കോണ്‍ഗ്രസിനെയും വിമര്‍ശിക്കുന്നുണ്ട്. നേരത്തെ രാജ്യസഭാംഗം എന്ന കാലാവധി കഴിഞ്ഞ് 2021 ഫിബ്രവരിയില്‍ രാജ്യസഭയില്‍ നിന്നും പിരിഞ്ഞുപോകുമ്പോള്‍ നടത്തിയ യാത്രയയപ്പ് സമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഗുലാം നബി ആസാദിന്റെ സേവനങ്ങളെ ഓര്‍മ്മിപ്പിച്ച് കണ്ണീരില്‍ കുതിര്‍ന്ന വിടവാങ്ങല്‍ പ്രസംഗം നടത്തിയപ്പോള്‍ ഗുലാം നബി ആസാദും ഒരു വേള കരഞ്ഞു. അത്രയ്‌ക്ക് വികാരാധീനമായ പ്രസംഗമായിരുന്നു മോദിയുടേത്. കശ്മീരില്‍ തീവ്രവാദി ആക്രമണം നടക്കുമ്പോള്‍ അവിടെ അകപ്പെട്ടുപോയ ഏതാനും ഗുജറാത്തുകാരുടെ രക്ഷയ്‌ക്കായി രാത്രിയില്‍ തന്നെ ഗുലാംനബി ആസാദ് ഫോണില്‍ ബന്ധപ്പെട്ട കാര്യം വികാരവത്തായാണ് മോദി അവതരിപ്പിച്ചത്. (അന്ന് മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നു). ഈ പ്രസംഗത്തിന് ശേഷം കോണ്‍ഗ്രസുകാര്‍ ഗുലാം നബി ആസാദ് -മോദി ബന്ധത്തെക്കുറിച്ച് ഏറെ സംശയത്തോടെയാണ് വീക്ഷിച്ചിരുന്നത്. ഈ ഓര്‍മ്മയിലാണ് ജയ്റാം രമേഷ് നടത്തിയ പുതിയ ട്വീറ്റെന്ന് കരുതുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: