കൊച്ചി : വിഴിഞ്ഞം പദ്ധതി മേഖലയില്‍ ക്രമസമാധാനം ഉറപ്പു വരുത്തണമെന്ന് സംസ്ഥാന സര്‍ക്കാരിന് നിര്‍ദ്ദേശവുമായി ഹൈക്കോടതി. തുറമുഖ പദ്ധതി പ്രദേശത്തെ സമരം തടയുന്നതിനായി പോലീസ് സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ട് അദാനി വിഴിഞ്ഞം പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡ്, നിര്‍മാണ കരാര്‍ കമ്പനി ഹോവെ എന്‍ജിനീയറിങ് പ്രോജക്ട്‌സ് എന്നിവര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.
സമരത്തെ തുടര്‍ന്ന് തുറമുഖം പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിലച്ചു. ഏഴ് ദിവസമായി ഇത് മുടങ്ങി കിടക്കുകയാണ്. സമയ ബന്ധിതമായ പദ്ധതി പൂര്‍ത്തിയാക്കേണ്ടതുണ്ട്. സമരത്തോട് പോലീസും സര്‍ക്കാരും നിഷ്‌ക്രിയത്വം പാലിക്കുകയാണെന്നും അദാനിയുടെ ഹര്‍ജിയില്‍ കുറ്റപ്പെടുത്തി. ഇതുമായി ബന്ധപ്പെട്ട് കക്ഷികള്‍ക്കു നോട്ടീസ് അയയ്‌ക്കാന്‍ കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ജസ്റ്റിസ് അനു ശിവരാമന്റെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.
തുറമുഖ നിര്‍മാണത്തിന് പാരിസ്ഥിതിക പഠനം വീണ്ടും നടത്തണം എന്ന ആവശ്യമാണ് സമരക്കാരുടെ ആവശ്യം. എന്നാല്‍ എല്ലാവിധ പഠനങ്ങളും നടത്തിയ ശേഷമാണ് നിര്‍മാണം ആരംഭിച്ചത്. പോലീസ് സംരക്ഷണം നല്‍കാന്‍ കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകളോടു നിര്‍ദ്ദേശിക്കണമെന്ന് അദാനി ഗ്രൂപ്പ് ആവശ്യപ്പെട്ടു. ക്രമസമധാന പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കുന്നുണ്ട്, കേന്ദ്ര സേനയുടെ ആവശ്യം ഇപ്പോഴില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. സുരക്ഷ നല്‍കാന്‍ കേന്ദ്ര സേനയ്‌ക്കും ഉത്തരവാദിത്തമുണ്ടെന്ന് അദാനി ഗ്രൂപ്പ് കോടതിയില്‍ മറുപടി നല്‍കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: