ശ്രീകണ്ഠപുരം: ഉല്‍പ്പാദനം കുത്തനെ കുറയുന്ന മഴക്കാലത്ത് റബ്ബറിന്റെ വില കുത്തനെ കുറഞ്ഞിട്ടും റബ്ബര്‍ കര്‍ഷകരെ സഹായിക്കാനായി സര്‍ക്കാര്‍ പ്രഖ്യാപിച്ച വിലസ്ഥിരതാ ഫണ്ട് പുനഃസ്ഥാപിക്കാത്തത് കര്‍ഷകര്‍ക്ക് ഇരുട്ടടിയായി. ജൂണില്‍ 180 രൂപവരെ കിലോവിന് ലഭ്യമായിരുന്ന റബ്ബറിന് ഇന്നലെ 157 രൂപയാണ് വില. മലയോര വിപണിയില്‍ ആര്‍എസ്എസ് 4ന് 157 രൂപയും ലോട്ടിന് 140 രൂപയുമാണ് ഇന്നലെ വില. കഴിഞ്ഞ വര്‍ഷം ഈ സമയത്ത് 170-172 രൂപ ലഭ്യമായിരുന്നു. മഴ മാറിയാല്‍ ഉല്‍പാദനം കൂടും. ഈ ഘട്ടത്തില്‍ റബ്ബര്‍ വിപണിയിലെത്തുമ്പോള്‍ വീണ്ടും വില കുറയുമെന്ന ആശങ്കയിലാണ് കര്‍ഷകര്‍.
170 രൂപയാണ് സര്‍ക്കാര്‍ റബ്ബറിന് താങ്ങുവില പ്രഖ്യാപിച്ചിട്ടുള്ളത്. താങ്ങുവിലയില്‍ കുറവ് വിപണിയില്‍ അനുഭവപ്പെടുമ്പോള്‍ താങ്ങുവിലക്ക് തുല്യമായ വില കര്‍ഷകര്‍ക്ക് നല്‍കുന്നതാണ് വിലസ്ഥിരതാ പദ്ധതി. എന്നാല്‍ ഈ പദ്ധതി സര്‍ക്കാര്‍ പുനഃസ്ഥാപിക്കാത്തത് റബ്ബര്‍ കര്‍ഷകര്‍ക്ക് ദ്രോഹമായി മാറിയിരിക്കുകയാണ്. ജൂണ്‍, ജൂലൈ മാസങ്ങളില്‍ റബ്ബര്‍ വില ഉയര്‍ന്നെങ്കിലും ഉല്‍പാദനം നടക്കാത്തതിനാല്‍ ഇത് കര്‍ഷകര്‍ക്ക് പ്രയോജനപ്പെട്ടില്ല. റബ്ബറിന് പുറമെ ലാറ്റക്‌സിന്റെ വിലയും കുത്തനെ കുറഞ്ഞിട്ടുണ്ട്. മെയ്, ജൂണ്‍ മാസങ്ങളില്‍ ലാറ്റെക്‌സിന് 160 രൂപയുണ്ടായിരുന്നത് ഇപ്പോള്‍ 120 രൂപയായി കുറഞ്ഞിട്ടുണ്ട്. ഷീറ്റിനെക്കാള്‍ വില ലാറ്റക്‌സിന് ലഭിച്ച ഘട്ടത്തില്‍ പലരും ലാറ്റക്‌സിലേക്ക് തിരിഞ്ഞിരുന്നു.
കോമ്പൗണ്ട് റബ്ബറിന്റെ അനിയന്ത്രിതമായ ഇറക്കുമതിയാണ് റബ്ബര്‍ വിലയിടിവിന് കാരണം. റബ്ബറിന് ഇറക്കുമതി ചുങ്കം 25 ശതമാന മുള്ളപ്പോള്‍ കോമ്പൗണ്ട് റബ്ബറിന്റേത് 10 ശതമാനമാണ്. 60 ശതമാനം സ്വാഭാവിക റബ്ബറും മറ്റു രാസവസ്തുക്കളും ചേര്‍ന്ന കൗമ്പൗണ്ട് റബ്ബര്‍ മലേഷ്യ, തായ്‌ലാന്റ് എന്നിവിടങ്ങളില്‍ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. ടയര്‍ വ്യവസായികള്‍ ഉള്‍പ്പെടെ പല റബ്ബര്‍ ഉല്‍പന്ന നിര്‍മ്മാതാക്കളുമാണ് കോമ്പൗണ്ട് റബ്ബര്‍ ഉപയോഗിക്കുന്നത്. കേരളത്തിലെ റബ്ബര്‍ കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ ഇതിന്റെ ചുങ്കം വര്‍ദ്ധിപ്പിക്കേണ്ടത് അത്യാവശ്യമാണ്.
എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ഈ പ്രശ്‌നം കണ്ടില്ലെന്ന് നടിക്കുകയാണ്. 10 വര്‍ഷം മുമ്പ് 27000 ടണ്‍ കോമ്പൗണ്ട് റബ്ബര്‍ ഇറക്കുമതി ചെയ്ത കേരളത്തില്‍ കഴിഞ്ഞവര്‍ഷം അത് ഒന്നേകാല്‍ ലക്ഷം ടണ്ണായി വര്‍ദ്ധിച്ചത് ഇറക്കുമതി ചുങ്കത്തിന്റെ കുറവുമൂലമാണ്. ഉല്‍പാദന സീസണില്‍ വിലയിടിച്ച് റബ്ബര്‍ കര്‍ഷകരെ കൊള്ളയടിക്കുകയാണ് റബ്ബര്‍ കമ്പനികളും വ്യവസായികളും. ഇലപ്പുള്ളി രോഗവും കുമിള്‍ രോഗവും മൂലം റബ്ബര്‍ വ്യാപകമായി നശിക്കുകയാണ്. ഇതിനുപുറമെ റബ്ബര്‍ ഉണങ്ങിനശിക്കുന്നുമുണ്ട്. ഒരുതരം വണ്ടുകളുടെ അക്രമമാണ് ഉണക്കത്തിന് കാരണമെന്ന് കണ്ടെത്തിയിട്ടും പ്രതിവിധികള്‍ കണ്ടെത്തിയിട്ടില്ല.
ഉല്‍പാദന മേഖലയില്‍ കൂലി വര്‍ദ്ധനവ്, രാസവളങ്ങളുടെ വില വര്‍ദ്ധനവ് എന്നിവയെല്ലാം കര്‍ഷകര്‍ക്ക് താങ്ങാന്‍ പറ്റാത്ത അവസ്ഥയാണ്. 10 വര്‍ഷം മുമ്പ് 250 രൂപ കിലോവിന് ലഭ്യമായപ്പോള്‍ കശുമാവും തെങ്ങും മുറിച്ചുമാറ്റി റബ്ബര്‍ കൃഷിയിലേക്ക് നീങ്ങിയ കര്‍ഷകര്‍ ഇപ്പോള്‍ റബ്ബര്‍ മുറിച്ചുമാറ്റി മറ്റുകൃഷികളിലേക്ക് മാറുന്ന സ്ഥിതിയിലാണ്.
സി.വി. നാരായണന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: