പ്രവാസി ക്ഷേമത്തിനുള്ള നിയമസഭാ സമിതിയംഗമെന്ന നിലയ്ക്ക് ജമ്മുകശ്മീര്‍ സന്ദര്‍ശിക്കുന്നതിനിടെ നടത്തിയ രാജ്യവിരുദ്ധ പരാമര്‍ശങ്ങളില്‍ കോടതിയുടെ നിര്‍ദേശത്തെത്തുടര്‍ന്ന് സിപിഎം നേതാവും എംഎല്‍എയും മുന്‍മന്ത്രിയുമായ കെ.ടി.ജലീലിനെതിരെ കേസെടുത്തിരിക്കുകയാണല്ലോ. ജലീലിനെതിരെ കേസെടുക്കണമെന്ന് പരാതിപ്പെട്ടെങ്കിലും പോലീസ് അതിനു തയ്യാറാവാത്തതിനാലാണ് കോടതിയെ സമീപിച്ചത്. ഭരണഘടനയെ അപമാനിക്കണമെന്നും, കലാപമുണ്ടാക്കണമെന്നുമുള്ള ഗൂഢോദ്ദേശ്യത്തോടെയാണ് ജമ്മുകശ്മീരിനെക്കുറിച്ച് ഗുരുതരമായ പരാമര്‍ശങ്ങള്‍ നടത്തിയതെന്ന് എഫ്ഐആറില്‍ പറയുന്നതില്‍ നിന്നുതന്നെ ജലീലിനുമേല്‍ ആരോപിക്കപ്പെടുന്ന കുറ്റകൃത്യത്തിന്റെ ഗുരുതര സ്വഭാവം വ്യക്തമാവുന്നുണ്ട്. ഭരണഘടനയെയും സര്‍ക്കാരിനെയും അപമാനിക്കുന്ന തരത്തില്‍ തീവ്രനിലപാടുള്ള ദേശവിരുദ്ധ ശക്തികളെ പ്രോത്സാഹിപ്പിക്കുംവിധം വികാരങ്ങളെ വ്രണപ്പെടുത്തി ജനങ്ങള്‍ക്കിടയില്‍ സ്പര്‍ദ്ധ വളര്‍ത്താന്‍ ജലീല്‍ ശ്രമിച്ചതായും എഫ്ഐആറില്‍ പറയുന്നുണ്ട്. കശ്മീര്‍ സന്ദര്‍ശനത്തിനിടെ ഫേസ്ബുക്കിലിട്ട കുറിപ്പില്‍ ആസാദ് കശ്മീരെന്നും ഇന്ത്യന്‍ അധീന കശ്മീരെന്നും വിശേഷിപ്പിച്ചതാണ് ജലീലിന്റെ തനിനിറം പുറത്തുകൊണ്ടുവന്നത്. പരാമര്‍ശങ്ങള്‍ വിവാദമായപ്പോള്‍ ന്യായീകരിക്കാന്‍ ശ്രമിച്ചെങ്കിലും ദല്‍ഹിയിലുള്‍പ്പെടെ പരാതികള്‍ വന്നതോടെ സന്ദര്‍ശനം വെട്ടിച്ചുരുക്കി ജലീല്‍ കേരളത്തിലെത്തുകയായിരുന്നു. ചെയ്ത തെറ്റിന്റെ ഗുരുതരാവസ്ഥ ബോധ്യമുണ്ട്. അറസ്റ്റു ചെയ്ത് ജയിലിടാന്‍ സാധ്യതയുള്ളതിനാല്‍ ദല്‍ഹിയിലെ പരിപാടി റദ്ദാക്കിയാണ് ജലീല്‍ കേരളത്തിലെത്തിയത്. താവളത്തിലെത്തിയതിനാല് സുരക്ഷിതനായെന്ന് ആശ്വസിച്ചിരിക്കുമ്പോഴാണ് കോടതിയില്‍ പരാതിവന്നതും കേസെടുത്തതും.
ജമ്മുകശ്മീരിനെ ആസാദ് കശ്മീരെന്നും ഇന്ത്യന്‍ അധീന കശ്മീരെന്നും കാലങ്ങളായി വിശേഷിപ്പിച്ചുകൊണ്ടിരിക്കുന്നത് പാകിസ്ഥാനാണ്. ഇന്ത്യയിലെ ഏതൊരു പൗരനും ഇതറിയാമെന്നിരിക്കെ ഭരണഘടനതൊട്ട് സത്യപ്രതിജ്ഞയെടുത്തിരിക്കുന്ന ജനപ്രതിനിധിയും മുന്‍ മന്ത്രിയുമായ ജലീല്‍ വളരെ ബോധപൂര്‍വമാണ് രാജ്യവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയത്. ഇതുകൊണ്ടാണ് രാജ്യം മുഴുവന്‍ പ്രതിഷേധമുയര്‍ന്നിട്ടും പരാമര്‍ശങ്ങളില്‍ മാപ്പു പറയാനോ ഖേദം പ്രകടിപ്പിക്കാന്‍ പോലുമോ ജലീല്‍ തയ്യാറാവാതിരുന്നത്. ഇസ്ലാമിക തീവ്രവാദിയായ ജലീലിന്റെ രാഷ്ട്രീയ ഭൂതകാലം അറിയാവുന്നവര്‍ക്ക് ഈ മനോഭാവത്തില്‍ ആശ്ചര്യം തോന്നില്ല. ‘ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ’ എന്ന അത്യന്തം പ്രകോപനപരവും ഭരണഘടനാവിരുദ്ധവും മതവിഭാഗീയത സൃഷ്ടിക്കുന്നതുമായ മുദ്രാവാക്യം പ്രചരിപ്പിച്ച തീവ്രവാദ സംഘടനയായ ‘സിമി’യുടെ നേതാവായിരുന്നല്ലോ ജലീല്‍. രാജ്യത്ത് നിയമം മൂലം നിരോധിക്കപ്പെട്ട ഈ സംഘടന നിരവധി ഭീകരാക്രമണങ്ങള്‍ നടത്തിയിട്ടുണ്ട്. ജമ്മുകശ്മീരിനെക്കുറിച്ച് ജലീല്‍ പ്രകടിപ്പിച്ച അതേ അഭിപ്രായമാണ് ‘സിമി’യെപ്പോലുള്ള തീവ്രവാദ സംഘടനകള്‍ക്കുള്ളത്. ഇപ്പോള്‍ ഇടതുപക്ഷത്താണെങ്കിലും ഇസ്ലാമിക തീവ്രവാദിയായ ഞാന്‍ നിങ്ങള്‍ക്കൊപ്പമാണെന്ന് ഇത്തരം ജിഹാദി സംഘടനകളോട് പറയാതെ പറഞ്ഞിരിക്കുകയാണ് ജലീല്‍. ജമാഅത്തെ ഇസ്ലാമിയുടെ പത്രം യുഎഇയില്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് അവിടുത്തെ ഭരണാധികാരികള്‍ക്ക് മന്ത്രിയായിരിക്കെ ജലീല്‍ കത്തെഴുതിയതുമായി ബന്ധപ്പെട്ട് ഒരു വിവാദമുണ്ടായല്ലോ. ഇക്കാര്യത്തില്‍ ആശയക്കുഴപ്പം വേണ്ടെന്നും, താന്‍ പഴയ ജിഹാദി തന്നെയാണെന്നും ജലീലിന് വ്യക്തമാക്കേണ്ടതുണ്ടായിരുന്നു.
തന്റെ രാജ്യവിരുദ്ധ പരാമര്‍ശങ്ങള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും ഇപ്പോള്‍ തട്ടകമാക്കിയിരിക്കുന്ന ഇടതുപക്ഷത്തുനിന്ന് പരിപൂര്‍ണ പിന്തുണ ലഭിക്കുമെന്ന ഉറപ്പ് ജലീലിനുണ്ട്. പല കാരണങ്ങള്‍ക്കൊണ്ടും തന്നെ രക്ഷിക്കാന്‍ അവര്‍ ബാധ്യസ്ഥരാണെന്നും ജലീലിനറിയാം. വിവാദമായ സ്വര്‍ണക്കടത്തു കേസിലും ഖുറാന് കടത്തുകേസിലുമൊക്കെ ജലീലിനെ വീറോടെ സംരക്ഷിക്കുകയാണല്ലോ ഇടതുമുന്നണി സര്‍ക്കാര്‍ ചെയ്തത്. മറ്റ് ആരെ കയ്യൊഴിയേണ്ടി വന്നാലും ജലീലിനെ കയ്യൊഴിയാന്‍ മുഖ്യമന്ത്രി പിണറായി വിജയനാവില്ല. ഈയൊരു ധൈര്യമാണ് രാജ്യത്തിന്റെ ഉത്തമതാല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമായി പെരുമാറാന്‍ ജലീലിനെ പ്രേരിപ്പിക്കുന്നത്. വിദേശകാര്യമന്ത്രാലയത്തെ മറികടന്ന് യുഎഇ ഭരണാധികാരിക്ക് കത്തെഴുതിയ പ്രശ്നത്തില്‍ ജലീലിനെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. ഇക്കാര്യത്തില്‍ ജലീലുമായി സംസാരിക്കാന്‍ കഴിഞ്ഞില്ലെന്നാണ് മുഖ്യമന്ത്രി നിരുത്തരവാദപരമായി പ്രതികരിച്ചത്. കശ്മീരിന്റെ കാര്യത്തില്‍ പാകിസ്ഥാനോട് ഐക്യം പ്രഖ്യാപിച്ച ജലീലിനെയും സിപിഎമ്മും ഇടതുമുന്നണി സര്‍ക്കാരും സംരക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ജലീലിനോട് യോജിപ്പില്ല എന്ന് സിപിഎം പറയുമ്പോഴും, പരാതിയില്‍ കേസെടുക്കേണ്ടതില്ലെന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന് പോലീസിന് നിര്‍ദേശം നല്‍കിയത് ഇതിനാലാണ്. പരാമര്‍ശം പിന്‍വലിച്ചിട്ടും തന്നെ വേട്ടയാടുകയാണെന്ന് ജലീല്‍ പറയുന്നത് വൃത്തികെട്ട കൗശലമാണ്. തനിക്ക് ചിലര്‍ പാകിസ്ഥാനിലേക്ക് ടിക്കറ്റെടത്തു തരാമെന്നു പറഞ്ഞതായി ജലീല്‍ പരിതപിക്കുന്നതില്‍ അര്‍ത്ഥമില്ല. കാരണം കശ്മീര്‍ പ്രശ്നത്തിലടക്കം ജലീലിനെപ്പോലെ ചിന്തിക്കുന്നവര്‍ ഭരണാധികാരികളടക്കം നിരവധിപേര്‍ അവിടെയുണ്ടല്ലോ. ജലീലിനെപ്പോലുള്ളവര്‍ ഇന്ത്യയില്‍ വേണമെന്നാണ് പാകിസ്ഥാന് ആഗ്രഹിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: