ന്യൂദല്‍ഹി : എസ്എന്‍സി ലാവലിന്‍ കേസുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ സുപ്രീംകോടതി സെപ്റ്റംബര്‍ 13 ന് പരിഗണിക്കും. കേസ് ലിസ്‌ററില്‍ നിന്ന് മാറ്റരുതെന്ന് കോടതി നിര്‍ദ്ദേശം ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ച്. കേസ് പരിഗണിക്കുന്നത് തുടര്‍ച്ചയായി നീണ്ടുപോകുന്നതിനെ തുടര്‍ന്നാണ് ഈ നിര്‍ദ്ദേശം.
കേസ് സെപ്റ്റംബര്‍ 13ന് തന്നെ വാദം കേള്‍ക്കണമെന്നും, ലിസ്റ്റില്‍ നിന്നും ഇനിയും മാറ്റിവെയ്‌ക്കരുതെന്നും സുപ്രീംകോടതി പ്രത്യേക നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഹര്‍ജി നിരന്തരം മാറി പോകുന്നെന്ന് അഭിഭാഷക എം.കെ അശ്വതിയാണ് കോടതിയെ ചൂണ്ടിക്കാട്ടിയത്. പിണറായി വിജയനെ കുറ്റവിമുക്തനാക്കിയതിനെതിരെ സിബിഐ സമര്‍പ്പിച്ച അപ്പീലാണ് കോടതി പരിഗണിക്കുന്നത്.
മുഖ്യമന്ത്രി പിണാറായി വിജയന്‍, മുന്‍ ഊര്‍ജ്ജവകുപ്പ് സെക്രട്ടറി കെ.മോഹനചന്ദ്രന്‍, ഊര്‍ജ്ജ വകുപ്പ് മുന്‍ ജോയിന്റ് സെക്രട്ടറി എ. ഫ്രാന്‍സിസ് എന്നിവരെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയ ഹൈക്കോടതി വിധിക്കെതിരെ സിബിഐ സമര്‍പ്പിച്ച ഹര്‍ജിയില്‍ 2018 ജനുവരി 11-നാണ് സുപ്രീം കോടതി നോട്ടീസ് അയച്ചത്. നാല് വര്‍ഷത്തിനിടെ മുപ്പതിലധികം തവണ കേസ് ലിസ്റ്റ് ചെയ്‌തെങ്കിലും ഹര്‍ജികള്‍ പരിഗണിക്കുന്നത് മാറ്റിവെച്ചിരുന്നു.
കെഎസ്ഇബി മുന്‍ അക്കൗണ്ട്സ് മെമ്പര്‍ കെ.ജി. രാജശേഖരന്‍ നായര്‍, മുന്‍ ബോര്‍ഡ് ചെയര്‍മാന്‍ ആര്‍. ശിവദാസന്‍, ജനറേഷന്‍ വിഭാഗം മുന്‍ ചീഫ് എന്‍ജിനീയര്‍ എം. കസ്തൂരിരംഗ അയ്യര്‍ എന്നിവര്‍ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജികളില്‍ മുമ്പ് നോട്ടീസ് നല്‍കിയിരുന്നെങ്കിലും അന്ന് കേസ് പരിഗണിച്ചിരുന്ന ബെഞ്ചിന് നേതൃത്വം നല്‍കിയ ഇപ്പോഴത്തെ ചീഫ് ജസ്റ്റിസ് കേസിലെ വിചാരണ നടപടികള്‍ സ്റ്റേ ചെയ്തിരുന്നു. പിന്നീട് ജസ്റ്റിസ് യു.യു ലളിത് ആണ് കേസ് പരിഗണിച്ചിരുന്നത്.
അതേസമയം സെപ്തംബര്‍ 13ന് ലാവ്‌ലിന്‍ ഹര്‍ജികള്‍ ജസ്റ്റിസ് യു.യു. ലളിതിന്റെ ബെഞ്ച് തന്നെയായിരിക്കുമോ പരിഗണിക്കുക എന്ന കാര്യത്തില്‍ അവ്യക്തതയുണ്ട്. 13ന് മുമ്പ് ജസ്റ്റിസ് യു.യു.ലളിത് സുപ്രീംകോടതി ചീഫ് ജസ്റ്റിസായി ചുമതലയേല്‍ക്കും. സുപ്രധാനമായ ഒട്ടേറെ കേസുകള്‍ അദ്ദേഹത്തിനു മുന്നില്‍ വരുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഹര്‍ജി പരിഗണിക്കുന്നത് ആര് എന്ന കാര്യത്തില്‍ അവ്യക്തതയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: