തൃശൂര്‍ : സ്വത്ത് തട്ടിയെടുക്കാനായി മകള്‍ അമ്മയെ വിഷം നല്കി കൊലപ്പെടുത്തി. അച്ഛന് വിഷം നല്‍കിയെങ്കിലും രക്ഷപ്പെട്ടു. തൃശൂര്‍ കുന്നംകുളം കീഴൂര്‍ സ്വദേശിനി ഇന്ദുലേഖയാണ് അച്ഛനും അമ്മയ്ക്കും വിഷം നല്കി കൊല്ലാന്‍ ശ്രമിച്ചത്. അമ്മയുടേയും അച്ഛന്റേയും പേരിലുള്ള 14 സെന്റ് ഭൂമിയും വീടും കൈക്കലാക്കാനായിരുന്നു മകളുടെ ഈ ക്രൂര നീക്കം.
കഴിഞ്ഞ 17നായിരുന്നു സംഭവം. ഇരുവരേയും കൊല്ലാനായി ഇന്ദുലേഖ അച്ഛനും അമ്മയ്ക്കും ചായയില്‍ പാറ്റയെ കൊല്ലാന്‍ ഉപയോഗിക്കുന്ന കീടനാശിനി ചേര്‍ത്ത് നല്‍കുകയായിരുന്നു. അമ്മ രുഗ്മിണി ചായ കുടിച്ചു. എന്നാല്‍ രുചി മാറ്റത്തെ തുടര്‍ന്ന് അച്ഛന് ചന്ദ്രന് ചായ കുടിച്ചില്ല. വിഷം ഉള്ളില്‍ ചെന്ന രുഗ്മിണിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും കഴിഞ്ഞ തിങ്കളാഴ്ച രുഗ്മിണി ചികില്‍സക്കിടെ മരിക്കുകയായിരുന്നു.
മരണത്തില്‍ അസ്വാഭാവികത തോന്നിയതിനെ തുടര്‍ന്ന് ഡോക്ടര്‍മാര്‍ നടത്തിയ പരിശോധനയിലാണ് രുഗ്മിണിയുടെ ശരീരത്തില്‍ വിഷാംശം കണ്ടെത്തിയത്. ഇതോടെ അധികൃതര്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. ചായയിലെ രുചി മാറ്റവും വീട്ടിലെ കീടനാശിനിയുടെ സാന്നിധ്യവും അച്ഛന് പറഞ്ഞതോടെയാണ് ആ വഴിക്ക് അന്വേഷണം നീണ്ടു. ചോദ്യം ചെയ്യലില്‍ ഇന്ദുലേഖ ഇത് സമ്മതിക്കുകയായിരുന്നു.
അച്ഛനും അമ്മയ്ക്കും കുട്ടികള്‍ക്കും ഒപ്പം കീഴൂരിലാണ് ഇന്ദുലേഖ താമസിച്ചിരുന്നത്. വിദേശത്ത് ആയിരുന്ന ഇവരുടെ ഭര്‍ത്താവ് ഈ അടുത്ത് നാട്ടിലെത്തിയിരുന്നു. എട്ട് ലക്ഷം രൂപ കടം ഇവര്‍ക്ക് ഉണ്ടായിരുന്നു. അമ്മയുടേയും അച്ഛന്റേയും പേരിലുള്ള വീടും 14 സെന്റ് ഭൂമിയും കൈക്കലാക്കി അത് തീര്‍ക്കാനായിരുന്നു ഇന്ദുലേഖയുടെ നീക്കം.
ബുധനാഴ്ച കസ്റ്റഡിയിലെടുത്ത ഇന്ദുലേഖയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. ഇതിനൊപ്പം 8 ലക്ഷം രൂപയുടെ കടം ഇന്ദുലേഖക്ക് എങ്ങനെ ഉണ്ടായെന്നും ഇതിന് പിന്നില്‍ മറ്റാരെങ്കിലും ഉണ്ടോ എന്നതും പോലീസ് അന്വേഷിച്ചു വരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: