ഹൈദരാബാദ്: മതനിന്ദ നടത്തിയതിന് ബിജെപി തങ്ങളുടെ തെലുങ്കാന എംഎല്‍എ രാജാ സിങ്ങിനെ സസ്പെന്‍റ് ചെയ്തെങ്കിലും ബുധനാഴ്ച മുസ്ലിം സംഘടനകള്‍ ഹൈദരാബാദില്‍ നടത്തിയ പ്രകടനം അക്രമാസക്തമായി. ബുധനാഴ്ച രാത്രിയിലും അക്രമം ശമിച്ചിട്ടില്ല. അംബെര്‍പേട്ട്, തല്ലബ്കട്ട, ചാര്‍മിനാര്‍, മൊഗള്‍പുര, ഖില്‍വത്ത്, ബഹദൂര്‍പുര, ചഞ്ചല്‍ഗുഡ എന്നിവിടങ്ങളില്‍ പ്രതിഷേധം നടക്കുന്നതായി റിപ്പോര്‍ട്ടുണ്ട്.
ബിജെപി കഴിഞ്ഞ ദിവസം എംഎല്‍എ രാജാസിങ്ങിനെ പാര്‍ട്ടിയില്‍ നിന്നും സസ്പെന്‍റ് ചെയ്തതിനെ തുടര്‍ന്ന് അദ്ദേഹത്തെ തെലുങ്കാന പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് കോടതി ജാമ്യം നല്‍കി വിട്ടയച്ചിരുന്നു. പുറത്തിറങ്ങിയ രാജാ സിങ്ങിന് വലിയ സ്വീകരണപരിപാടി അനുയായികള്‍ സംഘടിപ്പിച്ചതോടെയാണ് മുസ്ലിം സംഘടനകള്‍ ചാര്‍മിനാറിന് മുന്‍പില്‍ പ്രതിഷേധവുമായി തടിച്ചുകൂടിയത്.
പിന്നീട് പൊലീസിന് നേരെ കല്ലേറ് നടന്നു. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ ലാത്തിവീശി. ഇതിനിടെ അക്രമികള്‍ പൊലീസ് ജീപ്പ് തകര്‍ത്തു. വീണ്ടും രാജാ സിങ്ങിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രകടനം. കുട്ടികളെക്കൊണ്ട് വിദ്വേഷമുദ്രാവാക്യം വിളിപ്പിക്കുന്ന വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലായി.
തെലുങ്കാനയിലെ ടെലിവിഷന്‍ ചാനലായ ശ്രീറാം ചാനലില്‍ വന്ന ഒരു അഭിമുഖത്തില്‍ നൂപുര്‍ ശര്‍മ്മ പറഞ്ഞ പരാമര്‍ശം ആവര്‍ത്തിച്ചതാണ് രാജാ സിങ്ങിന്റെ അറസ്റ്റിലും ബിജെപിയില്‍ നിന്നുള്ള സസ്പെന്‍ഷനിലും കലാശിച്ചത്. ബീഷീര്‍ ബാഗില്‍ സിറ്റി പൊലീസ് കമ്മീഷണറുടെ ഒാഫീസിലും സമരക്കാര്‍ ഉപരോധം നടത്തി.
ഇതിനിടെ തെലുങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിന്റെ മകളുടെ വീടാക്രമിക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ച് ബിജെപിയുടെ തെലുങ്കാന അധ്യക്ഷന്‍ ബണ്ടി സഞ്ജയ് കുമാറിനെ കഴിഞ്ഞ ദിവസം തെലുങ്കാന പൊലീസ് അറസ്റ്റ് ചെയ്തത് വലിയ സംഘര്‍ഷത്തിനിടയാക്കിയിരുന്നു. എന്നാല്‍ ബുധനാഴ്ച ബണ്ടി സഞ്ജയ് കുമാറിനെ വിട്ടയച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: