കൊട്ടാരക്കര: കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ രോഗികള്‍ മരുന്നിനായി കാത്തുനില്‍ക്കുന്നത് അഞ്ചര മണിക്കൂറിലേറെ. കേവലം പനിക്കുള്ള മരുന്നിന് പോലും ക്യൂവില്‍നിന്ന് വലയുകയാണ് രോഗികള്‍. കെട്ടിടവും അനുബന്ധ സൗകര്യങ്ങളുമുണ്ടായിട്ടും ആവശ്യമായ ജീവനക്കാരില്ലാത്തതാണ് ഈ ദുര്‍ഗതിക്ക് കാരണം. കൊട്ടാരക്കര താലൂക്ക് ആശുപത്രിയുടെ പ്രവര്‍ത്തനങ്ങളെല്ലാം താളം തെറ്റിയ നിലയിലാണ്.
ദിവസവും ആയിരക്കണക്കിന് രോഗികള്‍ എത്തുന്ന ആശുപത്രിയില്‍ ഫാര്‍മസിയിലടക്കം ആവശ്യത്തിന് ജീവനക്കാരില്ല. ഇന്നലെയും നൂറുകണക്കിന് രോഗികളാണ് ആശുപത്രി ഫാര്‍മസിക്ക് മുന്നില്‍ മണിക്കൂറുകളോളം കാത്തുനിന്നത്. ക്യൂവില്‍ നിന്ന് കൗണ്ടറിലെത്തിയാല്‍ ചിലപ്പോള്‍ ആവശ്യമായ മരുന്ന് കിട്ടാത്ത അവസ്ഥയുമുണ്ട്. രോഗികളായവരും പ്രായം ചെന്നവരും പലപ്പോഴും ക്യൂ നില്‍ക്കുന്നതിനിടെ കുഴഞ്ഞുവീഴുകയാണ്.
ഫാര്‍മസി കൗണ്ടറില്‍ ഒരു ജീവനക്കാരന് മാത്രമാണ് ഉള്ളത്. ഒപി ടോക്കണ്‍ ലഭിക്കുന്ന രോഗികള്‍ ക്യൂ നിന്ന് ഡോക്ടറെ കണ്ടശേഷം വീണ്ടും മരുന്ന് ലഭിക്കണമെങ്കിലും മണിക്കൂറുകളോളം വരി നില്‍ക്കണം. ആവശ്യമായ എല്ലാ സൗകര്യങ്ങളുമുണ്ടായിട്ടും ജീവനക്കാരെ നിയമിച്ച് ആശുപത്രിയുടെ പ്രവര്‍ത്തനം സുഗമമാക്കാന്‍ അധികൃതര്‍ ഇതുവരെ തയാറായിട്ടില്ല. ആശുപത്രിയില്‍ ആവശ്യത്തിനുള്ള ജീവനക്കാരെ നിയമിക്കാന്‍ അടിയന്തര നടപടിയുണ്ടാകണമെന്ന ആവശ്യം ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: