ഹൈദരാബാദ്: വര്‍ഗ്ഗീയവിദ്വേഷവും സമുദായസംഘര്‍ഷത്തിന് വഴിവെക്കുന്നതുമായ പ്രസംഗം നടത്തിയതിന് തെലുങ്കാനയിലെ എംഎല്‍എ ടി. രാജ സിങ്ങിനെ ബിജെപി പാര്‍ട്ടിയില്‍ നിന്നും അന്വേഷണവിധേയമായി സസ്പെന്റ് ചെയ്തു. വിവിധ പ്രശ്നങ്ങളില്‍ പാര്‍ട്ടിയുടെ പ്രഖ്യാപിത നയങ്ങള്‍ക്കെതിരായ പരാമര്‍ശങ്ങള്‍ നടത്തിയതിനും മതവികാരം വ്രണപ്പെടുത്തിയതിനുമാണ് അച്ചടക്ക നടപടി. പാര്‍ട്ടി ഭരണഘടനയ്ക്കെതിരായി പരാമര്‍ശങ്ങള്‍ നടത്തിയെന്ന് ബിജെപിയുടെ കേന്ദ്ര അച്ചടക്കസമിതി സെക്രട്ടറി ഓം പതക് നോട്ടീസില്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം ടി. രാജ സിങ്ങിന്റെ പരാമര്‍ശത്തെതുടര്‍ന്ന് തെലുങ്കാനയില്‍ ചില സ്ഥലങ്ങളില്‍ വര്‍ഗ്ഗീയമായി ചേരി തിരിഞ്ഞ് ഏറ്റുമുട്ടല്‍ നടന്നിരുന്നു. ബിജെപി പാര്‍ട്ടിയില്‍ നിന്നും അന്വേഷണവിധേയമായി സസ്പെന്റ് ചെയ്തതിന് പിന്നാലെ തെലുങ്കാന പൊലീസ് ടി. രാജ സിങ്ങിനെ അറസ്റ്റ് ചെയ്തു.
മതത്തിന്റെ അടിസ്ഥാനത്തില്‍ സമുദായത്തില്‍ ചേരിതിരിവിന് ശ്രമിച്ചു എന്ന കുറ്റം ചുമത്തി രാജ സിങ്ങിന്റെ പേരില്‍ കേസെടുത്തു. അന്വേഷണ വിധേയമായി ടി. രാജ സിങ്ങിനെ പാര്‍ട്ടിയില്‍ നിന്നും സസ്പെന്റ് ചെയ്തതായി ഓം പതക്ക് നോട്ടീസില്‍ അറിയിച്ചു.
ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് പ്രവാചകനിന്ദ നടത്തി എന്നാരോപിക്കപ്പെട്ടതിനെ തുടര്‍ന്ന് പാര്‍ട്ടി നൂപുര്‍ ശര്‍മ്മയെയും നവീന്‍ ജിന്‍ഡാലിനെയും പാര്‍ട്ടിയില്‍ നിന്നും സസ്പെന്റ് ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: