കൊല്ലം: കോര്‍പ്പറേഷനില്‍ മേയറുടെ ഓഫീസില്‍ തീപ്പിടുത്തമുണ്ടായിട്ട് മൂന്നു ദിവസം പിന്നിട്ടിട്ടും കാരണം കണ്ടെത്താനായില്ല. കോര്പ്പറേഷന് ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും മൊഴി രേഖപ്പെടുത്തിയെന്നും ഫോറന്‍സിക് അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമെ അന്തിമ നിഗമനത്തില്‍ എത്തിച്ചേരാന്‍ സാധിക്കുകയുള്ളുവെന്നുമാണ് അന്വേഷണ ചുമതലയുള്ള കൊല്ലം ഈസ്റ്റ് പോലീസിന്റെ വിശദീകരണം. സിസിടിവി പരിശോധന ഉള്‍പ്പെടെ നടത്തി തെളിവുകള്‍ ശേഖരിക്കുമെന്നും പോലീസ് പറഞ്ഞു.
എന്നാല്‍, സംഭവത്തില്‍ ദുരൂഹത തുടരുകയാണ്. ബിജെപി, കോണ്‍ഗ്രസ് ആരോപണങ്ങളോട് പ്രതികരിക്കാന്‍ മേയര്‍ പ്രസന്ന ഏണസ്റ്റ് തയ്യാറായിട്ടുമില്ല. മേയറുടെ ഓഫീസിനുള്ളില്‍ ഇത്രയും അധികം ഫയലുകള്‍ എത്തിയതും ദുരൂഹതയാണ്. അക്കൗണ്ട് സെക്ഷനിലേയും നിയമനങ്ങളും ഇന്റര്‍വ്യൂകളുമായും ബന്ധപ്പെട്ട ഫയലുകളാണ് കത്തിനശിച്ചവയിലധികവും. അടുത്തിടെ കോര്‍പ്പറേഷനില്‍ നടന്ന വിജിലന്‍സ് റെയ്ഡുമായി ബന്ധപ്പെട്ട് വിജിലന്‍സ് വിഭാഗവും കോര്‍പ്പറേഷനില്‍ നടന്ന ക്രമക്കേടുകളെ കുറിച്ച് ആഡിറ്റ് വിഭാഗവും റിപ്പോര്‍ട്ട് തേടിയ പശ്ചാത്തലവും കൂടി നിലനിന്ന സാഹചര്യത്തിലാണ് തീപ്പിടിത്തമുണ്ടായത്.
ആശാ വര്‍ക്കര്‍ നിയമനത്തിലെ അഴിമതി-സ്വജനപക്ഷപാതം, പട്ടികജാതി/പട്ടികവര്‍ഗ നിയമന അട്ടിമറി എന്നിവയ്ക്കെതിരെ വിവിധ കമ്മീഷനുകള്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. പൂര്‍ണമായും ഭാഗീകമായും കത്തിനശിച്ച ഫയലുകളെ കുറിച്ചുള്ള വിവരങ്ങള്‍ കോര്പ്പറേഷന് ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഈ ഫയലുകള്‍ ഡിജിറ്റലായി സൂക്ഷിച്ചിരുന്നതടക്കമുള്ള വിവരങ്ങളും ലഭ്യമല്ല.
ശനിയാഴ്ച പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് ഒന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസില്‍ തീപ്പിടുത്തമുണ്ടായത്. എസിയിലെ ഷോര്‍ട് സര്‍ക്യൂട്ടാണ് തീപ്പിടുത്തത്തിന് കാരണമെന്നാണ് മേയറോട് അടുത്ത വൃത്തങ്ങള്‍ പറയുന്നത്. എന്നാല്‍ ഇതിനു തീരെ സാധ്യതയില്ലെന്നും, ഓഫ് ചെയ്തിരുന്ന എസിയില്‍ നിന്ന് എങ്ങിനെ തീപ്പിടുത്തമുണ്ടാകുമെന്നും ചോദ്യം ഉയര്‍ന്നിട്ടുണ്ട്. ഇലക്ട്രിക് വിഭാഗത്തിന്റെ തലയില്‍ സംഭവം കെട്ടിവെച്ച് കൈകഴുകാനുള്ള നീക്കമാണ് മേയര്‍ നടത്തുന്നതെന്നും ആരോപണമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: