തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിര്‍മാണം നിര്‍ത്തിവച്ച് തീരശോഷണത്തെക്കുറിച്ച് പഠിക്കണമെന്ന മത്സ്യത്തൊഴിലാളികളുടെ ആവശ്യം അംഗീകരിക്കാനാകില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന് വ്യക്തമാക്കി. മത്സ്യത്തൊഴിലാളികളുമായി എപ്പോഴും ചര്‍ച്ചയ്ക്കു തയാറാണ്. വിഴിഞ്ഞം പോലുള്ള ബൃഹത് പദ്ധതികള്‍ നാടിന്റെ വളര്‍ച്ചയ്ക്ക് ആവശ്യമാണ്. ഇപ്പോഴത്തെ സമരം പ്രദേശത്തെ മത്സ്യത്തൊഴിലാളികള്‍ മാത്രമായി പങ്കെടുക്കുന്നതല്ലെന്നും ചില സ്ഥലങ്ങളില്‍ മുന്‍കൂട്ടി തയാറാക്കിയ സമരമാണെന്നും കോവളം എംഎല്‍എ എം.വിന്‍സെന്റ് നല്കിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടിയായി മുഖ്യമന്ത്രി വ്യക്തമാക്കി. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ വിദഗ്ധസമിതിയുടെ പഠനത്തിലും പദ്ധതി തീരപ്രദേശത്തിനു ദോഷമാണെന്നു കണ്ടെത്തിയിട്ടില്ല. കേരള തീരത്തുണ്ടായ ചുഴലിക്കാറ്റുകളും ന്യൂനമര്‍ദവുമാണ് തീരശോഷണത്തിനു പ്രധാന കാരണമെന്നു മുഖ്യമന്ത്രി പറഞ്ഞു. വിഴിഞ്ഞം തുറമുഖ നിര്‍മാണം ആരംഭിച്ചശേഷം പദ്ധതിപ്രദേശത്തിന്റെ 5 കിലോമീറ്റര്‍ ചുറ്റളവില്‍ തീരശോഷണം ഉണ്ടായിട്ടില്ലെന്നും തുറമുഖ നിര്‍മാണം ഒരു കാരണവശാലും നിര്‍ത്തിവയ്ക്കില്ലെന്നും മുഖ്യമന്ത്രി സഭയില്‍ അറിയിച്ചു.
അതേസമയം, സര്‍ക്കാരിന്റെ പ്രതികരണത്തിനു പിന്നാലെ രൂക്ഷ വിമര്‍ശനവുമായി സമരസമിതി രംഗത്തെത്തി. മുഖ്യമന്ത്രി യാഥാര്‍ഥ്യം തിരിച്ചറിയുന്നില്ലെന്ന് ലത്തീന്‍ അതിരൂപത ആരോപിച്ചു. കടക്കൂ പുറത്തെന്ന് മത്സ്യത്തൊഴിലാളികളോട് പറയേണ്ട. മന്ത്രിമാര്‍ മത്സ്യത്തൊഴിലാളികളെ കളിയാക്കുകയാണെന്ന് ഫാ. തിയോഡേഷ്യസ് ഡിക്രൂസ് പറഞ്ഞു. തുറമുഖ മന്ത്രി വിഡ്ഢിയാണ്. അദ്ദേഹത്തിന്റെ പ്രസംഗം കള്ളങ്ങള്‍ കുത്തിനിറച്ചതാണെന്നും കൈക്കൂലി പറ്റിയവരുണ്ടെങ്കില്‍ അദാനിക്ക് തിരിച്ചുകൊടുക്കണമെന്നും ഡിക്രൂസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: