തിരുവന്തപുരം നഗരസഭയുടെ നേതൃത്വത്തില്‍ നിര്‍മിച്ച കേരളത്തിലെ ഏറ്റവും വലിയ കാല്‍നട മേല്‍പ്പാലം നാടിന് സമര്‍പ്പിച്ചു. പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസാണ് കാല്‍നട മേല്‍പ്പാലത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. നടന് പൃഥ്വിരാജ് സുകുമാരന്‍ പരിപാടിയില്‍ മുഖ്യാഥിതിയായിരുന്നു. ‘അഭിമാനം അനന്തപുരി’ സെല്‍ഫി പോയന്റിന്റെ ഉദ്ഘാടനം പൃഥ്വിരാജ് നിര്‍വഹിച്ചു.
ജീവിതത്തില്‍ ആദ്യമായാണ് ഒരു മേയര്‍ രാജുവേട്ടാ എന്ന് അഭിസംബോധന ചെയ്ത് ഒരു പരിപാടിക്ക് ക്ഷണിക്കുന്നത്. അതുകൊണ്ടാണ് എന്തായാലും വന്നുകളയാം എന്ന് വിചാരിച്ചു,’ പൃഥ്വിരാജ് പറഞ്ഞു.
ഒരുപാട് കാലത്തിന് ശേഷമാണ് തിരുവനന്തപുരത്ത് തന്റെ സിനിമയുടെ ഷൂട്ട് നടക്കുന്നതെന്നും അങ്ങനെയാണ് ഇതുപോലൊരു പൊതുപരിപാടിയുടെ ഭാഗമാകാന്‍ കഴിഞ്ഞതെന്നും പൃഥ്വിരാജ് പറഞ്ഞു. ‘ജനിച്ച നാട്ടില്‍ വരുമ്പോള്‍ എല്ലാവര്ക്കും ഉണ്ടാകുന്ന സന്തോഷമാണ് എനിക്കുമുള്ളത്. ഞാന്‍ കോളേജില്‍ പഠിക്കുന്ന സമയത്ത് പഴവങ്ങാടിയില്‍ നിന്ന് കിഴക്കേക്കോട്ടയിലുള്ള റോഡില്‍ സ്ഥിരമായി പൊലീസ് ചെക്കിങ്ങുണ്ടാകുന്ന സ്ഥലമാണ്. അന്ന് ബൈക്കില്‍ സ്പീഡില്‍ പോയിട്ട് ഒരുപാട് പ്രവശ്യം ഇവിടെ പിടിച്ചുനിര്‍ത്തിയിട്ടുണ്ട്. ആ വഴിയില്‍ ഇതുപോലൊരു പൊതുചടങ്ങില്‍ ഇത്രയും നാട്ടുകാരുടെ സന്തോഷത്തിന് മുന്നില്‍ നില്ക്കാന് സാധിച്ചതില്‍ സന്തോഷമുണ്ട്.
ഇതുപോലൊരു പബ്ലിക്ക് ഇന്ഫ്രാസ്ട്രെക്ച്ചര് വലിയ മഹത്വ്യക്തിത്വങ്ങളുടെ പേരില്‍ പണിതുയര്‍ത്തിയ ഐഡിയേഷന്‍ ടീമിനെയാണ് ഞാന്‍ ആദ്യം അഭിനന്ദിക്കുന്നത്. ഞാന്‍ തിരുവനന്തപുരത്ത് ജനിച്ച് വളര്‍ന്നയാളാണെങ്കിലും പിന്നീട് സിനിമയുമായി ബന്ധപ്പെട്ട് എറണാകുളം കേന്ദ്രീകരിച്ച് താമസം മാറിയതാണ്. പക്ഷേ ഇന്നും തിരുവനന്തപുരത്ത് വരുമ്പോഴാണ് നമ്മുടെ, എന്റെ എന്നൊക്കെയുള്ള തോന്നലുണ്ടാകുന്നത്. സത്യത്തില്‍ ഞാന്‍ തിരുവനന്തപുരം സ്ലാങ്ങില്‍ സംസാരിക്കുന്നയാളാണ്. ഞാനിപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന കാപ്പ എന്ന സിനിമയില്‍ എന്റെ ഭാഷയിലാണ് സംസാരിക്കുന്നത്. ഇങ്ങനെയുള്ള ഒരു ചടങ്ങില്‍ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും പൃഥ്വിരാജ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: