ഹരാരെ: സിംബാബ്വെക്കെതിരായ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പര ഇന്ത്യ തൂത്തുവാരി. മൂന്നാം ഏകദിനത്തില്‍ 13 റണ്‍സിന്റെ വിജയമാണ് ഇന്ത്യ നേടിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറില്‍ എട്ട് വിക്കറ്റിന് 289 റണ്‍സെടുത്തപ്പോള്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ സിംബാബ്വെ പോരാട്ടം 276 റണ്‍സില്‍ അവസാനിച്ചു.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ കരിയറിലെ ആദ്യ സെഞ്ചുറി നേടിയ ശുഭ്മാന്‍ ഗില്ലിന്റെയും അര്‍ദ്ധസെഞ്ചുറി നേടിയ ഇഷാന് കിഷന്റെയും കരുത്തിലാണ് 289 റണ്‍സെടുത്തത്. 97 പന്തില്‍ 15 േഫാറും ഒരു സിക്സറുമടക്കം 130 റണ്‍സാണ് ഗില്‍ അടിച്ചുകൂട്ടിയത്. കിഷന് 61 പന്തില്‍ നിന്ന് 50 റണ്‍സുമെടുത്തു. ശുഭ്മാന്‍ ഗില്ലാണ് കളിയിലെയും പരമ്പരയിലെയും താരം മറുപടി ബാറ്റിങ്ങില്‍ ഉജ്ജ്വല സെഞ്ചുറിയുമായി സിക്കന്ദര്‍ റാസ പൊരുതിയെങ്കിലും ഒന്‍പതാമനായി പുറത്തായതോടെ സിംബാബ്വെ പരാജയത്തിലേക്ക് വീഴുകയായിരുന്നു. 49-ാം ഓവറിലെ നാലാം പന്തില്‍ ഷര്‍ദുല്‍ താക്കൂര്‍ റാസയെ ഗില്ലിന്റെ കൈകളിലെത്തിച്ചതാണ് വഴിത്തിരിവായത്. 95 പന്തില്‍ നിന്ന് 9 ഫോറും മൂന്ന് സിക്സറുമടക്കം 115 റണ്‍സാണ് റാസ അടിച്ചത്. സീന്‍ വില്യംസ് 45 റണ്‍സും ബ്രാഡ് ഇവാന്‍സ് 28 റണ്‍സുമെടുത്തെങ്കിലും മറ്റുള്ളവരെല്ലാം പൂര്‍ണ പരാജയമായതും ആതിഥേയര്‍ക്ക് തിരിച്ചടിയായി.
അവസാന നാലോവറില്‍ 40 റണ്‍സും രണ്ടോവറില്‍ 17 റണ്‍സുമായിരുന്നു സിംബാബ്വെക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. ആവേശ് ഖാന് എറിഞ്ഞ 48-ാം ഓവറില്‍ 16 റണ്‍സടിച്ചുകൂട്ടി റാസ ഇന്ത്യയെ വിറപ്പിച്ചു. ആ ഓവറിലെ അവസാന പന്തില്‍ ബ്രാഡ് ഇവാന്‍സ് പുറത്തായത് ഇന്ത്യക്ക് ആശ്വാസമായി. ഷര്‍ദുല്‍ ഠാക്കൂര്‍ എറിഞ്ഞ അടുത്ത ഓവറില്‍ റാസ പുറത്തായോതോടെ സിംബാബെക്ക് രണ്ട് റണ്‍സ് മാത്രമെ നേടാനായുള്ളു. അവസാന ഓവറില്‍ 15 റണ്‍സായിരുന്നു സിംബാബ്വെക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. മൂന്നാം പന്തില്‍ ന്യൂച്ചിയെ ക്ലീന്‍ ബൗള്‍ഡാക്കി ആവേശ് ഖാന് ഇന്ത്യക്ക് വിജയം സമ്മാനിച്ചു. ഇന്ത്യക്ക് വേണ്ടി ആവേശ് ഖാന് മൂന്നും ദീപക് ചാഹര്‍, കുല്‍ദീപ് യാദവ്, അക്സര്‍ പട്ടേല്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.
ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യക്ക് ഓപ്പണര്‍മാരായ ശിഖര്‍ ധവാനും നായകന് കെ.എല്‍. രാഹുലും ചേര്‍ന്ന് മികച്ച തുടക്കമാണ് നല്‍കിയത്. ഒന്നാം വിക്കറ്റ് കൂട്ടുകെട്ടില്‍ 63 റണ്‍സ് ഇവര്‍ കൂട്ടിച്ചേര്‍ത്തു. 46 പന്തില്‍ നിന്ന് 30 റണ്‍സെടുത്ത രാഹുലാണ് ആദ്യം മടങ്ങിയത്. ബ്രാഡ് ഇവാന്‍സിന്റെ പന്തില്‍ ബൗള്‍ഡായാണ് രാഹുല്‍ പുറത്തായത്. പിന്നീട് സ്കോര്‍ ബോര്‍ഡില്‍ 84 റണ്‍സായപ്പോള്‍ 68 പന്തില്‍ നിന്ന് 40 റണ്‍സെടുത്ത ധവാനും മടങ്ങി. ഇവാന്‍സിന്റെ പന്തില്‍ വില്യംസ് പിടികൂടി. മൂന്നാം വിക്കറ്റില്‍ ഗില്ലും ഇഷാന് കിഷനും ചേര്‍ന്ന് 140 റണ്‍സ് കൂട്ടിച്ചേര്‍ത്തു. സ്കോര്‍ 224-ല്‍ എത്തിയപ്പോള്‍ അര്‍ധസെഞ്ചുറി നേടിയ ഇഷാന് കിഷന് റണ്ണൗട്ടായത് ഇന്ത്യക്ക് നേരിയ തിരിച്ചടിയായി. 61 പന്തില്‍ 50 റണ്‍സായിരുന്നു ഇഷാന് നേടിയത്. തുടര്‍ന്നെത്തിയവര്‍ക്കൊന്നും കാര്യമായ സംഭവന നല്‍കാനായില്ല. സഞ്ജു സാംസണ് 15 റണ്‍സെടുത്ത് മടങ്ങി. ഒടുവില്‍ സ്്കോര്‍ 282 റണ്‍സിലെത്തിയപ്പോള്‍ വെറും 97 പന്തില്‍ നിന്ന് 130 റണ്‍സെടുത്ത ഗില്ലും പുറത്തായി. 15 ഫോറും ഒരു സിക്സും അടങ്ങുന്നതായിരുന്നു മൂന്നാമനായി ക്രീസിലെത്തിയ ഗില്ലിന്റെ ഇന്നിങ്സ്.
സിംബാബ്വേയ്ക്ക് വേണ്ടി ബ്രാഡ് ഇവാന്‍സ് 10 ഓവറില്‍ 54 റണ്‍സ് വഴങ്ങി 5 വിക്കറ്റ് വീഴ്ത്തി. വിക്റ്റര്‍ ന്യൂച്ചി, ലൂക്ക് ജോങ്വേ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: