ന്യൂദല്‍ഹി: കേരളത്തില്‍ ദേശാഭിമാനിയും ദേശീയതലത്തില്‍ എന്‍ഡിടിവി ഉള്‍പ്പെടെയുള്ള മോദി വിരുദ്ധ മാധ്യമങ്ങളും പ്രചരിപ്പിച്ച കേന്ദ്രം യുപി ഐ സേവനങ്ങള്‍ക്ക് ജിഎസ് ടി ഈടാക്കുമെന്ന നുണ തള്ളിക്കളഞ്ഞ് കേന്ദ്ര ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമന്. കഴിഞ്ഞ ദിവസം കേന്ദ്രധനകാര്യമന്ത്രാലയം ഇക്കാര്യം വ്യക്തമാക്കി പ്രസ്താവന ഇറക്കിയെങ്കിലും ഒന്നുകൂടി വ്യക്തത വരുത്താനാണ് നിര്‍മ്മല സീതാരാമന് ഇക്കാര്യം ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്.
സിപിഎം മുഖപത്രമായ ദേശാഭിമാനി ഉള്‍പ്പെടെ ഒട്ടേറെ മാധ്യമങ്ങള്‍ പ്രചരിപ്പിച്ച വാര്‍ത്ത വ്യാജമെന്ന് കേന്ദ്ര ധനകാര്യമന്ത്രാലയം വ്യക്തമാക്കിയിരുന്നു. ഓരോ യുപിഐ സേവനങ്ങള്‍ക്കും കേന്ദ്രം ചാര്‍ജ് ഈടാക്കുമെന്നായിരുന്നു പേടിപ്പെടുത്തുന്ന റിപ്പോര്‍ട്ട്. ഇത് വഴി സാധാരണക്കാരില്‍ കേന്ദ്രസര്‍ക്കാരിനെതിരെ വെറുപ്പുണ്ടാക്കുകയാണ് പ്രചാരകരുടെ ലക്ഷ്യം.
യുപി ഐ എന്നത് പൊതുജനങ്ങള്‍ക്ക് മികച്ച സൗകര്യം നല്കുന്ന ഡിജിറ്റലായ പൊതുനന്മയാണ്. ഡിജിറ്റൽ ഇടപാട് പരമാവധി പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യമെന്നും നിര്‍മ്മല സീതാരാമന് വ്യക്തമാക്കി.
യുപിഐ പണമിടപാടുകൾക്ക് ചാർജ് ഈടാക്കാനുള്ള ആലോചനയിലാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ എന്നായിരുന്നു ദേശാഭിമാനി എഡിറ്റോറിയല്‍ എഴുതിയത്. യുപി ഐ സേവനങ്ങള്‍ക്ക് പണം ഈടാക്കുമെന്ന് ഭയപ്പെടുത്തുന്ന ദേശാഭിമാനി പത്രത്തിന്റെ മുഖപ്രസംഗം വായിക്കാം:
യുപി ഐ എന്ന ആപ് വിവിധ ബാങ്ക് അക്കൗണ്ടുകളെ ബന്ധിപ്പിക്കുന്ന ആപ് സേവനമാണ്. ഫോണ്‍പേ, ഗൂഗിള്പോ തുടങ്ങിയ പണം നല്കാന് ജനങ്ങള്‍ ഉപയോഗിക്കുന്ന പേമെന്റ് സേവനങ്ങളെ ബാങ്ക് അക്കൗണ്ടുകളുമായി ബന്ധിപ്പിച്ച് പണം കൈമാറാന്‍ സഹായിക്കുന്നുണ്ട് യുപിഐ. ഇത് പണം കൈമാറാന്‍ പണ്ട് ഉപയോഗിച്ചിരുന്ന ഐഎംപിഎസ് സംവിധാനത്തേക്കാള്‍ എളുപ്പമായതോടെയാണ് ജനം കൂടുതലായി ഉപയോഗിക്കുന്നത്. ഹോട്ടലുകളിലും കടകളിലും പ്രൊവിഷണല്‍ സ്റ്റോറുകളിലും എല്ലാം പണക്കൈമാറ്റത്തിന് സാധാരണക്കാര്‍ യുപിഐ സംവിധാനമാണ് ഉപയോഗിക്കുന്നത്. വായ്പാതിരിച്ചടവിനും ആളുകള്‍ ഇത് ഉപയോഗിക്കുന്നു. ആളുകള്‍ തമ്മില്‍ തമ്മില്‍ മൊബൈല്‍ വഴി പണം കൈമാറാനും ഉപയോഗിക്കുന്നു. ജൂലായില്‍ മാത്രം 600 കോടി പണമിടപാടുകളാണ് യുപിഐ വഴി നടന്നതെന്ന് പ്രധാനമന്ത്രി തന്നെ ഈയിടെ വ്യക്തമാക്കിയിരുന്നു. ഗ്രാമീണ ഇന്ത്യയെക്കൂടി ഡിജിറ്റല്‍ പണക്കൈമാറ്റത്തിലേക്ക് ഉണര്‍ത്തിയ യുപിഐ വലിയൊരു നേട്ടമായി മോദി സര്‍ക്കാര്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ അതിന്റെ ശോഭ കെടുത്തുകയാണ് പ്രതിപക്ഷ മാധ്യമങ്ങളുടെ നുണപ്രചാരണത്തിന് പിന്നിലെന്ന് വിലയിരുത്തപ്പെടുന്നു.
ഇത്തരത്തില്‍ വാര്‍ത്താമാധ്യമങ്ങളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും വ്യാജവാര്‍ത്താപ്രചാരണം പതിവായിരിക്കുന്നതായി കേന്ദ്രസര്‍ക്കാര്‍ നിരീക്ഷിക്കുന്നു. ഇതിനെതിരെ വ്യാജവാര്‍ത്താ ഉറവിടങ്ങള്‍ കണ്ടെത്തി കര്‍ശനമായ ശിക്ഷ നല്‍കുന്നതിനെക്കുറിച്ചും കേന്ദ്രം ആലോചിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: