ന്യൂയോര്‍ക്ക്: അഞ്ച് തവണ ലോകചാമ്പ്യന് പട്ടം നേടിയ മാഗ്നസ് കാള്സന് ഇനി ആറാമതൊരിക്കല്‍ കൂടി ലോക ചാമ്പ്യനാകാന്‍ മത്സരിക്കുന്നില്ലെന്ന് ആവര്‍ത്തിച്ചു. ഈയിടെ ചെന്നൈയില്‍ ചെസ് ഒളിമ്പ്യാഡിനെത്തിയപ്പോഴും കാള്സന് ഇക്കാര്യം സൂചിപ്പിച്ചിരുന്നു. തനിക്ക് എതിരാളികളില്‍ നിന്നും പ്രചോദനം ലഭിയ്ക്കുന്നില്ലെന്നതാണ് കാള്സന് ഇക്കാര്യത്തില്‍ നല്കുന്ന വിശദീകരണം. (ലോകചെസ് കിരീടപ്പോരാട്ടത്തിന് എതിരാളി തന്നോട് കിടപിടിക്കുന്ന താരമാണെങ്കില്‍ മാത്രമേ കാള്സന് മത്സരിക്കാന്‍ താല്പര്യമുള്ളൂ.)
ഇതോടെ 2023ല്‍ കാള്സന് ലോകചാമ്പ്യന് പട്ടത്തിന് റഷ്യയുടെ ഇയാന്‍ നെപോമ്നിയാച്ചിയുമായി കളിക്കില്ല. പകരം 2021ല്‍ നടന്ന ലോക ചെസ്സ് കിരീടപ്പോരാട്ടത്തില്‍ കാള്‍സനുമായി തോല്‍വി ഏറ്റുവാങ്ങിയ ചൈനയുടെ ഡിങ് ലിറെന് റഷ്യന്‍ താരം ഇയാന്‍ നെപോമ്നിയാച്ചിയുമായി 2023ല്‍ ദുബായില്‍ നടക്കുന്ന ലോക ചെസ് കിരീടത്തിനായിഏറ്റുമുട്ടും.
2013, 2014, 2016, 2018, 2021 എന്നീ വര്‍ഷങ്ങളില്‍ നടന്ന ലോക ചെസ് കിരീടപ്പോരാട്ടങ്ങളിലാണ് മാഗ്നസ് കാള്സന് ചാമ്പ്യനായത്. 2011 മുതല്‍ അന്താരാഷ്ട്ര ചെസ് ഫെഡറേഷനായ ഫിഡെയുടെ റാങ്കിങ്ങില്‍ ഒന്നാമതാണ് മാഗ്നസ് കാള്സന്. 2864 ആണ് ഇപ്പോഴത്തെ റാങ്കിങ്. മൂന്ന് തവണ ലോക റാപ്പിഡ് ചെസ് ചാമ്പ്യനും അഞ്ച് തവണ ലോക ബ്ലിറ്റ്സ് ചെസ് ചാമ്പ്യനും ആയിരുന്നു മാഗ്നസ് കാള്സന്.
ലോക ചെസ് കീരിടപ്പോരാട്ടത്തില്‍ ഇനി പങ്കെടുക്കേണ്ടെന്ന് തീരുമാനിക്കാനുള്ള കാരണം മാഗ്നസ് കാള്സന് ഈയിടെ തന്റെ സ്പോണ്‍സറായ യൂണിബെറ്റിന് നല്കിയ പോഡ് കാസ്റ്റില്‍ വിശദീകരിക്കുന്നതിങ്ങിനെ: “ഇനിയൊരു ലോകകിരീടമത്സരം എന്നെ പ്രചോദിപ്പിക്കുന്നില്ല. ഇനി അധികമൊന്നും നേടാനില്ലെന്ന് എന്റെ മനസ്സ് പറയുന്നു. ചരിത്രപരമായ കാരണങ്ങളാല്‍ ഇനി ഒരു ലോകചെസ് കീരിടപ്പോരാട്ടം ആവേശമുള്ള ഒന്നായിരിക്കുമെന്ന് എനിക്ക് തോന്നുന്നില്ല. കളിക്കാനുള്ള യാതൊരു ചായ് വും എനിക്കില്ല. ഇനി ഞാന്‍ കളിക്കുന്നില്ല. “
ചെസ്സിന്റെ ചരിത്രത്തില്‍ 1975ല്‍ ബോബി ഫിഷറാണ് തന്റെ ലോകകിരീടം നിലനിര്‍ത്താന്‍ മത്സരിക്കേണ്ടെന്ന് തീരുമാനിച്ച അവസാനത്തെ ഗ്രാന്റ് മാസ്റ്റര്‍. എങ്കിലും കാള്‍സന്റെ തീരുമാനം 1993ല്‍ ഗാരി കാസ്പറോവ് എടുത്ത തീരുമാനത്തോട് അടുത്ത് നില്‍ക്കുന്നതാണെന്നാണ് ചെസ്സിനെ അടുത്തറിയുന്നവര്‍ പറയുന്നത്. അന്താരാഷ്ട്ര ചെസ് ഫെഡറേഷനുമായുള്ള ബന്ധം തന്നെ വിച്ഛേദിക്കുകയായിരുന്നു ലോകചെസ് ചരിത്രത്തിലെ പ്രതിഭാശാലിയായ ഗാരി കാസ്പറോവ്.
ഇത്രയും വലിയൊരു തീരുമാനമെടുത്ത കാള്‍സനെ നമിക്കുന്നുവെന്നാണ് ഫിഡെ പ്രസിഡന്റ് അര്‍കാഡി വൊര്‍കോവിച്ച് നല്കുന്ന വിശദീകരണം.” ലോക ചെസ് കിരീടത്തിന് അഞ്ച് തവണ മത്സരിക്കേണ്ടിവരുന്നതിന്റെ മാനസിക സമ്മര്‍ദ്ദം എത്രയെന്ന് ചെസ്സിനെ അടുത്തറിയാവുന്ന കുറച്ചുപേര്‍ക്കെ മനസ്സിലാകൂ എന്നും വൊര്‍കോവിച്ച് വിശദീകരിക്കുന്നു. തന്റെ കൈവശമിരിക്കുന്ന ലോകചെസ് കിരീടത്തെ നിലനിര്‍ത്താന്‍ പോരാടേണ്ടെന്ന് തീരുമാനിച്ചത് കാള്‍സന്റെ ആരാധകര്‍ക്കും ചെസ് ആരാധകര്‍ക്കും നിരാശയുണ്ടാക്കുന്ന തീരുമാനമാണ്. ഇത് ചെസില്‍ വലിയൊരു ശൂന്യത ഉണ്ടാക്കുമെന്നകാര്യത്തില്‍ സംശയമില്ല” – അര്‍കാഡി വൊര്‍കൊവിച്ച് പറയുന്നു.
പക്ഷെ ചെസ് ഇപ്പോള്‍ മുമ്പെന്നെത്തേക്കാളും കരുത്തുറ്റതാണ്. ചെസിന്റെ ഈ പാരമ്പര്യം തുടരുക തന്നെ ചെയ്യും.
ലോകചാമ്പ്യനുള്ള എതിരാളിയെ കണ്ടെത്താനുള്ള കാന്‍ഡിഡേറ്റ് ടൂര്‍ണ്ണമെന്റില്‍ ഇക്കുറി ലോക മൂന്നാം നമ്പര്‍ താരമായ ഇറാന്റെ അലിറേസ ഫിറൂസയാണ് ചാമ്പ്യനാകുന്നതെങ്കില്‍ താന്‍ പോരാട്ടത്തിനിറങ്ങുമെന്ന് നേരത്തെ മാഗ്നസ് കാള്സന് പ്രസ്താവിച്ചിരുന്നു. പക്ഷെ സ്പെയിനിലെ മാഡ്രിഡില്‍ നടന്ന കാന്‍ഡിഡേറ്റ് ടൂര്‍ണമെന്റില്‍ ഇത്തവണ ചാമ്പ്യനായത് റഷ്യന്‍ ഗ്രാന്റ് മാസ്റ്ററായ നെപോമ്നിയാചിയാണ്. തനിക്ക് പോന്ന എതിരാളിയല്ലാത്തതിനാല്‍ അദ്ദേഹവുമായി ലോകചെസ് കിരീടത്തിന് മാറ്റുരയ്ക്കാന്‍ മാഗ്നസ് കാള്സന് താല്പര്യമില്ലെന്ന് അറിയുന്നു.
പക്ഷെ അങ്ങേയറ്റം ലളിത ജീവിതം നയിക്കുന്ന ചെസ് താരമാണ് മാഗ്നനസ് കാള്സന് എന്ന നോര്‍വേക്കാരനായ ഗ്രാന്റ് മാസ്റ്റര്‍. ഈയിടെ ചെന്നൈയില്‍ ചെസ് ഒളിമ്പ്യാഡിന് നോര്‍വെ എന്ന തന്റെ രാജ്യത്തിന് വേണ്ടി കളിക്കാന്‍ മാഗ്നസ് കാള്സന് തന്റെ താരപദവി എല്ലാം മാറ്റിവെച്ച് എത്തിയിരുന്നു. താരതമ്യേന ദുര്‍ബ്ബല ടീമായതിനാല്‍ നോര്‍വ്വെയ്ക്ക് മത്സരിക്കാന്‍ ഇരിപ്പിടം കിട്ടിയത് രണ്ടാമത്തെ ഹാളിലായിരുന്നു. ഇവിടെ കാണികളും കളിക്കാരും കൂടുതലുള്ള ഹാളായതിനാല്‍ ശ്വാസംമുട്ടിയാണ് കാള്സന് കളിച്ചിരുന്നത്. അഞ്ച് തവണ ലോകചാമ്പ്യനായിരുന്നിട്ടും പരിമിതികള്‍ എല്ലാം ഉള്‍ക്കൊണ്ട് അദ്ദേഹം വിനീതനായി തന്റെ രാജ്യത്തിന് വേണ്ടി മത്സരത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: