കൊട്ടാരക്കര: രാഷ്ട്രീയ പ്രതിയോഗികള്‍ക്ക് മേല്‍ ആക്രമണം മുഖ്യ അജണ്ടയാക്കിയ പാര്‍ട്ടിയാണ് കേരളം ഭരിക്കുന്നതെന്ന് കേന്ദ്ര ഊര്‍ജ രാസവള സഹമന്ത്രി ഭഗവന്ത് ഖൂബെ. കൊട്ടാരക്കരയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്രാവിഷ്കൃത പദ്ധതികളുടെ പേരുകള്‍ മാറ്റുകയും അവ സംസ്ഥാനത്ത് നടപ്പാക്കാതിരിക്കുകയും ചെയ്യുക വഴി വികസന കാര്യത്തില്‍ കേരളം ഏറെ പിന്നിലാണ്. കേരളത്തിന്റെ കടബാധ്യത അനുദിനം ഉയരുകയാണ്. കേന്ദ്ര സഹായം ലഭിച്ചില്ലെങ്കില്‍ കേരളം ബുദ്ധിമുട്ടിലാകും. സ്വജന പക്ഷപാതത്തിലും അഴിമതിയിലും കേരളത്തെ ഒന്നാം സ്ഥാനത്തെത്തിക്കാന്‍ കേരള സര്‍ക്കാര്‍ ശ്രമിക്കുന്നത് ജനം തിരിച്ചറിയുന്നുണ്ട്. വരാന്‍ പോകുന്ന തെരഞ്ഞെടുപ്പുകളില്‍ ഇത് പ്രതിഫലിക്കുമെന്നും ഭഗവന്ത് ഖൂബെ പറഞ്ഞു.
കേരളത്തില്‍ ബിജെപി മികച്ച മുന്നേറ്റം ഉണ്ടാക്കുമെന്നും നരേന്ദ്രമോദി സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തങ്ങള്‍ക്ക് അംഗീകാരം നല്കി കേരളത്തില്‍ നിന്ന് പ്രതിനിധികള്‍ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.പി. സുധീര്‍, സെല്‍ കോ-ഡിനേറ്റര് അശോകന് കുളനട, എം.വി. ഗോപകുമാര്‍, അഡ്വ: വയയ്ക്കല്‍ സോമന് തുടങ്ങിയവര്‍ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. ലോക്സഭ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് അദ്ദേഹം കൊട്ടാരക്കരയിലും സന്ദര്‍ശനത്തിനായെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: