തിരുവനന്തപുരം: ചില മാധ്യമങ്ങള്‍ കുറ്റവാളികള്‍ക്കൊപ്പം സമരസപ്പെട്ട് കുറ്റകൃത്യം നടന്നശേഷം തങ്ങളാണ് ആദ്യം വാര്‍ത്ത നല്‍കിയതെന്ന് വരുത്താന്‍ ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കേരള പത്രപ്രവര്‍ത്തക യൂണിയന് സംസ്ഥാന സമ്മേളനം കവടിയാര്‍ ഉദയപാലസ് കണ്വെന്ഷന് സെന്ററില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
അറിഞ്ഞുകൊണ്ട് നിയമവിരുദ്ധമായ കാര്യത്തിന് കുറച്ച് പേര് ഒരുങ്ങിപുറപ്പെടുന്നുണ്ട്. മാധ്യമങ്ങള്‍ കുറ്റകൃത്യത്തെ കുറിച്ച് നിയമപാലകര്‍ക്ക് വിവരം നല്കി കുറ്റക്യത്യം ഒഴിവാക്കാന്‍ ഇടപെടണം. എന്നാല്‍ അത്തരം കുറ്റകൃത്യം ആദ്യം റിപ്പോട്ട് ചെയ്തത് തങ്ങളാണെന്ന് വരാന്‍ ശ്രമം നടത്തുന്നുണ്ട്. ചില സംഭവങ്ങള്‍ അത്തരത്തില്‍ ഉണ്ടായി. പൊരുത്തപ്പെടല്‍ മാത്രമാണോ ഉള്ളതെന്ന് കണ്ടെത്തേണ്ടതുണ്ട്. അത്തരം അധാര്‍മ്മികത തിരിച്ചറിയാന്‍ കഴിയണം. മാധ്യമങ്ങള്‍ക്ക് പഴയപോലെ വിശ്വാസ്യത നിലനിര്‍ത്താനാകുന്നുണ്ടോ എന്ന് സ്വയം പരിശോധിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മാധ്യമ പ്രവര്‍ത്തകരുടെയും മേധാവികളുടെയും രാഷ്ട്രീയ ബന്ധം രാഷ്ട്രീയ ഗൂഢാലോചനയിലേക്ക് എത്തുന്നത് ശരിയാണോ എന്ന് സ്വയം ചിന്തിക്കണം. മാധ്യമങ്ങളിലേക്ക് വന്‍തോതില്‍ കോര്‍പറേറ്റ് മൂലധനം ഒഴുകുന്നുണ്ട്. അത് വഴി ജനാധിപത്യത്തെ പ്രത്യേക രീതിയില്‍ അട്ടിമറിക്കാനാണ് ശ്രമം. വാര്‍ത്ത തെറ്റിയാല്‍ ഖേദം പ്രകടിപ്പിക്കുന്ന മര്യാദ പോലും മാധ്യമങ്ങള്‍ പാലിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
പത്രപ്രവര്ത്തകയൂണിയന് സംസ്ഥാന അധ്യക്ഷന്‍ കെ.പി. റജി അധ്യക്ഷനായി. മന്ത്രിയും സമ്മേളനം ജനറല്‍ കണ്‍വീനറുമായ വി.ശിവന് കുട്ടി, ഗതാഗതമന്ത്രി ആന്റണി രാജു, മീഡിയ അക്കാദമി ചെയര്മാന് ആര്.എസ്. ബാബു, വി.കെ. പ്രശാന്ത് എംഎല്‍എ, സുരേഷ് വെള്ളിമംഗലം തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: