ഡോ. രാജഗോപാല്‍ പി.കെ. അഷ്ടമുടി
പൊതു സമൂഹം സജീവ ചര്‍ച്ചയ്ക്ക് വിധേയമാക്കുന്ന പ്രധാന വിഷയമായി കേരളത്തിലെ ഇടതു സര്‍ക്കാരിന്റെ സര്‍വ്വകലാശാലകളിലെ അമിതമായ രാഷ്ട്രീയ വല്‍ക്കരണം മാറി കഴിഞ്ഞിരിക്കുന്നു. കേരളത്തില്‍ 14 സര്‍വകലാശാലകള്‍ ഉണ്ട്. ഇതില്‍ പ്രധാനപ്പെട്ട സര്‍വകലാശാലകളില്‍ നിന്നെല്ലാം നിയമനകാര്യത്തില്‍ വിവാദങ്ങള്‍ ഓരോന്നായി പുറത്തു വന്നു കൊണ്ടിരിക്കുന്നു. സര്‍വ്വകലാശാലാ നിയമപ്രകാരം, ഗവര്‍ണര്‍ എല്ലാ സര്‍വ്വകലാശാലകളുടെയും ചാന്‍സിലറാണ്, സര്‍വ്വകലാശാലകളുടെ ശരിയായ മാനേജ്മെന്റും ഭരണവും സംബന്ധിച്ച് അദ്ദേഹത്തിന് നേരിട്ടുള്ള ഉത്തരവാദിത്തമുണ്ട്. ഗവര്‍ണര്‍ എന്ന നിലയില്‍ അദ്ദേഹം മന്ത്രിമാരുടെ സമിതിയുടെ സഹായത്തോടും ഉപദേശത്തോടും കൂടി പ്രവര്‍ത്തിക്കുമ്പോള്‍, ചാന്‍സിലര്‍ എന്ന നിലയില്‍ അദ്ദേഹം മന്ത്രിസഭയില്‍ നിന്ന് സ്വതന്ത്രമായി പ്രവര്‍ത്തിക്കുകയും എല്ലാ സര്‍വകലാശാലാ കാര്യങ്ങളിലും സ്വന്തം തീരുമാനങ്ങള്‍ എടുക്കുകയും ചെയ്യുന്നു.
എന്നാല്‍ സര്‍വകലാശാലകളുടെ സ്വഭരണത്തെ ഇല്ലാതാക്കാനും സര്‍ക്കാര്‍ നിയന്ത്രണത്തിലാക്കാനും അതുവഴി പാര്‍ട്ടിക്കാരെ തിരുകി കയറ്റാനുമുള്ള ശ്രമങ്ങളെ ആദ്യം അത്ര കാര്യമായി ചാന്‍സിലര്‍ കൂടിയായ ഗവര്‍ണ്ണര്‍ എടുത്തില്ലെങ്കിലും പിന്നീട് സമ്മര്‍ദ്ദങ്ങള്‍ ഏറി വന്നപ്പോള്‍ അതിനെ പ്രതിരോധിക്കാനും ശക്തമായ നിലപാടുകള്‍ സ്വീകരിക്കാനും അദ്ദേഹം തയ്യാറായി.
ചാന്‍സിലര്‍ സ്ഥാനം ഒഴിയാന്‍ സന്നദ്ധത പ്രകടിപ്പിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് കേരള സര്‍ക്കാരിന് അയച്ച കത്ത് പരസ്യമായതിനു തൊട്ടുപിന്നാലെ, സര്‍വ്വകലാശാലാ കാര്യങ്ങളില്‍ നിയമവിരുദ്ധമായ ഇടപെടലുകള്‍ നടത്തിയതിന് ഭരണപക്ഷത്തിനെതിരെ ഗവര്‍ണര്‍ തുറന്നടിച്ചു. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ ഗവര്‍ണര്‍ സര്‍വ്വകലാശാലാ കാര്യങ്ങളില്‍ തന്റെ കൈകള്‍ കെട്ടാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നുവരെ തുറന്നടിച്ചു. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ രാഷ്ട്രീയ ഇടപെടല്‍ അസഹനീയമാണെന്ന് വിശേഷിപ്പിച്ച ഗവര്‍ണര്‍, സര്‍വ്വകലാശാലാ നിയമനങ്ങളിലെ പ്രീണനത്തിനെതിരായ തന്റെ ആവര്‍ത്തിച്ചുള്ള മുന്നറിയിപ്പുകള്‍ സര്‍ക്കാര്‍ അവഗണിച്ചതിലുള്ള അമര്‍ഷം രേഖപ്പെടുത്തി.
സര്‍വ്വകലാശാലകളുടെ സുഗമമായ പ്രവര്‍ത്തനത്തിനായി സര്‍ക്കാരുമായി സഹകരിക്കാന്‍ താന്‍ പരമാവധി ശ്രമിച്ചിരുന്നുവെങ്കിലും സഹകരണം തിരിച്ച് ലഭിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു. സര്‍വകലാശാലകളുടെ പ്രവര്‍ത്തനത്തില്‍ സുതാര്യത ഉറപ്പാക്കാനാണ് ചാന്‍സിലര്‍ പദവി ഗവര്‍ണര്‍ക്ക് നല്‍കിയിരിക്കുന്നത്. എന്നാല്‍ ചാന്‍സിലര്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണ്ണര്‍ കത്തയച്ചത്. നിലവിലെ സ്ഥിതി അനുസരിച്ച് ഉന്നത വിദ്യാഭ്യാസമേഖല അനുദിനം പിന്നോട്ട് പോകുന്ന അവസ്ഥ ഉണ്ടാകും. സര്‍വ്വകലാശാലകളിലെ നിയമവിരുദ്ധ നിയമനങ്ങള്‍ തന്റെ ഓഫീസ് പലതവണ ചൂണ്ടിക്കാണിച്ചിട്ടും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഒരു നടപടിയും ഉണ്ടായില്ലെന്നാണ് ഗവര്‍ണര്‍ ആരിഫ്മുഹമ്മദ് ഖാന് ഉന്നയിക്കുന്ന ആക്ഷേപം. ഇത്തരമൊരു നിലപാട് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
സംസ്കൃത സര്‍വകലാശാല വിസിയുടെ തിരഞ്ഞെടുപ്പ്
യുജിസി മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് വിസി തസ്തികയിലേക്ക് മൂന്ന് പേരുകള്‍ ഷോര്‍ട്ട്ലിസ്റ്റ് ചെയ്യേണ്ട ഒരു സെലക്ഷന് കമ്മിറ്റിയെ നിയമിച്ചിരുന്നു. എന്നാല്‍, സെലക്ഷന് കമ്മിറ്റി യുജിസി നിര്‍ദേശിച്ച മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായ ഒരു പേര് മാത്രമാണ് ശുപാര്‍ശ ചെയ്തത്. കമ്മിറ്റി, അതിന്റെ രണ്ട് മാസത്തെ കാലയളവില്‍, ഒരു ശുപാര്‍ശയും നല്‍കിയില്ല, ഇത് സര്‍ക്കാരിന്റെ രാഷ്ട്രീയ നോമിനിയെ വിസി സ്ഥാനാര്‍ത്ഥിയാക്കാന്‍ സഹായിച്ചു. എന്നാല്‍ ഇത് അംഗീകരിക്കാതിരുന്ന ഗവര്‍ണര്‍ ശുപാര്‍ശ തള്ളുകയായിരുന്നു. വൈസ് ചാന്‍സിലര്‍ സ്ഥാനത്തേക്ക് സര്‍ക്കാര്‍ ഒരൊറ്റ പേര് ശുപാര്‍ശ ചെയ്തത് നിലവിലുള്ള ചട്ടങ്ങളുടെ കടുത്ത ലംഘനമാണെന്ന് ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി. ഒരു സെലക്ഷന് കമ്മിറ്റി മാനദണ്ഡങ്ങള്‍ക്കനുസൃതമായി സാധ്യതകളെ ഷോര്‍ട്ട്ലിസ്റ്റ് ചെയ്തിരുന്നെങ്കില്‍, ഏറ്റവും അനുയോജ്യനായ വ്യക്തിയെ വിവേകത്തോടെ തിരഞ്ഞെടുക്കാമായിരുന്നു. നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് ഗവര്‍ണ്ണര്‍ മുന്നറിയിപ്പ് നല്കി.
തുടര്‍ച്ചയായ രാഷ്ട്രീയ ഇടപെടലുകളില്‍ നിന്നും അവയുടെ സ്വയംഭരണാവകാശം ഇല്ലാതാക്കുന്നതില്‍ നിന്നും സര്‍വകലാശാലകളെ സംരക്ഷിക്കുക എന്നത് ചാന്‍സിലര്‍ എന്ന നിലയില്‍ അസാധ്യമായിരിക്കുകയാണെന്നാണ് ഗവര്‍ണര്‍ പരാമര്‍ശിച്ചത്. നിയമങ്ങളും നടപടിക്രമങ്ങളും പൂര്‍ണ്ണമായും ലംഘിച്ച് കാര്യങ്ങള്‍ ചെയ്യാന്‍ സമ്മര്‍ദ്ദം ചെലുത്തുന്ന രീതിയെയും അദ്ദേഹം എതിര്‍ത്തു. കൂടാതെ, സംസ്ഥാന സര്‍ക്കാര്‍ സര്‍വകലാശാലകളുടെ സ്വയംഭരണാവകാശം ലംഘിച്ചുവെന്ന് ഗവര്‍ണര്‍ ആരോപിക്കുന്ന ചില സംഭവങ്ങളും ഗവര്‍ണര്‍ ഖാന് മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ പരാമര്‍ശിച്ചു.
കണ്ണൂര്‍ വിസി പുനര്‍ നിയമന വിവാദം
ഏറെ വിവാദം സൃഷ്ടിച്ച കണ്ണൂര്‍ സര്‍വകലാശാല വിസി നിയമനം ഗവര്‍ണ്ണര്‍-സര്‍ക്കാര്‍ തുറന്ന യുദ്ധത്തിന് കളമൊരുക്കി. അസാധാരണമായ ഒരു സംഭവവികാസത്തില്‍, പുതിയ നിയമനത്തിനുള്ള വിജ്ഞാപനം പുറപ്പെടുവിച്ചതിനുശേഷവും കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. ഗോപിനാഥ് രവീന്ദ്രനെ നാല് വര്‍ഷത്തേക്ക് വീണ്ടും നിയമിച്ചു. 60 വയസ്സിന് മുകളിലുള്ള ആരെയും വൈസ് ചാന്‍സിലറായി നിയമിക്കരുതെന്ന് കണ്ണൂര്‍ സര്‍വകലാശാലാ നിയമം പറയുന്നു. 60 വയസ്സ് പിന്നിട്ട പ്രൊഫ.രവീന്ദ്രനെ വീണ്ടും വിസിയായി നിയമിച്ചത് ചട്ടലംഘനമാണ്. സര്‍വ്വകലാശാല മലയാളം വിഭാഗത്തിലെ അസോസിയേറ്റ് പ്രൊഫസറായി ഡോ.പ്രിയ വര്‍ഗീസിനെ നിയമവിരുദ്ധമായി തിരഞ്ഞെടുത്തതിന് പിന്നാലെയാണ് രവീന്ദ്രനെ വീണ്ടും വിസിയായി നിയമിച്ചത്. ഒടുവില്‍ പ്രിയ വര്‍ഗീസിന്റെ നിയമനം മരവിപ്പിക്കാന്‍ ചാന്‍സിലര്‍ എന്ന നിലയില്‍ ഗവര്‍ണ്ണര്‍ തീരുമാനിച്ചതോടെ സര്‍ക്കാര്‍ നേരിട്ട് ഏറ്റുമുട്ടാനുള്ള തയ്യാറെടുപ്പിലാണ്.
പഠന ബോര്‍ഡുകളുടെ രാഷ്ട്രീയ വല്‍ക്കരണം
സര്‍വകലാശാലകളിലെ ബോര്‍ഡ് ഓഫ് സ്റ്റഡീസില്‍ അനര്‍ഹരായവരെ തിരുകി കയറ്റി നിയമിക്കുന്ന സര്‍ക്കാര്‍ രീതിക്കെതിരെ ഹൈക്കോടതി പരാമര്‍ശം വരെ ഉണ്ടായിട്ടും സര്‍ക്കാര്‍ അത് പുനഃപരിശോധിക്കാന്‍ പോലും തയ്യാറാകുന്നില്ല എന്നത് ഏറെ വേദനാജനകമാണ്. യോഗ്യതയുള്ളവരെ തിരഞ്ഞെടുക്കുമ്പോള്‍ കക്ഷി രാഷ്ട്രീയ ചിന്തകള്‍ മാത്രം പരിഗണിക്കുന്നത് പ്രതിഷേധാര്‍ഹമാണ്. ഇടതു സഹയാത്രികരെ കുത്തിനിറയ്ക്കാനുള്ള ഇടമായി പഠന ബോര്‍ഡുകള്‍ മാറി.
സര്‍വ്വകലാശാലാ ഭരണത്തില്‍ ചാന്‍സിലറുടെ റോളിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പരോഗമിക്കവെ, ഉന്നത വിദ്യാഭ്യാസത്തിലെ പരിഷ്കാരങ്ങള്‍ക്കായുള്ള കമ്മീഷന് ഓരോ സര്‍വകലാശാലയ്ക്കും പ്രത്യേകം ചാന്‍സലര്‍മാരെ ശുപാര്‍ശ ചെയ്തിട്ടുണ്ട്. സര്‍വ്വകലാശാലാ ഭരണത്തിലെ അടിസ്ഥാനപരമായ മാറ്റങ്ങളെ ചൂണ്ടിക്കാണിച്ചുകൊണ്ട്, ഡോ. ബി.ആര്. അംബേദ്കര്‍ യൂണിവേഴ്സിറ്റി ഡല്‍ഹിയുടെ മുന്‍ വൈസ് ചാന്‍സലര്‍ ശ്യാം ബി. മേനോന് അധ്യക്ഷനായ കമ്മീഷന്, ഘടനയുടെയും ഉത്തരവാദിത്തങ്ങളുടെയും കാര്യത്തില്‍ സിന്‍ഡിക്കേറ്റുകളെ വെട്ടിച്ചുരുക്കണമെന്നും വാദിച്ചു. നിലവിലുള്ള സെനറ്റുകള്ക്ക് പകരം ചാന്‍സിലറെ അവരുടെ ഇടയില്‍ നിന്ന് തിരഞ്ഞെടുക്കുന്ന ‘ബോര്‍ഡ് ഓഫ് റീജന്റ്സ്’ സ്ഥാപിക്കുന്നതും നിര്‍ദ്ദേശങ്ങളില്‍ ഇടംപിടിച്ചു.
സര്‍ക്കാര്‍ ‘ഡ്രൈവര്‍ സീറ്റില്‍’
ഉന്നതവിദ്യാഭ്യാസ മേഖലയിലെ സ്ഥിതിഗതികള്‍ ആഴത്തില്‍ പരിശോധിച്ച കമ്മിഷന്, സംസ്ഥാന സര്‍ക്കാരിന്റെ ഭരണ നിയന്ത്രണത്തില്‍ നിന്ന് സര്‍വകലാശാലകളുടെ ആഭ്യന്തര ഭരണം വേര്‍പെടുത്തേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെട്ടു. എന്നിരുന്നാലും, റിസോഴ്സ് സപ്പോര്‍ട്ട് വിപുലീകരിക്കുന്നതിനും സര്‍വകലാശാലകള്‍ക്ക് പ്രാപ്തമാക്കുന്ന നിയമനിര്‍മ്മാണവും നയപരവും ഭരണപരവുമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനും രണ്ടാമത്തേത് ‘ഡ്രൈവര്‍ സീറ്റില്‍’ നിലനിര്‍ത്താന്‍ ഉപദേശിച്ചു. മുഖ്യമന്ത്രിയെയും ഉന്നതവിദ്യാഭ്യാസ മന്ത്രിയെയും യഥാക്രമം എല്ലാ പൊതു സര്‍വ്വകലാശാലകളുടെയും ഡീംഡ്, പ്രൈവറ്റ് സര്‍വ്വകലാശാലകളുടെയും ‘സന്ദര്ശകന്’ ആക്കണമെന്ന് സമിതി ശുപാര്‍ശ ചെയ്തു.
വി സി തസ്തികയുടെ മാനദണ്ഡം
വൈസ് ചാന്‍സിലര്‍ ഒരു സര്‍വകലാശാലയിലോ പ്രശസ്ത ഗവേഷണ സ്ഥാപനത്തിലോ പ്രൊഫസറായി കുറഞ്ഞത് 10 വര്‍ഷത്തെ പരിചയവും 65 വയസ്സ് കവിയാന്‍ പാടില്ലാത്തതുമായ ഒരു വിശിഷ്ട അക്കാദമിക് ആയിരിക്കണം. സെര്‍ച്ച്-കം-സെലക്ഷന് കമ്മിറ്റിയില്‍ ഓരോ വിസിറ്റര്‍, ബോര്‍ഡ് ഓഫ് റീജന്റ്സ്, യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷന് എന്നിവരും ഓരോ നോമിനിയും ഉള്‍പ്പെടും.
ഏകകണ്ഠ്യേനയുള്ള തീരുമാനത്തിലൂടെ മൂന്ന് പേരുകള്‍ ഉള്‍പ്പെടുന്ന ഒരു പാനല്‍ കമ്മിറ്റി ശുപാര്‍ശ ചെയ്യും, പരാജയപ്പെട്ടാല്‍ ഭൂരിപക്ഷ വോട്ടിലൂടെ അത് തീരുമാനിക്കപ്പെടും. മുന്‍ഗണനാ ക്രമത്തില്‍ സ്ഥാപിച്ച പേരുകള്‍ പിന്നീട് ചാന്‍സിലര്‍ക്ക് സമര്‍പ്പിക്കും, അദ്ദേഹം വൈസ് ചാന്‍സിലറെ നിയമിക്കുന്നതിനായി ബോര്‍ഡ് ഓഫ് റീജന്റ്സിന്റെ പ്രത്യേക യോഗം വിളിക്കും. വൈസ് ചാന്‍സിലര്‍ക്ക് 70 വയസ്സ് തികയുമ്പോള്‍ അവസാനിക്കുന്ന രണ്ടാം ടേമിലേക്ക് പരിഗണിക്കാം.
ഗവര്‍ണ്ണറെ ചാന്‍സിലര്‍ അല്ലാതാക്കുന്നു
സര്‍വകലാശാലകളുടെ ചാന്‍സിലര്‍ എന്ന നിലയില്‍ സര്‍വ്വകലാശാലാ കാര്യങ്ങളില്‍ ഗവര്‍ണര്‍ ഇടപെടേണ്ടതില്ലെന്നും വിദ്യാഭ്യാസ മന്ത്രിയുടെ സഹായത്തോടെ മുഖ്യമന്ത്രി തന്നെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കേണ്ട സമയമാണിതെന്നും ഉള്ള അഭിപ്രായങ്ങളാണ് ഉയരുന്നത്. അതിനായുള്ള നീക്കങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നത്. ഇത് സര്‍ക്കാരിന് അവരുടെ താല്പര്യങ്ങള് സര്‍വ്വകലാശാലയില്‍ നടപ്പിലാക്കാനാണെന്ന് വ്യക്തം. സംസ്ഥാന സര്‍വകലാശാലകളുടെ ചാന്‍സിലര്‍ എന്ന നിലയില്‍ ഗവര്‍ണറുടെ പങ്ക് കൊളോണിയല്‍ പാരമ്പര്യത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്നു വരെ അഭിപ്രായം ഉയര്‍ന്നു. ഇത് സംബന്ധിച്ച് ഭരണഘടനയില്‍ വ്യവസ്ഥയില്ല എന്ന് വാദിക്കുന്നവരും ഇവിടെ ഉണ്ട്. ഗവര്‍ണര്‍ സംസ്ഥാന ഗവണ്മെന്റിന്റെ ഭരണഘടനാപരമായ തലവനായതിനാല്‍, രാഷ്ട്രീയമായി നിഷ്പക്ഷനായി കണക്കാക്കപ്പെടുന്നതിനാല്‍ ആദരസൂചകമായി നിയമനിര്‍മ്മാണ സഭ ഗവര്‍ണര്‍ക്ക് നല്‍കിയിട്ടുള്ള നിയമപരമായ റോളാണിത്. പശ്ചിമ ബംഗാള്‍, മഹാരാഷ്ട്ര തുടങ്ങിയ മറ്റ് ചില സംസ്ഥാനങ്ങളിലും യൂണിവേഴ്സിറ്റി വിഷയങ്ങളില്‍ ഇത്തരത്തിലുള്ള ഏറ്റുമുട്ടല്‍ സാഹചര്യം ഉണ്ടായിട്ടിട്ടുണ്ട്. പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ യൂണിവേഴ്സിറ്റി കാര്യങ്ങളില്‍ ചാന്‍സിലറുടെ അധികാരം വെട്ടിക്കുറക്കുന്ന ചില നടപടികള്‍ സ്വീകരിച്ചിരുന്നു. കേരളവും ആ വഴിക്ക് നീങ്ങുന്നു എന്ന സൂചനകളാണ് നമുക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്. എന്നാല്‍ അതത്രെത്തോളം എളുപ്പമാകുമെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. കേരളം നിയമസഭയില്‍ ഗവര്‍ണറുടെ അധികാരം വെട്ടിക്കുറയ്ക്കാനുള്ള ബില്ലു കൊണ്ടുവന്നാലും അത് നിയമമാകാന്‍ കടമ്പകളേറെയുണ്ട്. ഗവര്‍ണര്‍ ഒപ്പിടേണ്ടതുമുണ്ട്. കേരള ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന് സര്‍വകലാശാല ഭരണത്തില്‍ സര്‍ക്കാര്‍ ഇടപെടലിനെതിരെയും അനധികൃത നിയമനങ്ങളെയും ചോദ്യം ചെയ്യാന്‍ കാട്ടിയ ആര്‍ജവം ഏറെ ശ്രദ്ധേയവും പ്രശംസനീയവും ആണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: