കൊച്ചി : കാക്കനാട് ഫ്ളാറ്റിലെ കൊലപാതകത്തിലേക്ക് നയിച്ചത് പണം കടം വാങ്ങിയതുമായി ബന്ധപ്പെട്ട തര്‍ക്കമെന്ന് പ്രതി. കൊല്ലപ്പെട്ട നിലമ്പൂര്‍ വണ്ടൂര്‍ സ്വദേശി സജീവ് കൃഷ്ണ അര്‍ഷാദില്‍ നിന്നും 50,000 രൂപ കടം വാങ്ങിയിരുന്നു. ഇത് തിരികെ നല്‍കാതിരുന്നതോടെ പകരം ലഹരി മരുന്നു നല്‍കാമെന്നായിരുന്നു വാഗ്ദാനം. ഇതും പാലിക്കാതെ വന്നതോടെ അടുക്കളയില്‍ ഉപയോഗിക്കുന്ന കറിക്കത്തി ഉപയോഗിച്ചു കൊലപ്പെടുത്തുകയായിരുന്നു എന്നാണ് വെളിപ്പെടുത്തല്‍. അര്‍ഷാദ് പോലീസിനോട് വെളിപ്പെടുത്തിയതാണ് ഇക്കാര്യം.
സജീവ് കൊല്ലപ്പെടുന്നതിന് തലേന്ന് ഇരുവരും ഒരുമിച്ചു ലഹരി ഉപയോഗിക്കുന്നതിനിടെ പണം കടം വാങ്ങിയതുമായി ബന്ധപ്പെട്ട തര്‍ക്കം ഉടലെടുക്കുകയും ആക്രമിക്കുകയുമായിരുന്നു. മുന്‍കൂട്ടി നിശ്ചയിച്ചു കൊലപ്പെടുത്തിയതാണോയെന്നും സംശയമുണ്ട്. അര്‍ഷാദിന് പുറമേ കൂടുതല്‍ പ്രതികള്‍ കേസിലുണ്ടെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ ഇവരെ സംബന്ധിച്ച വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. അര്‍ഷാദിനൊപ്പം കാസര്‍കോടുനിന്നും ലഹരി മരുന്നു കേസ് പ്രതിയും പിടിയിലായിട്ടുണ്ട്. ഇയാള്‍ക്ക് കേസുമായി ബന്ധമുണ്ടോയെന്നത് സംബന്ധിച്ച് വിശദ വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.
പ്രതിയെ കസ്റ്റഡിയില്‍ എടുത്തു ചോദ്യം ചെയ്താല്‍ മാത്രമേ കൊലപാതകം സംബന്ധിച്ചു കൃത്യമായ വിവരങ്ങള്‍ പുറത്തു വരൂ. പ്രതികള്‍ കൊല നടത്തിയ ശേഷം മൃതദേഹം മറവു ചെയ്യാനും തീരുമാനിച്ചതാണ്. അതിനായാണ് വീട് വൃത്തിയാക്കിയിട്ടതും മൃതദേഹം പൊതിഞ്ഞു കെട്ടിയതും. എന്നാല്‍ വിചാരിച്ച രീതിയില്‍ മൃതദേഹം താഴെ എത്തിക്കാന്‍ സാധിക്കാതിരുന്നതോടെ പദ്ധതിയെല്ലാം തകരുകയായിരുന്നു.
അതേസമയം ഈ യുവാക്കള്‍ താമസിച്ചിരുന്ന ഫ്ളാറ്റില്‍ വന്‍തോതില്‍ ലഹരി ഉപയോഗവും ഇടപാടുകളും നടന്നിരുന്നതായി പോലീസ് അറിയിച്ചു. പണം നല്കുന്ന ആളുകള്‍ക്ക് മുറിയിലെത്തി ലഹരി ഉപയോഗിക്കാനുള്ള സംവിധാനവും ഇവര്‍ ഒരുക്കിയിരുന്നു. ഇവിടെ താമസക്കാര്‍ പലതവണ മാറി വന്നിട്ടുണ്ട്. വാടകയും മറ്റും കൃത്യമായി ലഭിച്ചിരുന്നതിനാല്‍ ഫ്ളാറ്റ് ഉടമയ്ക്കും ഇക്കാര്യം അന്വേഷിക്കുകയോ പരാതി നല്‍കുകയോ ചെയ്തിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: