സാഹിത്യരംഗത്ത് അടുത്തകാലത്തായി ആഘോഷജ്വരം പടരുകയാണ്. എഴുത്തുകാരുടെ ജന്മ-ചരമ-വാര്‍ഷികങ്ങള്‍, സപ്തതി, അശീതി, ശതാഭിഷേകം, നവതി… ആഘോഷപ്രിയര്‍ ഒന്നും ഒഴിവാക്കാറില്ല. ഓരോരുത്തരുടെയും സ്ഥാനം, രാഷ്ട്രീയം ആരാധകരുടെ എണ്ണം എന്നിവയനുസരിച്ച് ആഘോഷത്തിന് പൊലിമ കൂടാം; കുറയാം. ചില ആഘോഷ പ്രിയര്‍ എഴുത്തുകാരെ വിട്ട് കൃതികളെയാണ് പിടിച്ചിരിക്കുന്നത്. കൃതികളുടെ ശതാബ്ദിയിലായിരുന്നു തുടക്കം. ഇന്ദുലേഖയുടെയും വീണപൂവിന്റെയും ചിന്താവിഷ്ടയായ സീതയുടെയുമെല്ലാം നൂറുവയസ്സ് നാടുനീളെ ആഘോഷിച്ചു രസിച്ചു. ഇപ്പോള്‍ ചണ്ഡാലഭിക്ഷുകിയുടെ നൂറുവയസ്സാണ് ചിലര്‍ സമുചിതമായി കൊണ്ടാടുന്നത്. ശതാബ്ദിയില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട്, ചിലര്‍ കൃതികളുടെ നവതിയും അശീതിയും സപ്തതിയും മറ്റും ആഘോഷിച്ചുതുടങ്ങിയിരിക്കുന്നു. പുസ്തകങ്ങളുടെ ഒന്നാംപിറന്നാള്‍ പോലും ആഘോഷമാക്കാന്‍ ചിലര്‍ മടിക്കാറില്ല!
ആവശ്യക്കാര്‍ക്ക് ഔചിത്യമില്ല. ചില ആഘോഷക്കാര്ക്കും ഔചിത്യമില്ല. വയലാറിന്റെ ‘ബലികുടീരങ്ങളേ’ എന്നുതുടങ്ങുന്ന ഗാനത്തിന് 65 വയസ്സായതായി വാര്‍ത്തകണ്ടു. 65 സവിശേഷതയെന്താണാവോ? എന്തായാലും ഇനി 66-ാം വയസ്സിനായി കാത്തിരിക്കാം. ആഘോഷജ്വരം ഇങ്ങനെ പടര്‍ന്നാല്‍ കൃതികളുടെ പത്തരവയസ്സും ഇരുപതേകാല് വയസ്സുമൊക്കെ ആഘോഷിക്കപ്പെട്ടേക്കാം. ഒട്ടേറെപ്പേരുടെ ആവിഷ്കരണദാഹം ശമിപ്പിക്കുന്നത് ഈ ആഘോഷജ്വരമാണല്ലോ.
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഓണപ്പരീക്ഷാ ടൈംടേബിളില്‍ മലയാളത്തിന് അവഗണന. എട്ട്, ഒന്‍പത്, പത്ത് ക്ലാസുകളിലെ ടൈംടേബിളില്‍ മലയാളത്തിന് പകരം ഒന്നാം ഭാഷ പേപ്പര്‍ ഒന്ന്, ഒന്നാം ഭാഷ പേപ്പര്‍ രണ്ട് എന്നിങ്ങനെയാണ് കൊടുത്തിട്ടുള്ളതത്രേ. ഇംഗ്ലീഷും ഹിന്ദിയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. മലയാളത്തിന് മാത്രം പേരില്ല! അധികൃതരുടെ മാതൃഭാഷാപ്രേമം ഇങ്ങനെയൊക്കെയാണ് പ്രകടമാകുന്നത്. നവംബറില്‍ മലയാളദിന, വാരാചരണങ്ങളുണ്ടാകും. അപ്പോള്‍ ഭരണാധികാരികളുടെ മാതൃഭാഷാപ്രേമം പ്രസംഗമായി പ്രവഹിക്കും. പാവം മലയാളം.
‘കവിതാ സമാഹാരത്തിന്റെ കവര്‍ പ്രകാശിപ്പിച്ചു’ എന്നൊരു സാഹിത്യവാര്ത്ത കണ്ടു. പുസ്തകപ്രകാശനത്തിന് ഇങ്ങനെ പുതിയ സാധ്യതകളും മാനങ്ങളും തേടുന്നവരുണ്ടെന്നതില് ഭാഷാസ്നേഹികള്‍ക്കും സഹൃദയര്‍ക്കും ആഹ്ലാദിക്കാം. പുറംകവറാണോ പിന്കവറാണോ രണ്ടുംകൂടിയാണോ പ്രകാശിപ്പിക്കുന്നതെന്നറിയില്ല. കവറിനിത്ര പ്രാധാന്യം കൊടുത്തനിലയ്ക്ക് ഉള്‍പ്പേജുകളുടെ പ്രകാശനവും പൊടിപൊടിക്കുമെന്നുകരുതാം. ആദ്യപേജിന്റെ പ്രകാശന ചടങ്ങിനായി ആഹ്ലാദപൂര്‍വം കാത്തിരിക്കാം. പുസ്തകവും പ്രകാശനവും കവറില്‍ ഒതുങ്ങിപ്പോകുമോ എന്ന സംശയം ചില ദോഷൈകദൃക്കുകള്ക്കുണ്ടെന്നറിയുന്നു.
വാര്‍ത്തകളില്‍ നിന്ന്:
”സേവന-വേതന വ്യവസ്ഥകള്‍ പുതുക്കാത്തതില്‍ പ്രതിഷേധിച്ച് പ്രൈവറ്റ് ബസ് തൊഴിലാളികള്‍ വ്യാഴാഴ്ച മുതല്‍ അനിശ്ചിതകാലപണിമുടക്ക് ആരംഭിക്കും.”
”പ്രതികൂല കാലാവസ്ഥയും തൊഴിലാളി സമരവും മൂലം രണ്ടാഴ്ചയായി അടച്ചിട്ടിരുന്ന മൂന്നാറിലെ ടൂറിസം കേന്ദ്രങ്ങള്‍ ശനിയാഴ്ച മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും.”
രണ്ടുവാക്യങ്ങളിലും ‘മുതല്‍’ വേണ്ട.
‘ഇടമലയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് നിയന്ത്രിത അളവില്‍ എത്തിയ പശ്ചാത്തലത്തില്‍ നാലുഷട്ടറുകളും അടച്ചു.”
എന്തിനാണ് ഈ ‘പശ്ചാത്തലത്തില്‍’ നിയന്ത്രിത അളവില്‍ ‘എത്തിയതോടെ’ അല്ലെങ്കില്‍ ‘എത്തിയതിനാല്‍’ എന്നുമതിയല്ലോ.
പെരിയാറിനെ പാട്ടിലാക്കി മഴവെള്ളത്തെ മെരുക്കി ഭൂതത്താന്‍ കെട്ട്… ഇടുക്കി, ഇടമലയാര്‍ ഡാമുകളില്‍ നിന്ന് അധികവെള്ളം എത്തിയിട്ടും അണക്കെട്ട് പരിധിവിട്ടില്ല…. പെരിയാറിനെ പാട്ടിലാക്കി മലവെള്ളം മുഴുവന്‍ കടലിലേക്ക് ഒഴുക്കി…. പെരിയാറിനെ വിശ്വാസത്തിലെടുത്ത് ഭൂതത്താന്‍ കെട്ട് 199.1 ലക്ഷം ലിറ്റര്‍ വെള്ളം പുറത്തേക്ക് ഒഴുക്കി…”
‘പാട്ടിലാക്കല്‍’ ഭ്രമം അല്പം കൂടിപ്പോയി. പാട്ടിലാക്കിയ ശേഷമാണ് ‘വിശ്വാസത്തിലെടുത്തത്. ‘വെള്ളപ്പൊക്കസാഹിത്യം’ എന്നുകരുതിയാല്‍ മതി.
മുഖപ്രസംഗങ്ങളില്‍ നിന്ന്:
”സംസ്ഥാനത്തിന് സ്വതന്ത്രമായ ഒരു അധികാരവുമില്ലെന്നും ഭരണഘടനാപരമായ അവകാശങ്ങള്‍ക്കുപോലും ഗവര്‍ണറുടെ അനുമതി കാത്തുനില്‍ക്കണമെന്ന തലതിരിഞ്ഞ കീഴ്വഴക്കം ഉറപ്പിക്കാനാണ് ശ്രമം.”
‘…… ഗവര്‍ണറുടെ അനുമതിക്കു കാത്തുനില്ക്കണമെന്നുമുള്ള…’ എന്നാണ് വേണ്ടത്.
‘സര്‍ക്കാരിന്റെ വികസന നയങ്ങള്‍ക്ക് ഇടങ്കോലിടാനും സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന് വരുത്താനും അതുവഴി കേരളത്തില്‍ വല്ല നേട്ടവുമുണ്ടാക്കാന്‍ കഴിയുമോ എന്നുമാണ് നോക്കുന്നത്.’
‘….. വല്ല നേട്ടമുണ്ടാക്കാനും കഴിയുമോ എന്നാണ്….’
എന്നുവേണം
പിന്‍കുറുപ്പ്:
ചോദ്യം: എന്തിനാണ് എഴുത്തുകാര്‍ പുസ്തകം പ്രകാശിപ്പിക്കുന്നത്?
ഉത്തരം: സ്വയം പ്രകാശിക്കാത്തതുകൊണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: