Categories: Samskriti

ജന്മാഷ്ടമി അഥവാ കൃഷ്ണാഷ്ടമി, ഗോകുലാഷ്ടമി, അഷ്ടമിരോഹിണി, ശ്രീകൃഷ്ണജയന്തി

ഒരു വര്‍ഷം തന്നെ രണ്ട് ദിവസങ്ങളില്‍ ശ്രീകൃഷ്ണ ജയന്തി ആഘോഷിക്കാനുള്ള കാരണം:

Published by

മഹാവിഷ്ണുവിന്റെ  എട്ടാമത്തെ  അവതാരമായ ശ്രീകൃഷ്ണന്റെ ജന്മദിവസമാണ് ശ്രീകൃഷ്ണ ജന്മാഷ്ടമിയായി  ആഘോഷിക്കുന്നത്.  ചിങ്ങമാസത്തില്‍ കൃഷ്ണപക്ഷത്തിലെ അഷ്ടമി തിഥി വരുന്ന രോഹിണി നക്ഷത്രദിവസത്തില്‍ ആഘോഷിക്കപ്പെടുന്ന ഈ പുണ്യദിനം കൃഷ്ണാഷ്ടമി, ഗോകുലാഷ്ടമി, അഷ്ടമി രോഹിണി, ശ്രീകൃഷ്ണ ജയന്തി, ജന്മാഷ്ടമി എന്നീ പേരുകളിലും അറിയപ്പെടുന്നു.   ജന്മാഷ്ടമി ദിവസം അര്‍ദ്ധരാത്രിയാണ് ശ്രീകൃഷ്ണന്‍ പിറന്നത് എന്നാണ് വിശ്വാസം. അതിനാല്‍ അഷ്ടമിരോഹിണി ദിവസം അര്‍ദ്ധരാത്രി ശ്രീകൃഷ്ണക്ഷേത്രങ്ങളില്‍ വിശേഷാല്‍ പൂജകളും പ്രാര്‍ത്ഥനയും നടക്കും.  

ഭോജരാജ്യത്തെ രാജാവായിരുന്ന ഭോജന്റെ മകന്‍ ഉഗ്രസേനന്‍ പ്രജകളെ സ്‌നേഹിച്ചും   സത്യസന്ധമായി  സത്ഭരണം നടത്തിയതിനാലും രാജാവ്  വളരെ പ്രശസ്തനായിരുന്നു . ഉഗ്രസേനന് കംസന്‍ എന്നൊരു പുത്രന്‍ ജനിച്ചു . കൂടാതെ ദേവകി എന്നൊരു പെണ്‍കുഞ്ഞും പിറന്നു .

കംസന്‍ വളര്‍ന്നു വരുന്തോറും അവന്റെ അക്രമവാസന കൂടിക്കൂടി വന്നിരുന്നു . അവന്റെ ഇഷ്ടചങ്ങാതികളായി ശിശുപാലനും ശാലുവനും എന്ത് പരിപാടികള്‍ക്കും കംസന്റെ ഒപ്പം ഉണ്ടായിരുന്നു . അതേ സമയം ദേവകി എല്ലാ സദ്ഗുണങ്ങളോടും കൂടി നല്ല നിലയില്‍ വളര്‍ന്നു വന്നു . പ്രായപൂര്‍ത്തിയായപ്പോള്‍ ഉഗ്രസേനന്‍ അവള്‍ക്കു പറ്റിയ ഒരു വരനെ അന്വേഷിക്കാനാരംഭിച്ചു .

ശാരുകനാട്ടിലെ രാജാവായ വസുദേവരെപ്പറ്റി കേള്‍ക്കാനിടവന്ന ഉഗ്രസേനരാജാവ് , തന്റെ മകളെ അയാള്‍ക്കു വിവാഹം ചെയ്തു കൊടുക്കാന്‍ ആഗ്രഹിച്ചു . കംസനും ഇതിനോട് യോജിപ്പു പ്രകടിപ്പിച്ചു .

ദേവകിയുടെയും വസുദേവരുടെയും വിവാഹം പ്രമാണിച്ച് അതിഗംഭീരമായ ഒരുക്കങ്ങളാണ് കംസന്റെ നേതൃത്വത്തില്‍ നടന്നത് . രാജ്യം മുഴുവനും ഒരു ഉത്സവപ്രതീതിയായി മാറി .   സഹോദരിയുടെ വിവാഹം കെങ്കേമമായി ആഘോഷിച്ച കംസന്‍ , അവളെ ഭര്‍ത്താവിന്റെ വീട്ടിലേക്ക്  അയക്കണമല്ലോ എന്നോര്‍ത്ത് കണ്ണീര്‍ തൂകി .

രണ്ടുപേരെയും കംസന്‍ തേരിനടുത്തേക്ക്  കൊണ്ടുപോയി . കംസന്‍ തന്നെ  അവരുടെ തേര്‍ തെളിച്ചു . വസുദേവരും ദേവകിയും തേരില്‍ ഇരിക്കുകയായിരുന്നു പെട്ടെന്ന് ആകാശത്തുനിന്നും ഒരു അശരീരി കേട്ടു .  

‘കംസാ , എത്ര സന്തോഷത്തോടെയാണ് നീ ഇപ്പോള്‍ ഇരിക്കുന്നത്. ദേവകിക്കു പിറക്കുന്ന എട്ടാമത്തെ ശിശു നിന്നെ വധിക്കും”  

ഇത് കേട്ട നിമിഷത്തില്‍ തന്നെ കംസന്‍ ഒരു മൃഗമായി മാറി . തന്റെ സഹോദരിയാണെന്ന് ചിന്തപോലുമില്ലാതെ ഉടവാള്‍ ഊരിയെടുത്തുകൊണ്ട് ദേവകിയെ വെട്ടാനാഞ്ഞു . വമ്പുദേവര്‍ കംസന്റെ കാലുപിടിച്ച് അപേക്ഷിച്ചു . അവസാനം വസുദേവര്‍, ‘ ഞങ്ങളുടെ കുഞ്ഞാണല്ലോ താങ്കളെ കൊല്ലുമെന്ന് അശരീരി കേട്ടത് ? അതുകൊണ്ട് ഞങ്ങള്‍ക്കുണ്ടാകുന്ന എട്ട് ശിശുക്കളെയും അങ്ങേക്ക്  തന്നുകൊള്ളാം’ , ഇത് കേട്ട് കംസന്‍ ഒരു നിമിഷം ആലോചിച്ച്  വെട്ടാനോങ്ങിയ വാള്‍ കംസന്‍ ഉറയിലേക്കിട്ടു .

എങ്കിലും കംസന്റെ  മനസ്സ് ഇളകിയില്ല . തന്നെയുമല്ല അവരെ രണ്ടുപേരെയും തിരികെ നാട്ടിലെത്തിച്ചു കാരാഗൃഹത്തില്‍ അടയ്‌ക്കുകയും ചെയ്തു .

കാരാഗൃഹത്തില്‍ വച്ച് ദേവകി എട്ടു മക്കളെ പ്രസവിച്ചു . ദേവകിയും വസുദേവര്‍ക്കും ജനിച്ച *എട്ടാമത്തെ കുട്ടിയാണ് വാസുദേവന്‍ എന്നറിയപ്പെടുന്ന കണ്ണന്‍.  

കണ്ണന്റെ  ജനനത്തിനുളള  ദിവ്യ  മുഹുര്‍ത്തം സമാഗതമായപ്പോള്‍ പ്രകൃതി മുഴുവനും ദിവ്യശിശുവിനെ വരവേല്‍ക്കാന്‍ എന്നമട്ടില്‍ സന്തോഷം പൂണ്ടു. ദിവ്യസംഗീതവും പ്രാര്‍ത്ഥനകളും വായുവില്‍ നിറഞ്ഞുനിന്നു. അര്‍ദ്ധരാത്രിയില്‍ ദേവകിയില്‍ നിന്നും ഭഗവാന്‍ ഭൂജാതനാനയി . ആ സമയം ദേവകി ഒരു ദേവസ്ത്രീയെപ്പോലെ പ്രശോഭിച്ചു. ആകാശത്തുദിച്ചുയരുന്ന പൂര്‍ണ്ണചന്ദ്രന്റെ പ്രഭാപൂരംപോലെയായിരുന്നു അത്. നാലു തൃക്കൈകളും വിഷ്ണുവിന്റെ അടയാളലക്ഷണങ്ങളും നിറഞ്ഞ ശിശുവിനെ കണ്ട് വസുദേവന്‍ തന്റെ കണ്ണുകള്‍ക്കു പുണ്യമേകി. കാരാഗൃഹത്തിലായതു കൊണ്ട് ഈ അവസരം അദ്ദേഹം മനസ്സാ ആഘോഷിച്ചു. ബ്രാഹ്മണര്‍ക്ക് വിലപിടിച്ച സമ്മാനങ്ങള്‍  ദാനം ചെയ്തു. അദ്ദേഹം ഭഗവദ്മഹിമകളെ ഇങ്ങനെ വാഴ്‌ത്തി: അവിടുന്ന് എല്ലാ ജീവജാലങ്ങളുടേയും അന്തര്യാമിയായ ആ പരമപുരുഷന്‍ തന്നെ. അങ്ങ് ജീവികളില്‍ കയറി നിവസിക്കുന്നു എന്നു പറയുന്നത് ശരിയല്ലതന്നെ. എല്ലായിടവും നിറഞ്ഞു വിളങ്ങുന്നതു കൊണ്ട് ഒരിടത്ത് കയറി എന്ന പറയുക വയ്യല്ലോ. അവിടുന്ന് തന്നെയാണ് സൃഷ്ടിസ്ഥിതിസംഹാരങ്ങള്‍ നടത്തുന്നത്. ഇങ്ങനെയൊക്കെയാണെങ്കിലും ഞങ്ങളുടെ ഉണ്ണിയായി അവിടുന്നിപ്പോള്‍ ജന്മമെടുത്തിരിക്കുന്നത് ദിവ്യാത്ഭുതം തന്നെ. അവിടുന്നു തീര്‍ച്ചയായും ഭൂമിയിലെ ദുരിതത്തിനവസാനം കണ്ടെത്തും. ദുഷ്ടരെ ഇല്ലാതാക്കും. എന്നാല്‍ ഞാന്‍ ഇപ്പോള്‍ കംസനെക്കുറിച്ചോര്‍ക്കുമ്പോള്‍ ആകാംക്ഷാഭരിതനാണ്. അവിടുത്തെ ജ്യേഷ്ഠസഹോദരന്മാരെ കംസന്‍ വധിച്ചു. അങ്ങയേയും കംസന്‍ ഉപദ്രവിക്കുമോ എന്നാണെന്റെ ഭയം. ദേവകി ഇപ്രകാരം ഭഗവാനെ പ്രാര്‍ത്ഥിച്ചു വണങ്ങി: മരണഭയം ബാധിച്ച ഒരുവന് ലോകത്തൊരിടത്തും അഭയം ലഭിക്കുകയില്ല. എന്നാല്‍ അവിടുത്തെ പാദാരവിന്ദങ്ങളെ ശരണം പ്രാപിക്കുന്നുവന് ഭയമെല്ലാം ഇല്ലാതാവുന്നു. ഞങ്ങള്‍ കംസനെ ഭയപ്പെട്ടു കഴിയുന്നു. നിനക്കു മാത്രമേ ആ ഭയത്തില്‍ നിന്നു് ഞങ്ങളെ മോചിപ്പിക്കാനാവൂ.

കൃപാനിധിയായ ഭഗവാന്‍ വസുദേവനോടും ദേവകിയോടുമായി ഇങ്ങനെ പറഞ്ഞു: മുന്‍ജന്മങ്ങളിലൊന്നില്‍ പുഷ്ണിയും സുതപയുമായി ജീവിച്ച നിങ്ങള്‍ക്ക് കുട്ടികളുണ്ടായിരുന്നില്ല. നിങ്ങള്‍ ഇരുവരും ചെയ്ത അനിതരസാധാരണമായ തപസ്സിന്റെ ഫലമായി ഞാന്‍ നിങ്ങള്‍ക്ക് ദര്‍ശനം നല്‍കി. വരം ചോദിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ നിങ്ങള്‍ എന്നേപ്പോലൊരു പുത്രനെ വേണമെന്നാണ് പറഞ്ഞത്. എന്നാല്‍ എന്നേപ്പോലെ മറ്റൊരാളുണ്ടാവുക സാദ്ധ്യമല്ലാത്തതുകൊണ്ട് ഞാന്‍ നിങ്ങളുടെ പുത്രന്‍ പുഷ്ണിഗര്‍ഭനായി ജനിച്ചു. അടുത്ത ജന്മത്തില്‍ അദിതിയും കശ്യപനുമായി നിങ്ങള്‍ ജനിച്ചു. അപ്പോള്‍ ഞാന്‍ ഉപേന്ദ്രനായി (വാമനന്‍) നിങ്ങളുടെ പുത്രനായിപ്പിറന്നു. ഇപ്പോഴിതാ മൂന്നാമതും ഞാന്‍ നിങ്ങളുടെ മകനായിരിക്കുന്നു. എന്റെ വാക്കെപ്പോഴും സത്യമായിരിക്കും. ഞാന്‍ മനുഷ്യാവതാരമെടുക്കുമ്പോള്‍ മാത്രമേ ജനങ്ങള്‍ക്കെന്നെ തിരിച്ചറിയാനാവുന്നുളളൂ. ഈ ജന്മത്തില്‍ എന്നെ സ്‌നേഹിക്കുന്നുതു വഴി നിങ്ങള്‍ക്കിരുവര്‍ക്കും പരമസാക്ഷാത്കാരം ലഭിക്കുന്നുതാണ്. ഉടനേ തന്നെ ഭഗവാന്‍ സാധാരണ ശിശുവായി മാറി. ഭഗവല്‍പ്രചോദനമുണ്ടായ വസുദേവന്‍ ദിവ്യശിശുവിനെ ഒരു കുട്ടയിലാക്കി കാരാഗൃഹത്തിനു വെളിയില്‍ എത്തി. കാവല്‍ക്കാര്‍ ഗാഢനിദ്രയിലായിരുന്നു.  കാരാഗൃഹത്തിന്റെ കനത്ത വാതിലുകള്‍ താനെ തുറന്നു. ചങ്ങലകളും പൂട്ടുകളും ശിശുവുമായി വന്ന വസുദേവനെ കണ്ടപാടെ തനിയെ അഴിഞ്ഞു തുറന്നു. ചെറിയൊരു ചാറ്റല്‍ മഴയുണ്ടായിരുന്നു. ദിവ്യസര്‍പ്പമായ ശേഷന്‍ രണ്ടു പേര്‍ക്കും കുടയായി. യമുനാനദിയില്‍ വെളളം പൊങ്ങിയിരുന്നു. എന്നാല്‍ വസുദേവനും ഭഗവാനും വേണ്ടി നദിയില്‍ ഒരു പാതയുണ്ടായി. ഇതെല്ലാം ഭഗവാന്റെ മായാശക്തിയാലാണുണ്ടായത്. വസുദേവന്‍ വൃന്ദാവനത്തിലെത്തി. എല്ലാ ഗോപന്മാരും ഉറക്കത്തിലായിരുന്നു. യശോദ ഒരു പെണ്‍കുഞ്ഞിനു ജന്മം നല്‍കിയിരുന്നു (അത് മായതന്നെയായിരുന്നു). ഭഗവന്നിര്‍ദ്ദേശപ്രകാരം ദേവി അവതരിച്ചതാണല്ലോ. യശോദ പ്രസവത്തിനു ശേഷം ഉറങ്ങിപ്പോയതിനാല്‍ കുട്ടി ആണോ പെണ്ണോ എന്നു കൂടി നിശ്ചയമില്ലാതെ കിടപ്പായിരുന്നു. വസുദേവന്‍ തന്റെ പുത്രനെ അവിടെ കിടത്തി യശോദയുടെ മകളെ എടുത്ത് തിരികെ കാരാഗൃഹത്തിലേക്കു പോയി. യശോദ ഉണര്‍ന്നപ്പോള്‍ ഒരാണ്‍കുട്ടിയെ അരികത്തു കണ്ടു.  

‘എവിടെയാണോ ധര്‍മ്മച്യുതിയുണ്ടാവുന്നത്, എവിടെയാണോ പാപം വര്‍ദ്ധിക്കുന്നത്, അവിടെ ഭഗവാന്‍  അവതരിക്കുന്നു. ഈ വിശ്വം മുഴുവനും സൃഷ്ടിച്ച് പരിപാലിച്ച് സംഹരിച്ച് ഭഗവാന്റെ മായാവിലാസം പ്രകടമാക്കുന്നു. എന്നാല്‍ ഭഗവല്‍കൃപയാല്‍ ഒരുവന്‍  എല്ലാ പരിണാമവികാസത്തിന്റേയും അന്തിമലക്ഷ്യമായ ആത്മസാക്ഷാത്കാരത്തിലേക്ക് നയിക്കപ്പെടുന്നു. ഭൂമി രാജാക്കന്മാരുടേയും ഭരണകര്‍ത്താക്കളുടേയും വേഷമണിഞ്ഞ രാക്ഷസര്‍ ഭരിക്കുമ്പോള്‍ ഭഗവാന്‍  സ്വയം കൃഷ്ണനും സങ്കര്‍ഷണനുമായി അവതാരമെടുത്ത് പലേ അത്ഭുതങ്ങളും ചെയ്തു. ഈ മഹിമാവിശേഷങ്ങള്‍ ഒരിക്കലെങ്കിലും കേള്‍ക്കുന്നുവര്‍ക്ക് കര്‍മ്മപാശത്തില്‍ നിന്നും മോചനം ലഭിക്കുന്നു. തന്റെ ഓരോ വാക്കിലും ചിന്തയിലും പ്രവൃത്തിയിലും ആഹ്ലാദജനകങ്ങളായ ലീലാവിനോദങ്ങളിലും ഭഗവാന്‍  തന്റെ സമകാലീനര്‍ക്ക് അതീവസന്തോഷം പ്രദാനം ചെയ്തു.

ശ്രീകൃഷ്ണ ഭഗവാന്റെ ജന്മദിനത്തെ ജന്മാഷ്ടമി എന്നോ, കൃഷ്ണാഷ്ടമി എന്നോ, ഗോകുലാഷ്ടമി എന്നോ, അഷ്ടമിരോഹിണി എന്നോ, ശ്രീ ജയന്തി എന്നോ, ശ്രീകൃഷ്ണ ജയന്തി എന്നോ പൊതുവെ വിളിക്കപ്പെടുന്നു… അപ്പോള്‍ ആഘോഷത്തിന്റെ ഈ വിളിപ്പേരുകളില്‍ യാതൊരു പ്രശ്‌നവും ഇല്ലെന്നറിയുക…

ഒരു വര്‍ഷം തന്നെ രണ്ട് ദിവസങ്ങളില്‍ ശ്രീകൃഷ്ണ ജയന്തി ആഘോഷിക്കാനുള്ള കാരണം:

രോഹിണി നക്ഷത്ര ജാതകനായ ശ്രീകൃഷ്ണ ഭഗവാന്‍ ജനിച്ചത് യജുര്‍വേദി ഉപകര്‍മ്മം അഥവാ ആവണി അവിട്ടം  കഴിഞ്ഞ് വന്ന കൃഷ്ണപക്ഷ അഷ്ടമി തിഥി ദിവസത്തിലായിരുന്നു… അതുകൊണ്ടാണ് വേദിക് ജ്യോതിഷ ഗണന പ്രകാരം ആവണി അവിട്ടം കഴിഞ്ഞ് ഉടന്‍ വരുന്ന കൃഷ്ണപക്ഷ അഷ്ടമി തിഥി ദിവസം ഭാരതീയര്‍ പൊതുവെ ശ്രീ കൃഷ്ണ ഭഗവാന്റെ ജന്മദിനമായി കൊണ്ടാടുന്നത്… അവിടെ ജന്മ നക്ഷത്രം പരിഗണിക്കാറില്ല… ഇത് പൊതുവെ ജന്മാഷ്ടമി എന്ന് അറിയപ്പെടുന്നു…  

പക്ഷെ ആവണിമാസത്തിലെ കൃഷ്ണപക്ഷ രോഹിണി നക്ഷത്രം മാത്രമേ തെക്കന്‍ ഭാരതീയര്‍ ശ്രീ കൃഷ്ണ ഭഗവാന്റെ ജന്മദിനമായി കൊണ്ടാടാറുള്ളൂ… ഇത് അഷ്ടമിരോഹിണി അഥവാ ശ്രീകൃഷ്ണ ജയന്തി എന്ന് അറിയപ്പെടുന്നു… അഷ്ടമി തിഥിയും രോഹിണി നക്ഷത്രവും ഒരേ ദിവസം വരുന്നത് സാധാരണയല്ല എന്നത് ഏവര്‍ക്കും അറിയാവുന്നതാണ്…

പക്ഷെ ആവണിമാസത്തിലെ (ചിങ്ങത്തിലെ) കൃഷ്ണപക്ഷ അഷ്ടമി മിക്കവാറും രോഹിണി നക്ഷത്രത്തില്‍ വരാറുണ്ട്… അങ്ങനെ ചിങ്ങമാസത്തിലെ അഷ്ടമിരോഹിണി ദിവസം ശ്രീകൃഷ്ണ ജയന്തിയായയും ആഘോഷിക്കുന്നു…  

അപൂര്‍വ്വം ചില വര്‍ഷങ്ങളില്‍ ആവണി അവിട്ടം കഴിഞ്ഞ് ഉടന്‍ വരുന്ന കൃഷ്ണപക്ഷ അഷ്ടമി ദിവസം രോഹിണി നക്ഷത്രത്തില്‍ തന്നെ വരാറുണ്ട്

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക