കാലം കരുതിവച്ച കരുതല്‍ ശേഖരങ്ങളില്‍ മുഖ്യമാണ് ഭഗവാന് ശ്രീകൃഷ്ണനും, ആ വ്യക്തിത്വത്തിന്റെ ദര്‍ശനവും. നമ്മുടെ ജീവിതത്തിന്റെ ഓരോ അടരുകളിലും ഭഗവാന് ചൈതന്യമായി വര്‍ത്തിക്കുന്നു. കലയിലും, സംഗീതത്തിലും, സാഹിത്യത്തിലും, സര്‍വ്വജീവിത മണ്ഡലങ്ങളിലും നിറഞ്ഞ നിറക്കൂട്ടായതുകൊണ്ട് ശ്രീകൃഷ്ണന് നമ്മുടെ സര്‍വ്വസ്വവുമാണ്. ഈ ശ്രീകൃഷ്ണനാണ് ബാലഗോകുലത്തിന്റെ ആദര്‍ശപുരുഷന്‍. ബാലഗോകുലം ഒരന്വേഷണമാണ്. നമ്മുടെ അടിവേരുകളെ കുറിച്ചുള്ള ആത്മാര്‍ത്ഥമായ അന്വേഷണം. പ്രതിവാര ബാലഗോകുലമാണ് അതിന്റെ കളരി. കുട്ടികളാണ് അതിന്റെ ഉപാധി. മൂല്യങ്ങളുടെ വളര്‍ച്ചയും വികാസവുമാണ് അതിന്റെ ഉദ്ദേശ്യം. മൂല്യത്തിന്റെ പുനഃസ്ഥാപനം തന്നെയാണ് ധര്‍മ്മത്തിന്റെ പുനഃസ്ഥാപനം. ‘സ്വത്വം വീണ്ടെടുക്കാം സ്വധര്‍മ്മാചരണത്തിലൂടെ’ എന്ന ഗോകുല സന്ദേശം ഉയര്‍ത്തി ഇത്തവണത്തെ ജന്മാഷ്ടമി ആഘോഷിക്കാന്‍ ബാലഗോകുലം ആഹ്വാനം ചെയ്തിരിക്കുന്നതും നഷ്ടപ്പെട്ടതിനെ തിരിച്ചറിയുകയും തിരിച്ചെടുക്കുകയും ചെയ്യാം എന്ന ഉദ്ദേശ്യത്തിലാണ്.
ഒരു വര്‍ഷമായി രാജ്യം അമൃത മഹോത്സവം ആഘോഷിക്കുന്നതിന് നാം സാക്ഷ്യം വഹിക്കുന്നു. സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവ ലക്ഷ്യങ്ങളുടെ വ്യാപ്തി വര്‍ദ്ധിപ്പിക്കുന്നതിനായി ഓരോ ജില്ലയിലും, ഓരോ കോണിലും, ജനങ്ങള്‍ പരിപാടികള്‍ സംഘടിപ്പിച്ചു. ചരിത്രത്തിലാദ്യമായായിരിക്കാം ഇത്രയും വലുതും സമഗ്രവുമായ ഒരു ഉത്സവം ഒരൊറ്റ ലക്ഷ്യത്തിനായി ആഘോഷിക്കുന്നത്. ചിലകാരണങ്ങളാല്‍ ചരിത്രത്തില്‍ പരാമര്‍ശിക്കപ്പെടാത്തതോ വിസ്മരിക്കപ്പെട്ടതോ ആയ ആ മഹാന്മാരെ ഓര്‍ക്കാന്‍ ഇന്ത്യയുടെ ഓരോകോണിലും ശ്രമം നടന്നു. രാജ്യത്തിന്റെ എല്ലാ കോണുകളില്‍ നിന്നും അത്തരം എല്ലാ നായകന്മാരെയും മഹാന്മാരെയും നിസ്വാര്‍ത്ഥരും ധീരരുമായ മനുഷ്യരെയും രാഷ്ട്രം തേടുകയും അവരെ സ്മരിക്കുകയും ചെയ്തു. ‘അമൃതമഹോത്സവം’ നമ്മുടെ സ്വത്വം വീണ്ടെടുക്കാനുള്ള അവസരമാണ്.
ഏതാണ് ഈ സത്വം എന്ന കാര്യത്തില്‍ യാതൊരു സംശയവും വേണ്ടാ. അതുഭാരതത്തിന്റെ ദേശീയതയായ സനാതന ധര്‍മ്മം തന്നെയാണ്. മഹര്‍ഷി അരവിന്ദന് പറഞ്ഞ സനാതന ധര്‍മ്മം. സ്വാമി വിവേകാനന്ദന് പറഞ്ഞ ഹിന്ദുത്വം. അതു തന്നെയാണ് ഭാരതത്തിന്റെ സ്വത്വം. ഏതെങ്കിലുമൊരു രാഷ്ട്രീയ പ്രത്യയ ശാസ്ത്രത്തിനോ സോഷ്യലിസ്റ്റ് തത്വ ചിന്തകര്‍ക്കോ നമ്മെ ഒരുമിപ്പിക്കാന്‍ കഴിയില്ല. ഭാരതത്തിന്റെ വിശാലമായ സാംസ്കാരിക ദര്‍ശനത്തിനു മാത്രമേ, അതായത് ഹിന്ദുത്വത്തിനു മാത്രമേ എല്ലാത്തിനേയും- ഈ രാഷ്ട്രത്തെ ഒന്നാകെ -ഒരുമിപ്പിക്കാന്‍ കഴിയൂ. അതാണ് സ്വാതന്ത്ര്യ സമരത്തിന്റെ ചരിത്രം നമ്മെ പഠിപ്പിക്കുന്നത്.
സ്വാതന്ത്ര്യത്തിന്റെ സത്തയും സൗന്ദര്യവും ശരിയായി ധരിക്കാന്‍ ശ്രീകൃഷ്ണകഥ സഹായിക്കും. ജനിച്ചത് തടവറയില്‍. വളര്‍ന്നത് അജ്ഞാത കേന്ദ്രത്തില്‍. എന്നിട്ടും ആ ജീവിതം ലോകത്തിനു വെളിച്ചമായി. ഒരു സമാജത്തെ അധിനിവേശത്തില്‍നിന്ന് മോചിപ്പിച്ച് സ്വയംപര്യാപ്തരാക്കി. മഥുരയിലും ദ്വാരകയിലും ഇന്ദ്രപ്രസ്ഥത്തിലും സ്വാതന്ത്ര്യവും സ്വയംഭരണവും കൊണ്ടുവന്നു. സ്വധര്‍മ്മം അനുഷ്ഠിക്കുക എന്ന ദിവ്യമായ സന്ദേശം കൊണ്ട് സ്വാതന്ത്ര്യം എങ്ങനെ നിലനിര്‍ത്താം എന്നു കാട്ടിത്തന്നു. നമ്മുടെ സ്വാതന്ത്ര്യസമരത്തിനു രണ്ടു മുഖങ്ങളുണ്ട്. സായുധസമരവും നിരായുധ സമരവും. രണ്ടിന്റെയും ഊര്‍ജ്ജകേന്ദ്രം ഭഗവദ് ഗീതയായിരുന്നു. ലോകമാന്യ ബാലഗംഗാധര തിലകന്റെ ഗീതാരഹസ്യം, മഹാത്മാഗാന്ധിയുടെ അനാസക്തിയോഗം എന്നീ ഗ്രന്ഥങ്ങള്‍ അതിന്റെ തെളിവാണ്.
നമ്മുടെ പൈതൃകത്തിലും പാരമ്പര്യത്തിലും നാം അഭിമാനം കൊള്ളണം. കാരണം, ഈ പാരമ്പര്യമാണ് ഇന്ത്യയ്ക്ക് മുന്‍കാലങ്ങളില്‍ സുവര്‍ണ്ണകാലം സമ്മാനിച്ചത്. ഈ പാരമ്പര്യത്തിനാണ് കാലത്തിനനുസരിച്ച് സ്വയം രൂപാന്തരപ്പെടുത്താനുള്ള സഹജമായ ശേഷിയുള്ളത്. ഈ സമ്പന്നമായ പൈതൃകമാണ് വേലിയേറ്റത്തിന്റെയും കാലത്തിന്റെയും പരീക്ഷണങ്ങളെ മറികടക്കുന്നത്. അത് പുതിയതിനെ ആശ്ലേഷിക്കുന്നു. അതിനാല്‍ ഈ പൈതൃകത്തില്‍ നാം അഭിമാനിക്കണം. കരുത്തുറ്റ മൂല്യങ്ങളുടെയും, മനസ്സിലും ആത്മാവിലും ആഴത്തില്‍ പതിഞ്ഞിരിക്കുന്ന ചിന്തകളുടെ കരുത്തുമാണ് നമ്മുടെ സ്വത്വം. സ്വത്വം നഷ്ടപ്പെടുമ്പോള്‍ സ്വാതന്ത്ര്യം ഇല്ലാതാവുന്നു.
നമ്മെ നാമാക്കി നിലനിര്‍ത്തുന്ന തനിമയാണ് സ്വത്വം. അതു തന്നെ സംസ്കാരം. സംസ്കാരത്തിന്റെ അധിഷ്ഠാനം നാലു കാര്യങ്ങളാണ്. വേഷം, ഭാഷ, ഭക്ഷണം, പെരുമാറ്റം. ഭക്ഷണത്തിലും, വസ്ത്രധാരണത്തിലും, ജീവിതരീതിയിലും നാം സംസ്കാരത്തില്‍ നിന്ന് അന്യം നില്ക്കുന്നതായാണ് അനുഭവം. അടുത്ത് താമസിക്കുകയും അകന്ന് ജീവിക്കുകയും ചെയ്യുന്ന മനഃശാസ്ത്രത്തെ നമുക്ക് ഒഴിവാക്കാം. വേഷം ഇന്ന് അനുകരണങ്ങള്‍ക്കു വഴിമാറുന്നു. കാലാവസ്ഥയ്ക്കും ഭൂപ്രകൃതിക്കും പാരമ്പര്യത്തിനും യോജിച്ച ലളിതവും സുന്ദരവുമായ വേഷം. പ്രകൃതി സൗഹൃദമായ വേഷം. കേരളത്തനിമയുള്ള വേഷം. അതു വീണ്ടെടുക്കണം. യൂറോ ആഫ്രിക്കന്‍ അറബ് അനുകരണങ്ങളില്‍ നിന്ന് യുവതലമുറയുടെ അഭിരുചിയെ രാഷ്ട്രാനുകൂലമായി മാറ്റിയെടുക്കണം.
മാതൃഭാഷയാണ് ദേശീയബോധത്തിന്റെ അടിത്തറ. മാതൃഭാഷയെ തറവാട്ടമ്മ എന്നാണ് വള്ളത്തോള്‍ വിളിച്ചത്. ഏതു മറുനാട്ടിലാവുമ്പോഴും ഉള്ളില്‍ മാതൃഭാഷയുണ്ടാവണമെന്ന് അദ്ദേഹം എഴുതി. എന്നാല്‍ ഇന്ന് വേഷത്തിലെന്നപോലെ ഭാഷയിലും നമ്മള് വിദേശികളായിക്കൊണ്ടിരിക്കുന്നു. വിദേശമതങ്ങള്‍ വേരുപിടിച്ചു വളര്‍ന്ന കാലത്തും നമ്മുടെ പേരിന്റെ തനിമ ഒട്ടൊക്കെ നിലനിര്‍ത്താന്‍ ശ്രദ്ധിച്ചിരുന്നു. അന്നമ്മ, സാറാമ്മ, ഏലിയാമ്മ, ചാക്കോച്ചന്, തോമാച്ചന്, കുഞ്ഞുമുഹമ്മദ്, കുഞ്ഞാലി, മൊയ്തീന് കുട്ടി മുതലായ മലയാളപ്പേരുകള്‍ ഇന്നില്ല. പകരം യൂറോ അറബിക് പേരുകളാണ് പ്രചാരം. വീട്ടുപേരുകളും പോയ് മറഞ്ഞു. സ്വത്വം നഷ്ടപ്പെടുന്നതിന്റെ ലക്ഷണങ്ങളാണിവ.
തനതായ ഭക്ഷണ സംസ്കാരം നിലനിര്‍ത്തിയിരുന്ന നാടാണ് കേരളം. കാലാവസ്ഥയ്ക്കും ഭൂപ്രകൃതിക്കും ഇണങ്ങുന്ന രുചികരമായ നാടന്‍ വിഭവങ്ങള്‍ നമുക്കുണ്ട്. കായും കനിയും അരിയാഹാരങ്ങളും കിഴങ്ങു വിളകളും പാലും പാല് ഉല്പങ്ങളുമാണ് മലയാളിയുടെ പാരമ്പര്യ ഭക്ഷണം. ആവിയില്‍ പുഴുങ്ങിയും ചുട്ടെടുത്തും കഴിച്ചിരുന്ന ആരോഗ്യദായകങ്ങളായ നാട്ടുപലഹാരങ്ങള്‍ ഇന്ന് വിദേശ വിഭവങ്ങള്‍ക്ക് കീഴടങ്ങുന്നു. വഴിയോരക്കടകളില്‍ വൈദേശിക വിഭവങ്ങള്‍ ആധിപത്യ മുറപ്പിച്ചു കഴിഞ്ഞു. വിദേശപ്പേരുകളില്‍ വിവിധ രൂപങ്ങളിലെത്തുന്ന മാംസഭക്ഷണം നമ്മുടെ ആരോഗ്യത്തേയും സംസ്കാരത്തേയും ബാധിക്കുന്നു. കുട്ടികളാണ് ഇത്തരം കൃത്രിമ രുചിയുടെ കെണിയില്‍ വീണുപോകുന്നത്. കേരളീയ നാട്ടുഭക്ഷണ സംസ്കാരം അട്ടിമറിക്കപ്പെട്ടു. മാംസാധിഷ്ഠിതമായ അറബി ഭക്ഷണങ്ങളുടെ തുറന്ന വിപണിയായി കേരളം മാറി. ‘വാങ്ങുക, കഴിക്കുക, പുറത്തേക്കെറിയുക’ എന്ന വൃത്തികെട്ട ശീലത്തിന്റെ അടിമകളാണ് നമ്മള്. കണ്ണനു പ്രിയപ്പെട്ട പാലും വെണ്ണയും അവിലും പുതിയ ബാല്യത്തിനു പരിചയപ്പെടുത്തേണ്ടിയിരിക്കുന്നു.
മുതിര്‍ന്നവരെ എഴുന്നേറ്റുനിന്ന് ആദരിക്കുക, കൈകൂപ്പി നിന്ന് പ്രാര്‍ത്ഥന ചൊല്ലുക, ദീപം/വെളിച്ചം കണ്ട് വന്ദിക്കുക. ഉദയത്തിനു മുമ്പ് ഉണരുക, കുളിച്ചിട്ട് ഭക്ഷണം കഴിക്കുക, സന്ധ്യയ്ക്കു രാമനാമം ജപിക്കുക. രാമായണം വായിക്കുക, മലയാള മാസം ഒന്നാം തീയതി ശുദ്ധിയും വൃത്തിയും ഉറപ്പാക്കുക, അയല്‍ വീടുകളില്‍ ആഹാരം പങ്കുവയ്ക്കുക, പങ്കു ചേര്‍ന്ന് കൃഷി ചെയ്യുക തുടങ്ങി എത്രയോ നല്ല ശീലങ്ങള്‍/പെരുമാറ്റങ്ങള്‍ ഇന്ന് മറന്നു കഴിഞ്ഞു. തിരിച്ചറിവോടെ അവ തിരിച്ചെടുക്കേണ്ടിയിരിക്കുന്നു.
‘സ്വധര്‍മ്മേ നിധനം ശ്രേയ:
പരധര്‍മ്മോ ഭയാവഹ:’
ഈ ഗീതാവാക്യമാണ് നമ്മുടെ സ്വാതന്ത്ര്യത്തിന്റെ താക്കോല്‍. സ്വന്തം ധര്‍മ്മം അതായത് സ്വത്വം നിലനിര്‍ത്തി ജീവിക്കുന്നതാണ് സ്വാതന്ത്ര്യം. അതിനു വേണ്ടി മരിക്കുന്നതും ശ്രേഷ്ഠം. പരധര്‍മ്മങ്ങള്‍/അനുകരണങ്ങള്‍ അടിമത്തം കൊണ്ടുവരും. അത് അപകടമാണ്. ഭഗവാന് ശ്രീകൃഷ്ണന്റെ മഞ്ഞപ്പട്ടും മയില്‍പ്പീലിയും തൃക്കൈവെണ്ണയും തിരുനാമങ്ങളും സ്വത്വത്തിന്റെ ചിഹ്നങ്ങളാണ്. അടിമത്തത്തില്‍ നിന്ന് ആത്മനിര്ഭരതയിലേക്കു വളരാന്‍ ഈ അടയാളങ്ങള്‍ പ്രേരണയാകണം. അമൃതമഹോത്സവകാലത്തെ ജന്മാഷ്ടമി, സ്വത്വം വീണ്ടെടുക്കാനുള്ള പ്രതിജ്ഞയായി മാറണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: