തിരുവനന്തപുരം:പത്മശ്രീ ലഭിച്ച നിമിഷത്തിനുമപ്പുറമുള്ള സന്തോഷവും അഭിമാനവും തോന്നുകയാണെന്ന് സംസ്ഥാന കര്‍ഷക അവാര്‍ഡ് സ്വീകരിച്ചുകൊണ്ട് നടന് ജയറാം അഭിപ്രായപ്പെട്ടു. അഭിനയത്തോടൊപ്പം കൃഷി എന്നത് തീര്‍ത്തും സ്വകാര്യമായ പരിശ്രമമായിരുന്നു. ചെന്നൈയില്‍ താമസിക്കുമ്പോള്‍ 25 വര്‍ഷത്തിനു മുന്‍പ് തന്നെ നൂറുമേനി വിളവ് നേടാന്‍ കഴിഞ്ഞു. പെരുമ്പാവൂരിലെ കൂവപ്പടി ഗ്രാമത്തില്‍ എട്ടേക്കറുള്ള കുടുംബ സ്വത്തായി ലഭിച്ച ഭൂമിയിലാണ് ഇപ്പോള്‍ കൃഷി ചെയ്യുന്നത്. പ്രളയത്തില്‍ ഫാം മൊത്തമായി നശിച്ചിരുന്നു. കണ്ണുനീരോടെ അത് കാണേണ്ടിവന്ന അവസ്ഥ പറഞ്ഞറിയിക്കാന്‍ കഴിയുന്നതല്ല. ഉള്ളില്‍ യഥാര്‍ത്ഥമായ ഒരു കര്ഷകന് ഉണ്ട് എന്നുള്ളത് കൊണ്ടാണ് കുറഞ്ഞ സമയത്തിനുള്ളില്‍ വീണ്ടും ആ ഫാം പുനര്‍നിര്‍മിക്കാന്‍ കഴിഞ്ഞത്.
ഇവിടെ എത്തിച്ചേര്‍ന്നിരിക്കുന്ന കര്‍ഷകര്‍ക്ക് മുന്നില്‍ തന്റെ സംഭാവന വളരെ ചെറുതാണെന്ന് തിരിച്ചറിയുന്നുണ്ട്. എന്നാല്‍ ഈ അംഗീകാരം കൂടുതല്‍ പേര്‍ക്ക് കൃഷിയിലേക്ക് എത്തുന്നതിനുള്ള പ്രചോദനം ആകുന്നുവെങ്കില്‍ അതായിരിക്കും ഏറ്റവും കൂടുതല്‍ ചാരിതാര്‍ഥ്യം നല്‍കുന്നതെന്ന് ജയറാം പറഞ്ഞു. ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന് ജയറാമിനെ പൊന്നാട അണിയിച്ചു. വിവിധ വിഭാഗങ്ങളിലെ കര്‍ഷക അവാര്‍ഡുകള്‍ മുഖ്യമന്ത്രി സമ്മാനിച്ചു.
ഭക്ഷ്യ സ്വയം പര്യാപ്തതയിലേക്ക് സംസ്ഥാനത്തെ എത്തിക്കുന്നതിനായി എല്ലാ ശ്രേണിയിലുള്ളവരും കൃഷിയിലേക്ക് കടന്നുവരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു.
കാര്‍ഷിക സംസ്കൃതിയുമായി ബന്ധപ്പെട്ടിരിക്കുന്ന നാടായതിനാല്‍ കേരളത്തിന്റെ ആഘോഷങ്ങളും കൃഷിയുമായി ബന്ധപ്പെട്ടതാണ്. ഭക്ഷ്യ സ്വയം പര്യാപ്തത എന്ന നിലയിലേക്ക് സംസ്ഥാനം മാറണം. ധാന്യങ്ങളും പച്ചക്കറികളും പഴവര്‍ഗങ്ങളും നാണ്യ വിളകള്‍ ഉള്‍പ്പെടെയുള്ളവയുടെ ഉല്പാദനം വര്‍ദ്ധിപ്പിക്കാന്‍ കഴിയണം. കാര്‍ഷികോല്‍പ്പന്നങ്ങള്‍ ശേഖരിക്കുന്നതിനുള്ള സംവിധാനം സജ്ജമാക്കി കഴിഞ്ഞു. എന്നാല്‍ അവ കേടുകൂടാതെ മാര്‍ക്കറ്റുകളിലടക്കം എത്തിക്കുന്നതിന് ആവശ്യമായ ശീതീകരണ സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തുന്നനാവശ്യമായ നടപടി സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. നാല് അന്തര്‍ദ്ദേശീയ വിമാനത്താവളങ്ങളുള്ള കേരളം ഈ സാധ്യത ഉപയോഗപ്പെടുത്തി വിദേശരാജ്യങ്ങളിലടക്കം കാര്‍ഷികവിഭവങ്ങള്‍ കയറ്റുമതി ചെയ്യാന്‍ കഴിയുന്ന നിലയിലേക്ക് ഉയരുകയാണ് വേണ്ടത്. ഇതിനായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും കൃഷിവകുപ്പും കര്‍ഷകരും തോളോട് തോള് ചേര്‍ന്ന് പ്രവര്‍ത്തിക്കണം. കാര്‍ഷിക സഹകരണ സംഘങ്ങളുടെയും സഹകരണ ബാങ്കുകളുടെയും പിന്തുണ സര്‍ക്കാര്‍ ഉറപ്പാക്കിയിട്ടുണ്ട്. എല്ലാത്തരം കൃഷിയും സാധ്യമാകുന്ന മണ്ണാണ് കേരളത്തിന്റേതെന്ന് നമ്മുടെ കര്‍ഷകര്‍ തെളിയിച്ചു. യുവതലമുറ സജീവമായി കൃഷിയിലേക്കു കടന്നുവരുന്നതിന് വിദ്യാര്‍ത്ഥികളെ കൃഷിയുമായി ബന്ധിപ്പിക്കുവാന്‍ കഴിയണം. പിണറായി വിജയന് പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: