കൊച്ചി : ശമ്പളം കൊടുത്തിട്ട് തൊഴിലാളികളെ ചര്‍ച്ചയ്‌ക്ക് വിളിക്കൂവെന്ന് കെഎസ്ആര്‍ടിസി വിഷയത്തില്‍ കോര്‍പ്പറേഷനെതിരെ വിമര്‍ശനവുമായി ഹൈക്കോടതി. കെഎസ്ആര്‍ടിസിയുടെ ആസ്തികള്‍ ഉപയോഗപ്പെടുത്തിയെങ്കിലും തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കണമെന്നും കോടതി അറിയിച്ചു. ശമ്പളം ഉറപ്പാക്കണമെന്ന കെഎസ്ആര്‍ടിസി ജീവനക്കാരുടെ ഹര്‍ജി പരിഗണിക്കവേയാണ് ഹൈക്കോടതിയുടെ ഈ പ്രസ്താവന.
കെഎസ്ആര്‍ടിസിയിലെ 90% തൊഴിലാളികള്‍ക്കും ജൂലൈ മാസത്തെ ശമ്പളം ലഭിച്ചിട്ടില്ല. ജൂലൈ മാസത്തെ ശമ്പളം നല്‍കാനായി 10 ദിവസം കൂടി സാവകാശം വേണമെന്നാവശ്യപ്പെട്ട് ഇക്കഴിഞ്ഞ ബുധനാഴ്‌ച്ച കെഎസ്ആര്‍ടിസി സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. വാക്ക് നല്‍കിയത് പാലിക്കാത്തതില്‍ രൂക്ഷമായാണ് കോടതി പ്രതികരിച്ചത്.
കെഎസ്ആര്‍ടിസിയുടെ ഡ്യൂട്ടി പരിഷ്‌കരണത്തില്‍ കോടതി തീരുമാനമെടുക്കുമെന്ന് കേസ് പരിഗണിച്ച ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അറിയിച്ചു. ഹര്‍ജി ഈ മാസം 24 ന് വീണ്ടും പരിഗണിക്കും.
അതേസമയം ശമ്പള വിതരണം മുടങ്ങിയതുമായി ബന്ധപ്പെട്ട് കെഎസ്ആര്‍ടിസി തൊഴിലാളി യൂണിയനുകളുമായി തൊഴില്‍- ഗതാഗതമന്ത്രിമാര്‍ ഇന്ന് ചര്‍ച്ച നടത്തിയെങ്കിലും തീരുമാനമായില്ല. 12 മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടി നടപ്പാക്കുന്നതില്‍ യൂണിയനുകളുമായി സമവായത്തിലെത്താനായില്ല. 60 വര്‍ഷം മുന്‍പത്തെ നിയമം വെച്ച് സിംഗിള്‍ ഡ്യൂട്ടി സമ്പ്രദായം നടപ്പാക്കാന്‍ സമ്മതിക്കില്ലെന്നാണ് യൂണിയനുകള്‍ പറയുന്നത്. 8 മണിക്കൂര്‍ കഴിഞ്ഞു ബാക്കി സമയം ഓവര്‍ടൈമായി കണക്കാക്കി വേതനം നല്‍കണമെന്ന നിര്‍ദേശത്തിലും തീരുമാനമായില്ല. നാളെ വീണ്ടും ചര്‍ച്ച നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: