കൊച്ചി: കശ്മീര്‍ വിഷയത്തില്‍ രാജ്യവിരുദ്ധ പരാമര്‍ശം നടത്തിയ മുന്‍മന്ത്രി കെ.ടി. ജലീലിനെതിരെ കേസെടുക്കണമെന്ന് ആവശ്യമുയര്‍ത്തി ക്രിസ്ത്യന്‍ അസോസിയേഷന് ആന്റ് അലയന്‍സ് ഫോര്‍ സോഷ്യല്‍ ആക്ഷന്‍ (കാസ) പൊലീസില്‍ പരാതി നല്കി. കാസയുടെ പ്രസിഡന്റ് കെവിന് പീറ്ററാണ് എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.
കശ്മീര്‍ സന്ദര്‍ശനത്തിനിടെ സമൂഹമാധ്യമത്തില്‍ എഴുതിയ കെ.ടി. ജലീലിന്റെ ആസാദി കശ്മീര്‍ പ്രയോഗം വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയിരിക്കുകയാണ്. രാജ്യദ്രോഹപരമായ പ്രസ്താവനയാണ് ജലീല്‍ നടത്തിയതെന്ന് പരക്കെ ആക്ഷേപം ഉയരുകയാണ്. ദല്‍ഹിയിലും ജലീലിനെതിരെ പൊലീസ് സ്റ്റേഷനില്‍ പരാതിയുണ്ട്. രാജ്യദ്രോഹത്തിന് കേസെടുക്കണമെന്നാണ് ആവശ്യമാണ് ഉയരുന്നത്.
ഇന്ത്യന്‍ ഭരണഘടനയെ അവഹേളിക്കുന്നതാണ് കെ.ടി. ജലീല്‍ സമൂഹമാധ്യമത്തില്‍ പ്രസിദ്ധീകരിച്ച ലേഖനമെന്ന് ചൂണ്ടിക്കാട്ടി കാസ നല്കിയ പരാതി പൊലീസ് സ്വീകരിച്ചു. ഇതിന്റെ നിയമവശങ്ങള്‍ പഠിച്ച് തുടര്‍നടപടികള്‍ ഉണ്ടാകുമെന്ന് പൊലീസ് അറിയിച്ചു. പരാതിയില്‍ കേസെടുത്തില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് കെവിന് പീറ്റര്‍ പറഞ്ഞു. ബിജെപി ജലീലിനെതിരായ പ്രതികരണം ശക്തമാക്കിയിരിക്കുകയാണ്. ഇതുവരെ ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് പ്രതികരിച്ചിട്ടില്ല. സിപിഎമ്മില്‍ അതൃപ്തിയുണ്ടെന്ന് പറയുന്നെങ്കിലും പരസ്യപ്രസ്താവന വന്നിട്ടില്ല. അതിനിടെ ആഗസ്ത് 15ന് ഡിവൈ എഫ് ഐയുടെ ഫ്രീഡം സ്ട്രീറ്റില്‍ ജലീല്‍ നടത്തിയ പ്രസംഗത്തിലും താന്‍ മരിച്ചുവീണാലും മാപ്പ് പറയില്ലെന്ന് പ്രസ്താവിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: