കൊല്ലം: ‘സ്വത്വം വീണ്ടെടുക്കാം സ്വധര്‍മാചരണത്തിലൂടെ’ എന്ന സന്ദേശവുമായി ബാലഗോകുലം ശ്രീകൃഷ്ണജയന്തിദിനമായ നാളെ ജില്ലയില്‍ 400 കേന്ദ്രങ്ങളില്‍ ശോഭായാത്രകള്‍ സംഘടിപ്പിക്കും. വൈകിട്ട് നാലുമുതലാകും ശോഭായാത്രകള്‍. കൊല്ലം ടൗണ്‍, ശക്തികുളങ്ങര, ചാത്തന്നൂര്‍, പാരിപ്പള്ളി, കുണ്ടറ, കൊട്ടാരക്കര, അഞ്ചല്‍, ചടയമംഗലം, പുനലൂര്‍, കരുനാഗപ്പള്ളി എന്നീ സ്ഥലങ്ങളില്‍ മഹാശോഭായാത്രകളാണ് നടക്കുന്നത്. വിവിധ ശോഭായാത്രകളിലെ പരിപാടികളില്‍ ബാലഗോകുലം സംസ്ഥാന മേഖലാ ജില്ലാ ഭാരവാഹികളും പ്രമുഖവ്യക്തികളും പങ്കെടുക്കും.
കൃഷ്ണഭക്തിയും സാമാജിക ശക്തിയും ഒരേപോലെ ദൃശ്യമാകുന്ന തരത്തിലാകും ആഘോഷങ്ങള്‍ സംഘടിപ്പിക്കുക. ശ്രീകൃഷ്ണന്റെ ജനനം മുതല്‍ സ്വര്‍ഗ്ഗാരോഹണം വരെയുള്ള വിവിധ ഘട്ടങ്ങളിലെ നിശ്ചല ദൃശ്യങ്ങളും, ഭജന സംഘങ്ങളും, ഗോപികാ നൃത്തവും, ഉറിയടിയും, ചെണ്ടമേളവും, പഞ്ചവാദ്യവും, ശോഭായാത്രയ്‌ക്ക് മിഴിവേകും. രണ്ട് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം നടക്കുന്ന ശോഭായാത്രകളില്‍ കൃഷ്ണ രാധാ വേഷങ്ങളില്‍ വന്‍വര്‍ധനവാണ് പ്രതീക്ഷിക്കുന്നത്. ജില്ലാ സ്വാഗത സംഘം ഭാരവാഹികളായ എന്‍.എസ്. ഗിരീഷ് ബാബു, ഡോ. വി. ശശിധരന്‍പിള്ള, എസ്. വാരിജാക്ഷന്‍, ജി. സുരേഷ്ബാബു എന്നിവര്‍ വിവിധ കേന്ദ്രങ്ങളില്‍ പങ്കെടുക്കും.
ശ്രീകൃഷ്ണ ചൈതന്യത്തെ ആദര്‍ശമാക്കി പ്രവര്‍ത്തിക്കുന്ന ബാലഗോകുലം നിര്‍മ്മലവും നിഷ്‌കളങ്കവുമായ ബാല്യങ്ങള്‍ക്ക് അഭയസ്ഥാനമാണ്. പതാകദിനമായ 14ന് 1500 സ്ഥലങ്ങളില്‍ പതാക ഉയര്‍ത്തിയിരുന്നു. താലൂക്ക് കേന്ദ്രങ്ങളില്‍ സാംസ്‌കാരിക സമ്മേളനങ്ങള്‍, ഗോമാതാ പൂജ, കലാമത്സരങ്ങള്‍, കവിയരങ്ങ്, ഉറിയടി, സമുദ്രപൂജ, കണ്ണനൂട്ട്, ഗോപികാനൃത്തം തുടങ്ങിയ വിപുലമായ പരിപാടികളാണ് ജന്മാഷ്ടമി ആഘോഷസമിതിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: