ന്യൂദല്‍ഹി: ഭാരതം സ്വത്വബോധം വീണ്ടെടുത്തിരിക്കുകയാണെന്നും ഇനി പിന്നോട്ടില്ലെന്നും പ്രജ്ഞാപ്രവാഹ് അഖില ഭാരതീയ സംയോജകന്‍ ജെ. നന്ദകുമാര്‍. അടല്‍ ആദര്‍ശ് വിദ്യാലയത്തില്‍ ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ആര്‍എസ്എസ് ദല്‍ഹി – കേരള പ്രാദേശിക് സമൂഹം സംഘടിപ്പിച്ച സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഭാരതം അതിന്റെ സ്വത്വബോധം വീണ്ടെടുത്തതിന്റെ തെളിവാണ് ഇപ്പോള്‍ രാജ്യമെങ്ങും കാണുന്നത്. ഭാരത് മാതാ കീ ജയ് വിളികളും വന്ദേമാതരവും വീണ്ടും ഭാരതത്തിലെമ്പാടും മുഴങ്ങുന്നു. ഹര്‍ ഘര്‍ തിരംഗ ഭാരതം മുഴുവന്‍ ആവേശപൂര്‍വം ഏറ്റെടുത്തതോടെ ത്രിവര്‍ണപതാക എങ്ങും നിറഞ്ഞു. ദേശീയ വിദ്യാഭ്യാസ നയത്തിലൂടെ ഭാരതത്തിന്റേതായ വിദ്യാഭ്യാസ നയം നടപ്പാക്കുന്നു. ആത്മനിര്‍ഭരത സ്വപ്‌നം കാണുന്നു. ലോകം മുഴുവന്‍ ഇപ്പോള്‍ ഭാരതത്തെ ഉറ്റുനോക്കുന്നു. 2047 ആകുമ്പോള്‍ സ്വാതന്ത്ര്യത്തിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ ഭാരതം ലോകത്തെ നയിക്കുന്ന കാഴ്ച നമുക്ക് കാണാനാകും. വരാനിരിക്കുന്ന 25 വര്‍ഷത്തില്‍ ഒരോരുത്തരും അവരുടേതായ പങ്ക് നിര്‍വ്വഹിക്കണം. രാജ്യത്തെ വൈഭവത്തിലേക്ക് നയിക്കേണ്ടത് ഓരോ പൗരന്റെയും കടമയാണ്.
വളച്ചൊടിച്ച ചരിത്രമല്ല, യഥാര്‍ത്ഥ ചരിത്ര പഠിക്കണം. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തെക്കുറിച്ച് കൂടുതല്‍ അറിയാനും പഠിക്കാനും ഉചിതമായ സമയമാണിത്. 1857ലെ സ്വാതന്ത്ര്യസമരത്തെ ഒന്നാം സ്വാതന്ത്ര്യസമരമെന്നാണ് പഠിപ്പിച്ചത്. എന്നാല്‍ അതിനുമുമ്പ് നടന്ന പഴശ്ശി യുദ്ധങ്ങളും കുണ്ടറ വിളംബരവുമെല്ലാം ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തിലെ അവിസ്മരണീയ ഏടുകളായിരുന്നുവെന്ന് പുതിയ തലമുറ പഠിക്കണം. ഇത്തരത്തില്‍ ഭാരതത്തിലാകമാനം നടന്ന പോരാട്ടങ്ങളിലെ അറിയപ്പെടാത്ത വീരന്മാരെ ആസാദി കാ അമൃത് മഹോത്സവത്തിലൂടെ നാടിന് പരിചയപ്പെടുത്തിയെന്നും അവരെ കുറിച്ച് പുതുതലമുറ കൂടുതല്‍ പഠിക്കണമെന്നും ജെ. നന്ദകുമാര്‍ കൂട്ടിച്ചേര്‍ത്തു.
നാം അനുഭവിക്കുന്ന സ്വാതന്ത്ര്യം എങ്ങനെ ലഭിച്ചു എന്ന് ഓരോരുത്തരും പഠിക്കണമെന്ന് അനുഗ്രഹ പ്രഭാഷണം നടത്തിയ കൊച്ചി മാതാ അമൃതാനന്ദമയി മഠത്തിലെ സ്വാമി അനഘാമൃതാനന്ദപുരി അഭിപ്രായപ്പെട്ടു. ജനസേവ ന്യാസ് ട്രസ്റ്റ് അധ്യക്ഷന്‍ സുഭാഷ് സുനേന അധ്യക്ഷനായി. ആര്‍എസ്എസ് ദല്‍ഹി സഹ പ്രാന്തപ്രചാരക് വിശാല്‍, ഗൗതം അനന്തനാരായണന്‍, സുരേഷ് എന്നിവര്‍ സംസാരിച്ചു. രക്ഷാബന്ധന്‍ മഹോത്സവം, കലാസാംസ്‌കാരിക പരിപാടികള്‍ എന്നിവയുമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: