തിരുവനന്തപുരം : ഓണ്‍ലൈന്‍ അപേക്ഷയില്‍ കമ്പ്യൂട്ടര്‍ സോഫ്ട്‌വെയര്‍ അടയാളപ്പെടുത്തിയ അക്കങ്ങളാണ് ഇപ്പോള്‍ റിസര്‍ച്ച് സ്‌കോര്‍ എന്ന രീതിയില്‍ പ്രചരിക്കുന്നതെന്ന് കണ്ണൂര്‍ സര്‍വകലാശാല അസോസിയേറ്റ് പ്രൊഫസര്‍ നിയമന വിവാദത്തില്‍ പ്രതികരണവുമായി പ്രിയ വര്‍ഗീസ്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യയ്‌ക്കായി നിയമ വിരുദ്ധ ഇടപെടപെടലുകള്‍ നടത്തിയെന്ന ആരോപണങ്ങള്‍ ഉയരുന്നതിനിടെയാണ് പ്രിയ മറുപടി നല്‍കിയിരിക്കുന്നത്. ഫേസബുക്കിലൂടെയാണ് ഈ പ്രതികരണം.
വിവരാവകാശ രേഖമൂലം പുറത്തുവന്ന റിസര്‍ച്ച് സ്‌കോര്‍ കമ്പ്യൂട്ടര്‍ ജനറേറ്റഡ് ആണെന്ന് പ്രിയ അറിയിച്ചു. കോവിഡ് കാലമായിരുന്നതുകൊണ്ട് അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയിലേക്ക് അപേക്ഷ നല്‍കിയത് ഓണ്‍ലൈന്‍ ആയിട്ടായിരുന്നു. ഈ ഓണ്‍ലൈന്‍ ഡാറ്റാ ഷീറ്റിലെ ഓരോ കോളത്തിലും നമ്മള്‍ ടൈപ്പ് ചെയ്തു കൊടുക്കുന്ന മുറയ്‌ക്ക് സ്‌കോര്‍ കോളത്തില്‍ തത്തുല്യമായ അക്കം ഓട്ടോ ജനറേറ്റ് ആവും. അങ്ങിനെ അപേക്ഷ പൂരിപ്പിച്ചു കഴിയുമ്പോള്‍ നമ്മുടെ ആകെ സ്‌കോറും ഓട്ടോ ജനറേറ്റ് ആയി വരും. ഇങ്ങിനെ ഓണ്‍ലൈന്‍ അപേക്ഷയില്‍ കമ്പ്യൂട്ടര്‍ സോഫ്ട്‌വെയര്‍ അടയാളപ്പെടുത്തിയ അക്കങ്ങള്‍ ആണ് ഇപ്പോള്‍ ഈ പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കുന്നതെന്ന് പ്രിയ അറിയിച്ചു.
ഓണ്‍ലൈന്‍ അപേക്ഷകളില്‍ കമ്പ്യൂട്ടറില്‍ വരുന്ന ഓട്ടോ ജനറേറ്റഡ് മാര്‍ക്കുകളാണ് ഇവ. സര്‍വ്വകലാശാല അത് മുഴുവന്‍ പരിശോധിച്ചു വകവെച്ചു തന്നിട്ടുള്ളതല്ലെന്നും പ്രിയാ വര്‍ഗീസ് പറയുന്നു.
വിഷയത്തില്‍ സര്‍വ്വകലാശാല നേരിട്ടുള്ള ഒരു തെളിവെടുപ്പ് നടത്തിയിട്ടില്ല. സാധാരണ ഇന്റര്‍വ്യൂ ദിവസമാണ് ഇതു നടത്താറുള്ളത്. ഇന്റര്‍വ്യൂ ഓണ്‍ലൈന്‍ ആയിരുന്നതുകൊണ്ട് അന്നും അത് നടന്നില്ല. അതായത് എന്റെ 156-ഉം അപരന്റെ 651-ഉം എല്ലാം അവകാശവാദങ്ങള്‍ മാത്രമാണ്. സര്‍വ്വകലാശാല അത് മുഴുവന്‍ പരിശോധിച്ചു വകവെച്ചു തന്നിട്ടുള്ളതല്ലെന്നും പ്രിയയുടെ ഫേ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നുണ്ട്്.
അസോസിയേറ്റ് പ്രൊഫസര്‍ റാങ്ക് പട്ടികയില്‍ ഒന്നാമതെത്തിയ പ്രിയ റിസര്‍ച്ച് സ്‌കോറില്‍ ഏറെ പിറകിലാണെന്ന് ചൂണ്ടിക്കാട്ടിയുള്ള വിവരാവകാശ രേഖകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. രാഷ്‌ട്രീയസ്വാധീനം ഉപയോഗിച്ച് റാങ്ക് അട്ടിമറിച്ചതാണെന്ന ആരോപണം ശക്തമായതോടെയാണ് പ്രിയ ഇപ്പോള്‍ ഇതിന് മറുപടിയുമായി രംഗത്ത് എത്തിയിരിക്കുന്നത്. മാനദണ്ഡങ്ങള്‍ മറികടന്നാണ് നിയമനമെന്നുപറഞ്ഞ് വിവരാവകാശ രേഖകള്‍ സേവ് യൂണിവേഴ്സിറ്റി കാമ്പയിന്‍ കമ്മിറ്റി ഭാരവാഹികള്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് സമര്‍പ്പിക്കുകയും ചെയ്തിരുന്നു. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യയായ പ്രിയക്ക് ഒന്നാംറാങ്ക് നല്‍കാന്‍ വൈസ് ചാന്‍സലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രന്റെ അധ്യക്ഷതയിലുള്ള സെലക്ഷന്‍ കമ്മിറ്റി മുന്‍വിധിയോടെയാണ് ഇന്റര്‍വ്യൂ നടത്തിയതെന്നാണ് സേവ് യൂണിവേഴ്സിറ്റി ഫോറം പരാതിയില്‍ പറയുന്നത്. ഇത് സംബന്ധിച്ച് മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളെയടക്കം വിമര്‍ശിച്ചുകൊണ്ടാണ് പ്രിയാ വര്‍ഗീസ് വിശദീകരണവുമായി രംഗത്തെത്തിയിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: