മുംബൈ: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്മാന് മുകേഷ് അംബാനിയെയും കുടുംബത്തെയും അപായപ്പെടുത്തുമെന്ന് അജ്ഞാതന്റെ ഭീഷണി ഫോണ്‍ കോള്‍. മുംബൈയിലെ റിലയന്‍സ് ഫൗണ്ടേഷന് ആശുപത്രിയിലാണ് ഫോണ്‍ വിളി എത്തിയത്.
മുകേഷ് അംബാനിയെയും കുടുംബത്തെയും അപായപ്പെടുത്തുമെന്നാണ് റിലയന്‍സ് ഫൗണ്ടേഷന് ആശുപത്രിയില്‍ രാവിലെ 10.30ക്ക് വന്ന ഫോണ്‍ കോളില്‍ അജ്ഞാതന്‍ പറഞ്ഞത്. താന്‍ ഒരു തീവ്രവാദിയാണെന്നും, മുകേഷ് അംബാനിയെയും കുടുംബത്തെയും കാണിച്ചുകൊടുക്കുമെന്നും ഇയാള്‍ പറഞ്ഞു. മുകേഷ് അംബാനി മുംബൈയിലെ ഭീകരവിരുദ്ധസേനയെയും എന്‍ഐഎയെയും ദുരുപയോഗം ചെയ്യുന്നെന്നും ഇയാള്‍ പറഞ്ഞു. അതുകൊണ്ടുതന്നെ ഭീകരവിരുദ്ധസേനയെയും എന്‍ഐഎയെയും താന്‍ കാണിച്ചുകൊടുക്കാമെന്നും വിളിച്ചയാള്‍ പറഞ്ഞു.
ഇതുസംബന്ധിച്ച് ഡിബി മാര്‍ഗ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. ഭീഷണി ഫോണ്‍ സന്ദേശം എത്തിയതോടെ മുകേഷ് അംബാനിക്കും കുടുംബത്തിനുമുള്ള സുരക്ഷ വര്‍ദ്ധിപ്പിക്കുമെന്ന് മുംബൈ പോലീസ് വ്യക്തമാക്കി. ഇതിന്റെ ഭാഗമായി അംബാനിയുടെ വസതിയായ ആന്റിലിയയുടെ സുരക്ഷ വര്‍ദ്ധിപ്പിക്കാന്‍ നടപടി തുടങ്ങി. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ച് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യതു.
സംഭവത്തില്‍ മുംബൈയിലെ ദഹിസര്‍ പ്രദേശത്ത് നിന്ന് പോലീസ് ഒരാളെ അറസ്റ്റ് ചെയ്തതായും റിപ്പോര്‍ട്ടുണ്ട്. കഴിഞ്ഞ വര്‍ഷവും മുകേഷ് അംബാനിയുടെ മുംബൈയിലെ വസതിക്ക് മുന്നില്‍ നിന്ന് സ്ഫോടക ശേഷിയുള്ള 20 ജലാറ്റിന്‍ സ്റ്റിക്കുകളും ഭീഷണിക്കത്തും അടങ്ങിയ സ്കോര്‍പിയോ കാറും പോലീസ് പിടിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: