ന്യൂദല്‍ഹി: പ്രമുഖ ഓഹരി നിക്ഷേപകനായ രാകേഷ് ജുന്‍ജുന്‍വാലയുടെ നിര്യാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി. രാകേഷ് ജുന്‍ജുന്‍വാല അജയ്യനായിരുന്നു. നര്‍മ്മബോധവും, ചുറുചുറുക്കും, ഉള്‍ക്കാഴ്ചയുമുള്ള അദ്ദേഹം സാമ്പത്തിക ലോകത്തിന് മായാത്ത സംഭാവനകള്‍ അവശേഷിപ്പിച്ചിട്ടാണ് വിട വാങ്ങിയത്. ഇന്ത്യയുടെ പുരോഗതിയിലും അദ്ദേഹം വളരെ ആവേശഭരിതനായിരുന്നു. അദ്ദേഹത്തിന്റെ വിയോഗം ദുഃഖകരമാണെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
ഓഹരിവിപണിയിലെ അതികായനും ശതകോടീശ്വരനും ആകാശ എയറിന്റെ ഉടമയുമാണ് രാകേഷ് ജുന്‍ജുന്‍വാല. ഇന്ന് രാവിലെ മുംബൈയില്‍ വച്ചായിരുന്നു അന്ത്യം. വൃക്ക സംബന്ധമായ രോഗത്തിനുള്‍പ്പെടെ അദ്ദേഹം ചികിത്സയിലായിരുന്നു. ‘ഇന്ത്യയുടെ വാറന്‍ ബഫറ്റ്’ എന്നറിയപ്പെടുന്ന ജുന്‍ജുന്‍വാലയുടെ ആസ്തി ഏറ്റവും ഒടുവില്‍ പുറത്തുവന്ന ഫോബ്സ് പട്ടിക പ്രകാരം 5.8 ബില്യന്‍ ഡോളറാണ്.
രാകേഷ് ജുന്‍ജുന്‍വാലയുടെ ഉടമസ്ഥതയിലുള്ള ആകാശ എയര്‍ സര്‍വീസ് ആരംഭിച്ചത് ഈ മാസമാണ്. ചെലവു കുറഞ്ഞ വിമാനക്കമ്പനി എന്ന ശ്രദ്ധനേടിയ ആകാശിന്റെ ആദ്യ സര്‍വീസ് മുംബൈയില്‍നിന്നും അഹമ്മദാബാദിലേക്കായിരുന്നു. ഇന്‍ഗിഡോ എയര്‍ലൈന്‍സിന്റെ മുന്‍ സിഇഒ ആയ ആദിത്യ ഘോഷും ജെറ്റ് എയര്‍വേയ്സിന്റെ മുന്‍ സിഇഒ വിനയ് ദുബെയുമാണ് ജുന്‍ജുന്‍വാലയോടൊപ്പം ആകാശ എയര്‍ലൈന്‍സിന്റെ അമരത്തുണ്ടായിരുന്നത്. ഇതിനിടെയാണ് രാകേഷ് ജുന്‍ജുന്‍വാലയുടെ നിര്യാണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: