ഇസ്ലാമബാദ്: അമേരിക്കയുടെ സമ്മര്‍ദ്ദത്തെ അതിജീവിച്ച് റഷ്യയില്‍ നിന്നും വിലക്കുറവിന് കിട്ടുന്ന അസംസ്കൃത എണ്ണ ഇന്ത്യ വാങ്ങുന്നതില്‍ തെറ്റില്ലെന്ന് ധീരതയോടെ വാദിക്കുകയും അനുകൂലസമ്മതം വാങ്ങിയെടുക്കുകയും ചെയ്ത ഇന്ത്യയുടെ വിദേശകാര്യമന്ത്രി ജയശങ്കറിന്റെ മിടുക്കിനെ അഭിനന്ദിച്ച് മുന്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍. ലാഹോര്‍ റാലിയില്‍ തന്റെ അനുയായികളെ അഭിസംബോധന ചെയ്ത് സംസാരിക്കവേ ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്. ജയശങ്കറിന്റെ വീഡിയോ ക്ലിപ്പ് കാണിച്ച് കൊണ്ടാണ് ഇമ്രാന്‍ഖാന്‍ ജയശങ്കറിന്റെ മിടുക്കിനെ അഭിനന്ദിച്ചത്. അതേ സമയം അതിനുള്ള ധൈര്യം കാണിക്കാത്ത പാകിസ്ഥാന്‍ വിദേശകാര്യമന്ത്രിയെ ഇമ്രാന്‍ഖാന്‍ കഠിനമായി വിമര്‍ശിക്കുകയും ചെയ്തു. രണ്ട് വിദേശകാര്യമന്ത്രിമാരുടെ രണ്ട് തരം സമീപനത്തെ അനുയായികള്‍ക്ക് മുന്‍പില്‍ തുറന്നുകാട്ടുകയായിരുന്നു ഇമ്രാന്‍ഖാന്‍.
റഷ്യയുടെ കയ്യില്‍ നിന്നും എണ്ണ വാങ്ങുന്നതിനെ അമേരിക്ക ഉള്‍പ്പെടെയുള്ള പാശ്ചാത്യരാഷ്‌ട്രങ്ങള്‍ നഖശിഖാന്തം എതിര്‍ത്തിരുന്നു. എന്നാല്‍ ഇവരുടെ വാദമുഖങ്ങളെ മുഴുവന്‍ പ്രതിവാദങ്ങളുയര്‍ത്തി ജയശങ്കര്‍ തോല്‍പിക്കുകയും റഷ്യയില്‍ നിന്നും കുറഞ്ഞ വിലയ്‌ക്ക് കിട്ടുന്ന എണ്ണ ഇന്ത്യയ്‌ക്ക് വാങ്ങാനുള്ള സമ്മതം തേടിയെടുക്കുകയുമായിരുന്നു.
2022 ജൂണില്‍ സ്ലൊവാക്യയില്‍ നടന്ന ബ്രാറ്റിസ്ലാവ സമ്മേളനമായ ഗ്ലോബ്സെക് 2022ല്‍ വിദേശകാര്യമന്ത്രി ജയശങ്കര്‍ യുഎസിന്റെ വാദങ്ങളെ പൊളിച്ച് നടത്തിയ വിശദീകരണത്തിന്റെ വീഡിയോ ആണ് ഇമ്രാന്‍ഖാന്‍ കാണിച്ചത്. എണ്ണ വില്‍ക്കുമ്പോള്‍ റഷ്യയ്‌ക്ക് കിട്ടുന്ന പണം അവര്‍ ഉക്രൈന്‍ യുദ്ധത്തിന് ഉപയോഗിക്കില്ലേ എന്ന പാശ്ചാത്യരാഷ്‌ട്രങ്ങളുടെ ചോദ്യത്തിന് ജയശങ്കര്‍ നല്‍കിയ മറുപടി ഇതായിരുന്നു:”ഇന്ത്യ റഷ്യയുടെ എണ്ണ വാങ്ങുമ്പോള്‍ നല്‍കുന്ന തുക മാത്രമാണോ റഷ്യ യുദ്ധത്തിന് ഉപയോഗിക്കുക? യൂറോപ്പ് റഷ്യയില്‍ നിന്നും ഗ്യാസ് വാങ്ങുമ്പോള്‍ നല്‍കുന്ന തുകയും യുദ്ധത്തിന് ഉപയോഗിക്കില്ലേ? ഇന്ത്യയുടെ തുക മാത്രമാണോ റഷ്യ യുദ്ധത്തിന് ഉപയോഗിക്കുക? യൂറോപ്പിന്‍റേതും ഉപയോഗിക്കില്ലേ? ഇക്കാര്യത്തില്‍ നമുക്ക് തുല്ല്യപരിഗണന നല്‍കിക്കൂടേ?” ജയശങ്കറിന്റെ ഈ ചോദ്യത്തിന് മുന്‍പില്‍ അമേരിക്ക ഉള്‍പ്പെടെയുള്ള പാശ്ചാത്യ ശക്തികള്‍ക്ക് മറുപടി ഇല്ലായിരുന്നു.
ഈ മറുപടിയില്‍ പാശ്ചാത്യരാഷ്‌ട്രങ്ങളുടെ ഇന്ത്യയ്‌ക്കെതിരായ കുറ്റപ്പെടുത്തലിന്റെ മുനയൊടിക്കുക മാത്രമല്ല, ഉക്രൈന്‍ യുദ്ധത്തില്‍ ഇന്ത്യയെപ്പോലുള്ള വികസ്വര രാഷ്‌ട്രങ്ങള്‍ അനുഭവിക്കുന്ന പ്രതിസന്ധിയും ജയശങ്കര്‍ പൊളിച്ച് കാട്ടുന്നു. ഈ വീഡിയോ തന്റെ അനുയായികള്‍ക്ക് കാണിച്ച് കൊടുത്ത്കൊണ്ട് ഇമ്രാന്‍ പറഞ്ഞു:”രണ്ട് രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരെ (ഇന്ത്യയിലെയും പാകിസ്ഥാനിലെയും) തുറന്നു കാണിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ആദ്യത്തേത് ഇന്ത്യയുടെ വിദേശകാര്യമന്ത്രി ജയശങ്കര്‍. അദ്ദേഹത്തോട് റഷ്യയുടെ എണ്ണ വാങ്ങരുതെന്ന് യുഎസ് താക്കീത് ചെയ്തു. ഇന്ത്യ യുഎസിന്റെ തന്ത്രപ്രധാന പങ്കാളി കൂടിയാണ്. പക്ഷെ ഉള്ളകാര്യം മുഖത്ത് നോക്കി പറയാന്‍ ഇന്ത്യയുടെ വിദേശകാര്യമന്ത്രി മടിച്ചില്ല. തങ്ങള്‍ ആഗ്രഹിക്കുന്ന ഇടത്തില്‍ നിന്നും എണ്ണ വാങ്ങുന്നത് തുടരും എന്ന് പറയാന്‍ അദ്ദേഹം മടികാട്ടിയില്ല. ഒരു സ്വതന്ത്രരാജ്യത്തിന്റെ (ഇന്ത്യ) ഉദാഹരണമാണിത്”- ജയശങ്കറിനെ പുകഴ്‌ത്തിക്കൊണ്ട് ഇമ്രാന്‍ഖാന്‍ പറഞ്ഞു.
പാകിസ്ഥാന്‍ സര്‍ക്കാരിനെയും പാക് വിദേശകാര്യമന്ത്രിയെയും വിമര്‍ശിച്ചുകൊണ്ട് ഇമ്രാന്‍ പറഞ്ഞു:”ഇവിടുത്തേത് ഇറക്കുമതി ചെയ്ത സര്‍ക്കാരാണ്. അവര്‍ക്ക് റഷ്യയുടെ കയ്യില്‍ നിന്നും വിലക്കുറവുള്ള എണ്ണ വാങ്ങാന്‍ ധൈര്യമില്ല. ഇന്ന് പെട്രോളിന്റെയും ഡീസലിന്റെയും വില ആകാശം മുട്ടിയിരിക്കുന്നു”. ഇന്ത്യയില്‍ എണ്ണ വില ഉയരാതെ നില്‍ക്കുമ്പോള്‍ പാകിസ്ഥാനിലെ കുതിച്ചുയരുന്ന എണ്ണവിലയിലെ വര്‍ധനയെ ചൂണ്ടിക്കാണിച്ചാണ് ഇമ്രാന്‍ഖാന്റെ വിമര്‍ശനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: